കടയിൽ നിന്ന് നല്ല ഫ്രഷ് കറിവേപ്പില വാങ്ങി ഫ്രിഡ്ജിൽ വെച്ച് ദിവസങ്ങൾക്കുള്ളിൽ കറുത്തുപോകുന്നത് പലരുടെയും സ്ഥിരം പരാതിയാണ്. കറികൾ, ചട്നികൾ തുടങ്ങി വിവിധ വിഭവങ്ങൾക്ക് സ്വാദും മണവും നൽകാൻ കറിവേപ്പില അത്യന്താപേക്ഷിതമാണെങ്കിലും, അവ കേടുകൂടാതെ സൂക്ഷിക്കുക എന്നത് പലപ്പോഴും വെല്ലുവിളിയാണ്. എന്നാൽ വിഷമിക്കേണ്ട, കറിവേപ്പിലയുടെ ഫ്രഷ്‌നെസ്സും സ്വാദും മണവും ദീർഘകാലം നിലനിർത്താൻ സഹായിക്കുന്ന ചില ലളിതമായ അടുക്കള വിദ്യകൾ ഇതാ.
എന്തുകൊണ്ടാണ് കറിവേപ്പില പെട്ടെന്ന് കറുത്തുപോകുന്നത്?
ഈർപ്പമാണ് കറിവേപ്പില പെട്ടെന്ന് കേടാകാനുള്ള പ്രധാന കാരണം. നനവോടെയാണ് ഇലകൾ സൂക്ഷിക്കുന്നതെങ്കിൽ, പെട്ടെന്ന് തന്നെ കറുത്ത പാടുകൾ വീഴാനും ദിവസങ്ങൾക്കുള്ളിൽ അഴുകാനും തുടങ്ങും. താപനിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഈ പ്രക്രിയയെ വേഗത്തിലാക്കും. അതിനാൽ, സൂക്ഷിക്കുന്നതിന് മുമ്പ് അധികമുള്ള ഈർപ്പം പൂർണമായും നീക്കം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം.
സൂക്ഷിക്കുന്നതിന് മുമ്പ് ചെറുതായി ചൂടാക്കാം
കറിവേപ്പിലയിലെ ഈർപ്പം പൂർണമായും നീക്കം ചെയ്ത് ദീർഘനാൾ സൂക്ഷിക്കാനുള്ള എളുപ്പവഴിയാണിത്.
- കഴുകി ഉണക്കുക: ഇലകൾ നന്നായി കഴുകി വൃത്തിയുള്ള ഒരു കോട്ടൺ തുണികൊണ്ട് ഒപ്പിയെടുത്ത് പൂർണമായും ഉണക്കുക.
- ചൂടാക്കുക: ഉണങ്ങിയ ശേഷം എയർ ഫ്രയറിലോ മൈക്രോവേവ് അവനിലോ വെച്ച് ഒന്നോ രണ്ടോ മിനിറ്റ് ചെറുതായി ചൂടാക്കുക. ഇവ ഇല്ലാത്തവർക്ക് ഒരു നോൺ-സ്റ്റിക് പാൻ ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്. ഇലകൾ ചെറുതായി ഒന്ന് മൊരിയുന്നത് വരെ മാത്രം ചൂടാക്കാൻ ശ്രദ്ധിക്കുക
- സൂക്ഷിക്കേണ്ടത്: ഇലകൾ നന്നായി തണുത്ത ശേഷം വായു കടക്കാത്ത ഒരു പാത്രത്തിലേക്ക് മാറ്റി സൂക്ഷിക്കാം. ഈർപ്പം തങ്ങിനിൽക്കുന്നത് തടയാനും ഇലകൾ കൂടുതൽ കാലം ഉപയോഗിക്കാനും ഈ രീതി സഹായിക്കും
ഐസ് ക്യൂബുകളാക്കി ഫ്രീസറിൽ സൂക്ഷിക്കാം
ആഴ്ചകളോ മാസങ്ങളോളമോ കറിവേപ്പില കേടുകൂടാതെ ഇരിക്കണമെങ്കിൽ ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്.
- തണ്ടിൽ നിന്ന് ഇലകൾ അടർത്തിമാറ്റി നന്നായി കഴുകി ഉണക്കിയെടുക്കുക
- ഒരു ഐസ് ക്യൂബ് ട്രേയുടെ അറകളിൽ കുറച്ചുവീതം ഇലകൾ വെച്ച ശേഷം, അവ പൂർണമായും മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളം ഒഴിക്കുക. തുടർന്ന് ഐസ് ആകുന്നത് വരെ ഫ്രീസറിൽ വെക്കാം
- ക്യൂബുകൾ തയ്യാറായ ശേഷം അവ ഒരു സിപ്പ്-ലോക്ക് കവറിലേക്ക് മാറ്റി ഫ്രീസറിൽ തന്നെ സൂക്ഷിക്കാം. പാചകം ചെയ്യുമ്പോൾ ആവശ്യമുള്ള ക്യൂബുകൾ എടുത്ത് ഇളം ചൂടുവെള്ളത്തിൽ അലിയിച്ച ശേഷം ഉപയോഗിക്കാവുന്നതാണ്
ശ്രദ്ധിക്കേണ്ട മറ്റ് ചില കാര്യങ്ങൾ
- നനവ് പൂർണമായും മാറ്റുക: സൂക്ഷിക്കുന്നതിന് മുമ്പ് ഇലകളിൽ ഒട്ടും നനവില്ല എന്ന് ഉറപ്പുവരുത്തുക. അധികമുള്ള ഈർപ്പമാണ് ഇലകൾ വേഗത്തിൽ കേടാകാൻ കാരണം
- എയർടൈറ്റ് പാത്രങ്ങൾ ഉപയോഗിക്കുക: വായു കടക്കാത്ത പാത്രങ്ങൾ ഉപയോഗിക്കുന്നത് കറിവേപ്പിലയുടെ ഫ്രഷ്‌നെസ്സ് നിലനിർത്താനും, ഫ്രിഡ്ജിലെ മറ്റ് ഭക്ഷണസാധനങ്ങളുടെ ഗന്ധം ഇതിലേക്ക് കലരാതിരിക്കാനും സഹായിക്കും
ഇത്തരത്തിൽ ചില ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കറിവേപ്പിലയിലെ ഗുണങ്ങളും മണവും നഷ്ടപ്പെടാതെ നിങ്ങൾക്ക് ദിവസങ്ങളോളം ഉപയോഗിക്കാം.