ഈ പഴങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്തൂ; വിറ്റമിൻ സി നേടാം, പ്രതിരോധശേഷിയും വർധിപ്പിക്കാം

ശരീര കോശങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വിറ്റാമിൻ സി

Update: 2022-01-17 10:34 GMT
Editor : Lissy P | By : Web Desk
Advertising

കോവിഡും ഒമിക്രോണുമെല്ലാം കുത്തനെ ഉയരുമ്പോൾ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യവാന്മാരായി ഇരിക്കുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. വൈറസുകളെ അകത്തേക്ക് കയറ്റാതിരിക്കാൻ ശരീരത്തിന് ആവശ്യമായ പ്രതിരോധശേഷി നൽകുകയാണ് മാർഗം. എങ്ങനെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നതാണോ നിങ്ങളുടെ ആശങ്ക. വിഷമിക്കേണ്ട...

ഇന്നുമുതൽ വിറ്റമിൻ സി അടങ്ങിയ ഈ പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുക.വിറ്റാമിൻ സി, ശരീര കോശങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും  ഒഴിച്ചുകൂടാനാവാത്തതാണ്. കൂടാതെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളെയും സുഗമമായി നടത്തുന്നതിനും വിറ്റമിൻ സി മുഖ്യപങ്കു വഹിക്കുന്നു. ഹൃദ്രോഗങ്ങൾ, അർബുദം, നേത്രരോഗങ്ങൾ എന്നിവയെ തടയാനും ഈ പഴങ്ങൾക്ക് സാധിക്കും.


ഓറഞ്ചും മധുരനാരങ്ങയും

വിറ്റാമിൻ സിയുടെ മികച്ച കലവറയാണ് ഓറഞ്ചും മധുരനാരങ്ങയും. ഒരു ഇടത്തരം വലിപ്പമുള്ള ഓറഞ്ച് 70 മില്ലിഗ്രാം വിറ്റാമിൻ സി നൽകുന്നു.മുതിർന്ന ഒരാൾക്ക് ദിവസവും വേണ്ട വിറ്റാമിൻ സിയുടെ അളവും ഏകദേശം ഇത്രയാണ്. മധുരനാരങ്ങയിലാകട്ടെ 50 മില്ലിഗ്രാം വിറ്റാമിൻ സി ലഭിക്കും.


കിവി

വിറ്റാമിൻ സിയുടെയും ആന്റിഓക്സിഡന്റുകളുടെയും കലവറയാണ് കിവി, പ്രതിരോധശേഷി ഉത്തേജിപ്പിക്കാനും അണുബാധയ്ക്കുള്ള സാധ്യത തടയാനും സഹായിക്കുന്നു. ഒരു ചെറിയ കിവി കഴിക്കുന്നതിലൂടെ 60 മില്ലിഗ്രാം അസ്‌കോർബിക് ആസിഡ് അല്ലെങ്കിൽ വിറ്റാമിൻ സിയാണ് ശരീരത്തിലേക്കെത്തുന്നത്.


സ്‌ട്രോബെറി

വിറ്റാമിൻ സിയും ഫൈബറും അടങ്ങിയ സ്‌ട്രോബെറി ഉയർന്ന അളവിലുള്ള ആന്റിഓക്സിഡന്റുകളുള്ള കൊളസ്‌ട്രോൾ രഹിതവും കുറഞ്ഞ കലോറി ഭക്ഷണമായും കണക്കാക്കപ്പെടുന്നു. ഒരു ചെറിയ ബൗൾ നിറയെയുള്ള സ്‌ട്രോബെറി കഴിക്കുന്നതിലൂടെ 98 മില്ലിഗ്രാം വിറ്റാമിൻ സിയാണ് നമ്മുടെ ശരീരത്തിലേക്കെത്തുന്നത്. 


ബ്രോക്കോളി, പച്ചമുളക്

ഈ പഴങ്ങൾക്ക് പുറമേ, ബ്രോക്കോളി, പേരക്ക, കോളിഫ്ളവർ, പച്ചമുളക് എന്നിവയും വിറ്റമിൻ സിയുടെ വലിയ സ്രോതസ്സാണ്. പച്ചമുളക് വിറ്റാമിൻ സിയുടെ നല്ല ഉറവിടം മാത്രമല്ല, ഇരുമ്പിന്റെ സ്വാഭാവിക ഉറവിടം കൂടിയാണ്. ഒരു പച്ചമുളകിൽ 109 മില്ലിഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News