രാഹുലിന്റെ ടി ഷർട്ടിന് 41,000 രൂപയെന്ന് ബിജെപി; മോദിയുടെ പത്തു ലക്ഷത്തിന്റെ സ്യൂട്ട് ഓർമിപ്പിച്ച് കോൺഗ്രസ്

തൊഴിലില്ലായ്മയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും സംസാരിക്കൂ എന്ന് കോണ്‍ഗ്രസ്

Update: 2022-09-09 12:41 GMT
Editor : abs | By : abs

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ധരിച്ച ടി ഷർട്ടിനെ ചൊല്ലി വാക്‌പോര്. 41,000 രൂപയുടെ ടി ഷർട്ടാണ് രാഹുൽ ധരിച്ചിട്ടുള്ളത് എന്നും ഇന്ത്യ ഇത് കാണുന്നുണ്ടെന്നും ബിജെപി കുറിച്ചു. ഔദ്യോഗിക ട്വിറ്റർ ഹാൻഡ്ൽ വഴി രാഹുലിന്റെ ചിത്രവും ടി ഷർട്ടിന്റെ വിലയും ബിജെപി പങ്കുവച്ചു. 'ഭാരതമേ നോക്കൂ' എന്നാണ് തലവാചകം. അന്താരാഷ്ട്ര ലക്ഷ്വറി ബ്രാൻഡായ ബർബെറിയുടെ വെള്ള ടീ ഷർട്ടാണ് രാഹുൽ ധരിച്ചിട്ടുള്ളത് എന്നാണ് ബിജെപിയുടെ വാദം. 

Advertising
Advertising

രാഹുലിന്റെ യാത്രയിൽ കണ്ട ആൾക്കൂട്ടം കണ്ട് പേടിച്ചാണ് ബിജെപി വസ്ത്രം ചർച്ചയാക്കുന്നതെന്ന് കോൺഗ്രസ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പത്തു ലക്ഷത്തിന്റെ സ്യൂട്ട് ധരിച്ചത് മറന്നുപോയോ എന്നും കോൺഗ്രസ് ചോദിച്ചു. ഔദ്യോഗിക ട്വിറ്റൻ ഹാൻഡിലിലാണ് കോൺഗ്രസിന്റെ മറുപടി.  

'ഭാരത് ജോഡോ യാത്രയിൽ ഒരുമിച്ചു കൂടിയ ആളുകളെ കണ്ട് നിങ്ങൾ ഭയന്നോ? പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ. തൊഴിലില്ലായ്മയെ കുറിച്ചും പണപ്പെരുപ്പത്തെ കുറിച്ചും സംസാരിക്കൂ. വസ്ത്രത്തെ കുറിച്ച് ചർച്ച ചെയ്യുകയാണ് എങ്കിൽ മോദിജി ധരിച്ച സ്യൂട്ടിന് പത്തു ലക്ഷം രൂപ വില വരുന്നുണ്ട്. കണ്ണടയ്ക്ക് ഒന്നര ലക്ഷം രൂപയും. അതും ചർച്ച ചെയ്യാം' - എന്നായിരുന്നു കോൺഗ്രസിന്റെ ട്വീറ്റ്.

ലണ്ടൻ ആസ്ഥാനമായ ബ്രിട്ടീഷ് ആഡംബര ഫാഷൻ സ്ഥാപനമാണ് ബർബെറി. 1856ൽ 21 വയസ്സുകാരനായ തോമസ് ബർബെറിയാണ് സ്ഥാപനം ആരംഭിച്ചത്. 2020ലെ കണക്കു പ്രകാരം ലോകത്തുടനീളം ബ്രാൻഡിന് 421 ഷോറൂമുകളുണ്ട്.

അതിനിടെ, യാത്രയുടെ മൂന്നാം ദിവസം സമൂഹത്തിലെ വിവിധ തുറകളിൽപ്പെട്ടയാളുകളുമായി രാഹുൽ സംവാദം നടത്തി. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനെ കുറിച്ചും അദ്ദേഹം മനസ്സു തുറന്നു. 'ഞാൻ തീരുമാനമെടുത്തിട്ടുണ്ട്. കൃത്യമാണത്. പാർട്ടി തെരഞ്ഞെടുപ്പു വരുമ്പോൾ മറുപടി പറയും' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News