ലീഗ്, ജോസഫ് വിഭാഗം സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക
മുസ്‍ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. മിക്ക മണ്ഡലങ്ങളിലും സ്ഥാനാർഥി ധാരണ ആയെങ്കിലും ലീഗിന്‍റെ അധിക സീറ്റുകളേതാണെന്ന തീരുമാനം വൈകിയതിനാൽ നേതൃതല ചർച്ചകൾ തുടരും. നിയമസഭ തെരഞ്ഞെടുപ്പിനും മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിനുമുള്ള സ്ഥാനാർഥികളെ ഒരുമിച്ചാണ് പ്രഖ്യാപിക്കുക. കെ.എം ഷാജി അഴീക്കോട് തന്നെ മത്സരിക്കും. എം.കെ മുനീറും സിറ്റിംഗ് സീറ്റിൽ തന്നെ മത്സരിക്കാനാണ് സാധ്യത. അധികമായി ലഭിച്ച പേരാമ്പ്രയിൽ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കുന്ന കാര്യവും ലീഗ് പരിഗണിക്കുന്നുണ്ട് .
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കുന്ന പത്ത് സീറ്റുകളില്‍ യു.ഡി.എഫില്‍ ധാരണയായി. പത്താമത്തെ സീറ്റായി തൃക്കരിപ്പൂര്‍ നല്‍കാമെന്ന് കോണ്‍ഗ്രസ് പി.ജെ ജോസഫിനെ അറിയിച്ചു. ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ജോസഫ് വിഭാഗം ഇന്ന് പ്രഖ്യാപിച്ചേക്കും.
തിരുവല്ല,കുട്ടനാട്,കടുത്തുരുത്തി,ഏറ്റുമാനൂര്‍,ചങ്ങനാശേരി,കോതമംഗലം, ഇടുക്കി,തൊടുപുഴ,ഇരിങ്ങാലക്കുട,തൃക്കരിപ്പൂര്‍ സീറ്റുകളാണ് ജോസഫ് വിഭാഗത്തിന് നല്‍കുക. . തൊടുപുഴയിൽ പി.ജെ ജോസഫ് മത്സരിച്ചേക്കും. ഫ്രാന്‍സിസ് ജോര്‍ജിനാണ് ഇടുക്കി സീറ്റ്. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫും ഏറ്റുമാനൂരില്‍ പ്രിന്‍സ് ലൂക്കോസും സ്ഥാനാര്‍ഥികളാവും. കുട്ടനാട്ടില്‍ ജേക്കബ് എബ്രഹാമും ഇരിങ്ങാലക്കുടയില്‍ തോമസ് ഉണ്ണിയാടനും മത്സരിക്കും. തിരുവല്ലയിലും ചങ്ങനാശ്ശേരിയിലും തർക്കം നിലനിൽക്കുകയാണ്. തൃക്കരിപ്പൂരിലെ സ്ഥാനാർഥിയേയും പിന്നീട് പ്രഖ്യാപിക്കും