വീടുപൂട്ടി യാത്രയ്ക്ക് ഒരുങ്ങുകയാണോ? ഫ്രീസറിൽ ഒരു നാണയം വെക്കാൻ മറക്കരുത്!

യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്

Update: 2026-09-07 06:27 GMT

കുടുംബത്തോടൊപ്പം ദിവസങ്ങളോളം നീളുന്ന യാത്രകൾക്ക് പോകുമ്പോഴോ വീടുപൂട്ടി വെക്കേഷൻ ആഘോഷിക്കാൻ ഇറങ്ങുമ്പോഴോ വീട്ടിലെ ഫ്രിഡ്ജിലും ഫ്രീസറിലും സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളെക്കുറിച്ച് നമ്മളിൽ പലരും ചിന്തിക്കാറില്ല. എന്നാൽ, നമ്മൾ സ്ഥലത്തില്ലാത്ത സമയത്ത് പ്രദേശത്ത് വൈദ്യുതി നിലച്ചാൽ എന്തുസംഭവിക്കും? മണിക്കൂറുകളോളം കറന്റില്ലാതെ ഫ്രീസറിലെ ഐസ് ഉരുകുകയും, പിന്നീട് വൈദ്യുതി വരുമ്പോൾ വീണ്ടും തണുത്തുറയുകയും ചെയ്താൽ ആ മാറ്റം തിരിച്ചറിയാൻ നമുക്ക് സാധിച്ചെന്നു വരില്ല. കേടായ ഇത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ഭക്ഷ്യവിഷബാധയ്ക്കും കാരണമാകാം. ഈ വലിയ തലവേദനയ്ക്ക് ലളിതമായ ഒരു പ്രതിവിധിയാണ് 'ഫ്രീസറിലെ കോയിൻ ട്രിക്ക്'.

Advertising
Advertising

യാത്രയ്ക്ക് പുറപ്പെടുന്നതിന് മുൻപായി വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണിത്. ഇതിനായി ഒരു ചെറിയ കപ്പിലോ ഗ്ലാസിലോ മുക്കാൽ ഭാഗം വെള്ളമെടുത്ത് ഫ്രീസറിൽ വെച്ച് പൂർണമായും കട്ടപിടിപ്പിക്കുക. വെള്ളം ഉറച്ച് കട്ടിയായ ഐസായി മാറിയ ശേഷം, അതിന്റെ ഏറ്റവും മുകളിലായി ഒരു നാണയം വെക്കുക. തുടർന്ന് ഈ കപ്പ് ഫ്രീസറിൽ സൂക്ഷിച്ചുവെച്ച് നിങ്ങൾക്ക് ധൈര്യമായി യാത്ര പോകാം.

യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ഫ്രീസറിലുള്ള കപ്പിലെ നാണയത്തിന്റെ സ്ഥാനം എവിടെയാണെന്ന് പരിശോധിക്കുന്നതിലൂടെ ഫ്രീസറിലെ ഭക്ഷണത്തിന്റെ സുരക്ഷ നമുക്ക് മനസിലാക്കാം. നാണയം ഐസിന് മുകളിൽത്തന്നെയാണെങ്കിൽ, നിങ്ങൾ പോയ സമയത്ത് വൈദ്യുതി തടസപ്പെടുകയോ ഫ്രീസറിലെ തണുപ്പ് കാര്യമായി കുറയുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പിക്കാം. അങ്ങനെയെങ്കിൽ ഭക്ഷണസാധനങ്ങൾ പൂർണമായും സുരക്ഷിതമായിരിക്കും. എന്നാൽ നാണയം കപ്പിന്റെ മധ്യഭാഗത്താണെങ്കിൽ, കുറച്ചു സമയം വൈദ്യുതി നിലയ്ക്കുകയും ഐസ് ഭാഗികമായി ഉരുകുകയും ചെയ്തിട്ടുണ്ട് എന്നാണ് അർഥമാക്കുന്നത്. പിന്നീട് വൈദ്യുതി തിരികെ വന്നപ്പോൾ നാണയം താഴ്ന്നുപോയി വീണ്ടും ഉറഞ്ഞതാണ്. ഇത്തരം സാഹചര്യങ്ങളിൽ ഭക്ഷണം വേഗത്തിൽ ഉപയോഗിച്ച് തീർക്കുകയോ സൂക്ഷ്മമായി പരിശോധിച്ച് ഉപയോഗിക്കുകയോ വേണം.

അതേസമയം, നാണയം കപ്പിന്റെ ഏറ്റവും അടിത്തട്ടിലാണെങ്കിൽ വളരെ നീണ്ട സമയത്തേക്ക് ഫ്രീസറിലെ വൈദ്യുതി നിലച്ചിരുന്നു എന്ന് വ്യക്തമാണ്. കപ്പിലെ ഐസ് പൂർണമായും ഉരുകി വെള്ളമായതുകൊണ്ടാണ് നാണയം താഴേക്ക് താഴ്ന്നുപോയത്. അതായത്, ഫ്രീസറിലെ ഭക്ഷണസാധനങ്ങളും പൂർണമായി ഉരുകി അഴുകിയ ശേഷം പിന്നീട് വൈദ്യുതി വന്നപ്പോൾ വീണ്ടും തണുത്തുറഞ്ഞതാണ്. ഇത്തരം ഭക്ഷണം കഴിക്കുന്നത് കടുത്ത ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും എന്നതിനാൽ അവ ഒഴിവാക്കുകയാണ് സുരക്ഷിതം. ഐസ് പരലുകൾ ഉരുകുകയും പിന്നീട് വീണ്ടും തണുത്തുറയുകയും ചെയ്യുമ്പോൾ അവയുടെ ഘടനയിൽ വരുന്ന മാറ്റങ്ങളാണ് നാണയത്തെ താഴേക്ക് വീഴ്ത്തുന്നത്.

ഈ കോയിൻ ട്രിക്ക് ഒരു മുന്നറിയിപ്പ് സൂചന മാത്രമാണ് നൽകുന്നത് എന്നതിനാൽ, ഫ്രീസറിലെ വൈദ്യുതി എത്ര മണിക്കൂർ നിലച്ചുപോയി എന്നോ താപനില എത്രത്തോളം ഉയർന്നു എന്നോ കൃത്യമായി കണക്കാക്കാൻ ഇതിന് കഴിയില്ല. അതുകൊണ്ടുതന്നെ, കോയിൻ ട്രിക്കിനൊപ്പം ഭക്ഷണ പാക്കറ്റുകൾക്കുള്ളിൽ അസ്വാഭാവികമായ രീതിയിൽ വലിയ ഐസ് പരലുകൾ ഉണ്ടോയെന്നും, ഭക്ഷണത്തിന് നിറവ്യത്യാസമോ ദുർഗന്ധമോ വന്നിട്ടുണ്ടോ എന്നും നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. യാത്ര പോകുമ്പോൾ ഫ്രീസർ നിറച്ചു സൂക്ഷിക്കുന്നത് തണുപ്പ് കൂടുതൽ സമയം നിലനിൽക്കാൻ സഹായിക്കും. ഫ്രീസറിൽ അധികം സാധനങ്ങൾ ഇല്ലെങ്കിൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം നിറച്ച് വെക്കുന്നതും, വൈദ്യുതി നിലച്ചാലും ഫ്രീസറിന്റെ വാതിൽ തുറക്കാതിരിക്കുന്നതും മണിക്കൂറുകളോളം തണുപ്പ് നഷ്ടപ്പെടാതിരിക്കാൻ സഹായിക്കുന്ന കാര്യങ്ങളാണ്.


Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News