കുറ്റ്യാടിയില്‍ മത്സരം കടുക്കുന്നു; ആത്മവിശ്വാസത്തില്‍ എല്‍.ഡി.എഫ്
പ്രചരണരംഗത്ത് വൈകിയാണ് ഇറങ്ങിയതെങ്കിലും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്
കേരളാ കോണ്‍ഗ്രസ് എമ്മില്‍ നിന്നും സി.പി.എം ഏറ്റെടുത്തതോടെ മത്സരം കടുക്കുകയാണ് കുറ്റ്യാടി മണ്ഡലത്തില്‍. പ്രചരണരംഗത്ത് വൈകിയാണ് ഇറങ്ങിയതെങ്കിലും മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ്. ഇടത് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ സിറ്റിംഗ് എം.എല്‍.എ പാറക്കല്‍ അബ്ദുള്ള നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഗുണം ചെയ്യുമെന്ന് യു.ഡി.എഫും കണക്കു കൂട്ടുന്നു.
പറഞ്ഞു വന്നാല്‍ ഇടതു കോട്ട. പഴയ മേപ്പയ്യൂര്‍ കുറ്റ്യാടി മണ്ഡലമായെങ്കിലും കരുത്ത് കുറഞ്ഞിട്ടില്ല സി.പി.എമ്മിന്. അണികളുടെ വികാരം കണക്കിലെടുത്ത് നേതൃത്വമേല്‍പ്പിച്ച ഉത്തരവാദിത്തം ചെറുതല്ല മുന്‍ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെ.പി കുഞ്ഞഹമ്മദ് കുട്ടിക്ക്. 1157 വോട്ടുകള്‍ക്ക് കഴിഞ്ഞ തവണ നഷ്ടമായ മണ്ഡലം തിരികെ പിടിക്കണം. പൊതു സ്വീകാര്യതയാണ് ഇടത് സ്ഥാനാര്‍ഥിയുടെ പ്ലസ് പോയിന്‍റ്.
ഇടതു കോട്ട തകര്‍ത്ത് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു വന്ന പുത്തന്‍ താരമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാറക്കല്‍ അബ്ദുള്ള. പക്ഷേ ഇക്കുറി കുറ്റ്യാടിയില്‍ പാറക്കല്‍ ഇറങ്ങുന്നത് കരുത്തനായ യു.ഡി.എഫ് നേതാവായാണ്. മണ്ഡലം ഇതു വരെ കാണാത്ത വികസനം പ്രതിപക്ഷത്തായിരുന്നിട്ട് കൂടി ചെയ്യാന്‍ സാധിച്ചത് ഗുണമാകുമെന്നാണ് പാറക്കല്‍ അബ്ദുള്ളയുടെ കണക്ക് കൂട്ടല്‍. കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്‍റ് പി.പി മുരളിയെ രംഗത്തിറക്കി പരമാവധി വോട്ട് സമാഹരിക്കാനാകുമെന്നാണ് എന്‍.ഡി.എ കണക്ക് കൂട്ടുന്നത്.