ഇഷ്ട ഭക്ഷണത്തോട് നോ പറയാതെ, പട്ടിണി കിടക്കാതെ ശരീരഭാരം കുറയ്ക്കണോ? പത്ത് മാര്‍ഗങ്ങള്‍ പങ്കുവെച്ച് പോഷകാഹാര വിദഗ്ധ
ഒരുദിവസം എന്തെല്ലാം കഴിക്കുന്നത് എന്ന് കൃത്യമായി അറിഞ്ഞിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്
ന്യൂഡല്‍ഹി: ശരീരഭാരം കുറക്കുക എന്നത് പലരുടെയും ആഗ്രഹമാണ്. പട്ടിണി കിടന്നും ജിമ്മില്‍ പോയും വിവിധ തരം ഡയറ്റുകളുമടക്കം പല വഴികളും ഇതിനായി പരീക്ഷിച്ചുനോക്കാറുമുണ്ട്. എന്നിട്ടും വിചാരിച്ചത്ര ഭാരം കുറയുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും പരാതി. കഴിക്കുന്നതിലും കുടിക്കുന്നതിലും ചെറിയ മാറ്റങ്ങൾ വരുത്തുന്നത് മുതൽ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന വ്യായാമങ്ങൾ കണ്ടെത്തുന്നത് വരെ, ശരീരഭാരം കുറയ്ക്കാൻ ഒരുപാട് മാർഗങ്ങളുണ്ട്.
ശരീരഭാരം കുറയ്ക്കുന്നതിനും മികച്ച ആരോഗ്യത്തിനും വേണ്ടിയുള്ള നിങ്ങളുടെ ഭക്ഷണക്രമം, വ്യായാമം, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെ സഹായിക്കുന്ന സ്മാര്‍ട്ട്ഹാക്കുകള്‍ പങ്കുവെക്കുകയാണ് പോഷകാഹാര വിദഗ്ധ അഞ്ജലി ജോഷി. തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ശരീരഭാരം കുറക്കാനുള്ള 10 മാര്‍ഗങ്ങള്‍ അഞ്ജലി പങ്കുവെച്ചത്.
1. സാലഡ് അല്ലെങ്കിൽ തൈര്
ഏത് ഭക്ഷണം കഴിക്കുന്ന സമയത്തും സാലഡോ,തൈരോ യോഗോര്‍ട്ടോ ഉള്‍പ്പെടുത്തുക.ഇവ രണ്ടിലേതെങ്കിലും ഭക്ഷണത്തിന് മുന്‍പ് കഴിക്കുന്നത് നാരുകളുടെയും പ്രോട്ടീനിന്റെയും അളവ് വർധിപ്പിക്കും.കൂടാതെ വയറ് വേഗത്തില്‍ നിറഞ്ഞ തോന്നലുണ്ടാക്കും. വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് കുറക്കാനും ഇതുവഴി സാധിക്കും.
2. ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുക
ഭക്ഷണം കഴിക്കുന്നതിന് 15 മിനിറ്റ് മുമ്പ് 1 ഗ്ലാസ് വെള്ളം കുടിക്കുക. ഇതുവഴി കുറച്ച് ഭക്ഷണം കുറച്ച് കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കും. വെള്ളം കുടിച്ചാല്‍ വയറു നിറയുന്നതായി അനുഭവപ്പെടുകയും ചെയ്യും.
3. ദിവസവും 7–8 മണിക്കൂർ ഉറങ്ങുക
മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ നട്ടെല്ലാണ് നല്ല ഉറക്കം. ശരീര ഭാരം കുറക്കാനുള്ള നിങ്ങളുടെ പരിശ്രമത്തിനും ഇത് ഏറെ സഹായകരമാകും. നല്ല ഉറക്കം മികച്ച വിശപ്പ് നിയന്ത്രണത്തിന് തുല്യമാണ്. അതുകൊണ്ട് തന്നെ ദിവസവും ഏഴു മുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാനായി ശ്രമിക്കുക.
4. ഭക്ഷണത്തിന് ശേഷം ചെറു നടത്തമാകാം
ഭക്ഷണം കഴിച്ചതിന് ശേഷം കുറഞ്ഞത് 10 മുതൽ 15 മിനിറ്റ് വരെ നടക്കാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും അധിക കലോറി കത്തിക്കുകയും ചെയ്യുന്നു. മൂന്ന്നേരം ഭക്ഷണം കഴിച്ചതിനു ശേഷവും നടക്കുകയാണെങ്കിൽ ദിവസേന 30–45 മിനിറ്റ് വ്യായാമത്തിലേര്‍പ്പെടാനും സാധിക്കും.
5. പ്രോട്ടീൻ ഉള്‍പ്പെടുത്തുക
കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വിശപ്പ് കുറക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യുന്നു. മുട്ട, പനീർ, പരിപ്പ്, തൈര്, തുടങ്ങിയ ഭക്ഷണങ്ങളിലെല്ലാം കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
6. ഡീപ്പ് ഫ്രൈ വേണ്ട
ഭക്ഷണം ഡീപ്പ് ഫ്രൈ ചെയ്യുന്നതിനു പകരം എയർ ഫ്രൈ ചെയ്യുക. ഇത്തരം ഭക്ഷണങ്ങള്‍ക്ക് രുചി കൂടുമെന്ന് 70 ശതമാനം കലോറിയും കുറവാണ്.ഇങ്ങനെ ചെയ്യുന്നത് വഴി കട്ട്ലറ്റുകളും സമൂസകളും ഫ്രൈഡ് ഭക്ഷണങ്ങളും കുറ്റബോധമില്ലാതെ കഴിക്കാം.
7. ഭക്ഷണത്തിന് വേണം കൃത്യസമയം
എന്നും ഒരേ സമയത്ത് ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെ സഹായിക്കും.ഇതുവഴി അമിതമായ കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിനെ തടയാനും സഹായിക്കും.
8. എന്താണ് കഴിക്കുന്നതെന്ന് കൃത്യമായി മനസിലാക്കുക
ഒരുദിവസം എന്തെല്ലാം കഴിക്കുന്നത് എന്ന് കൃത്യമായി അറിഞ്ഞിരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും ഓരോ ദിവസവും കഴിക്കുന്നത് എന്താണെന്ന് എഴുതിവെക്കുക. ഇതുവഴി ഏതൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം,ഏതൊക്കെ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് തീരുമാനമെടുക്കാനാകും.
9. പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ക്ക് നോ പറയേണ്ട..
ശരീരഭാരം കുറക്കാനുള്ളതിന്‍റെ പേരില്‍ ഒരിക്കലും നിങ്ങളുടെ പ്രിയപ്പെട്ട ഭക്ഷണത്തെ പൂര്‍ണമായും ഒഴിവാക്കേണ്ടെന്നാണ് അഞ്ജലി ജോഷി പറയുന്നത്.എന്നാല്‍ ഇതിന് ഭാഗികമായ നിയന്ത്രണം പ്രധാനമാണ്. ഇഷ്ടപ്പെട്ട ഭക്ഷണം പൂര്‍ണമായും ഉപേക്ഷിക്കുന്നത് അതിനോടുള്ള ആസക്തി വര്‍ധിപ്പിക്കും. അത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിക്കും.ഉദാഹരണത്തിന് ചോക്ലേറ്റ് നിങ്ങള്‍ക്ക് ഇഷ്ടമാണെന്ന് കരുതുക. രണ്ട് ബാറ് ചോക്ലേറ്റ് കഴിക്കുന്നതിന് പകരം രണ്ട് കഷ്ണം ചോക്ലേറ്റ് കഴിക്കുക.
10. രാത്രി വൈകിയുള്ള ഭക്ഷണത്തോട് നോ പറയാം..
രാത്രി ഏറെ വൈകി എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. കൊഴുപ്പ് ശരീരത്തിലടിഞ്ഞുകൂടുന്നതിനുള്ള ഏറ്റവും വലിയ കെണിയാണ് ഇത്. ഇത് പൂര്‍ണമായും ഒഴിവാക്കണമെന്നും അഞ്ജലി പറയുന്നു.
അതേസമയം, എന്തെങ്കിലും രോഗങ്ങളുള്ളവരോ ആരോഗ്യപ്രശ്നങ്ങളുള്ളവരാണോ ആണെങ്കില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പിന്തുടരുന്നത് ഏറ്റവും ഉചിതം.