കല്യാണമോ മറ്റ് ആഘോഷങ്ങളോ ഉണ്ടാകുമ്പോള്‍ കൈകളിലും കാലിലും മൈലാഞ്ചി,അല്ലെങ്കില്‍ മെഹന്ദി അണിയാറുണ്ട്. പലര്‍ക്കും മൈലാഞ്ചിയണിയുന്നത് ഗൃഹാതുരത്വം നിറഞ്ഞൊരു ഓര്‍മ്മയാണ്.തൊടികളിലെ മൈലാഞ്ചി ചെടിയില്‍ നിന്ന് ഇലകളറുത്ത്,അരച്ച് കൈകളില്‍ പുരട്ടിയ കാലമൊക്കെ കടന്നുപോയി. ഇന്ന് കടകളിലെല്ലാം മെഹന്ദികോണുകള്‍ ഇടം പിടിച്ചുകഴിഞ്ഞു.
ഇന്ന് ഒട്ടുമിക്ക കല്യാണങ്ങള്‍ക്കും മെഹന്ദിയിടല്‍ ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങാണ്.'മെഹന്ദി ഡേ',മൈലാഞ്ചി കല്യാണം എന്ന പേരില്‍ വലിയ ആഘോഷം തന്നെയാണ് പലരും നടത്തുന്നത്.
എന്നാല്‍ ചിലര്‍ക്ക് മെഹന്ദി കൈകളില്‍ ഗുരുതരമായ പൊള്ളലിനും ചര്‍മ്മ പ്രശ്നങ്ങള്‍ക്കും കാരണമാകാറുണ്ട്. കല്യാണത്തലേന്ന് മെഹന്ദിയിട്ട് വധുവിന്‍റെ ഇരുകൈകളും പൊള്ളിയ നിരവധി സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സെൻസിറ്റീവ് ചർമ്മമുള്ള ആളുകൾക്ക് സാധാരണ മൈലാഞ്ചിയിട്ടാലും ചെറിയ ചൊറിച്ചിലൊക്കെ അനുഭവപ്പെടാം.എന്നാല്‍ ഇത് വേഗത്തില്‍ മാറുകയും ചെയ്യും.എന്നാല്‍ മെഹന്ദി കോണുകളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളും അഡിറ്റീവുകളും മൂലം പലര്‍ക്കും ഗുരുതരമായ അലര്‍ജി പ്രശ്നങ്ങളുണ്ടാക്കും. മെഹന്ദി കൂടുതല്‍ ഇരുണ്ട നിറമാകാനായി പല രാസവസ്തുക്കളും സാധാരാണയായി ഉപയോഗിക്കാറുണ്ട്. ഇത് ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കും. മെഹന്ദി കോണില്‍ അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട രാസവസ്തുക്കളിൽ ഒന്നാണ് പാരഫെനൈലീൻ ഡയമിൻ അഥവാ പിപിഡി. ഇത് കോള്‍ ടാർ അധിഷ്ഠിത ഡൈ ആണ്.ഇത് കടുത്ത അലര്‍ജിക്ക് വരെ കാരണമാകും.ഇതിന് പുറമെ മണ്ണെണ്ണ, ഗ്യാസോലിൻ, ബെൻസീൻ, ലെഡ്, കാഡ്മിയം, നിക്കൽ, ചെമ്പ്, അലുമിനിയം തുടങ്ങിയ ഘന ലോഹങ്ങൾ ഹെന്നയില്‍ അടങ്ങിയിരിക്കാമെന്നും ഡെർമറ്റോളജിസ്റ്റുകൾ പറയുന്നു.
കൈകള്‍ പൊള്ളിയാല്‍ എന്ത് ചെയ്യണം..
മെഹന്ദി കൈകളില്‍ ഇട്ടതിന് പിന്നാലെ എന്ത് അസ്വസ്ഥത തോന്നിയാലും ഉടന്‍ തന്നെ തണുത്ത വെള്ളവും വീര്യം കുറഞ്ഞ സോപ്പും ഉപയോഗിച്ച് ഉടന്‍ കഴുകിക്കളയണം. കൈകളില്‍ ഇമോലിയന്റുകളോ മോയ്‌സ്ചറൈസറോ ഉടന്‍ പുരട്ടുക. കൈകളില്‍ ഐസ് പാക്ക് വെച്ച് തണുപ്പിക്കാം.ഉടന്‍ തന്നെ ഡെർമറ്റോളജിസ്റ്റിനെ സമീപിക്കുകയും ചികിത്സ തേടുകയും ചെയ്യുക.മെഹന്ദി കോണ്‍ വാങ്ങുന്ന സമയത്ത്,അതിന്‍റെ തീയതി നോക്കുക,കാലാവധി കഴിഞ്ഞതോ,കഴിയാനായതോ ആയ മെഹന്ദി കോണുകള്‍ വാങ്ങാതിരിക്കുക. പിപിഡി അല്ലെങ്കിൽ മറ്റ് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ മെഹന്ദി കോണുകള്‍ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്.