പഠിച്ചത് ബിഎ മലയാളം; അന്‍സില ഇനി സ്കോളര്‍ഷിപ്പോടെ ലണ്ടനില്‍ എംബിഎ ചെയ്യും

കേരളത്തിൽ നിന്നും ആദ്യമായാണ് മലയാളം ഐച്ഛികവിഷയമായി പഠിച്ചൊരാൾക്ക് വിദേശ സർവകലാശാലയിൽ എംബിഎക്ക് അവസരം ലഭിക്കുന്നത്

Update: 2021-08-09 08:30 GMT
By : Web Desk
Advertising

കോഴിക്കോട് ഫാറൂഖ് കോളജ് മലയാളം വിഭാഗം വിദ്യാർഥിനിക്ക് ലണ്ടനിലെ പ്രശസ്ത സർവകലാശാലയായ നോർത്താംപ്ടണ്ണിൽ സ്കോർഷിപ്പോടെ എം.ബി.എക്ക് പ്രവേശനം. അൻസില പർവീനാണ് ഈ നേട്ടം കൈവരിച്ചത്. കേരളത്തിൽ നിന്നും ആദ്യമായാണ് മലയാളം ഐച്ഛികവിഷയമായി പഠിച്ചൊരാൾക്ക് വിദേശ സർവകലാശാലയിൽ എംബിഎക്ക് അവസരം ലഭിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ബിഎ മലയാളം വിജയകരമായി പൂർത്തിയാക്കി വലിയ പ്രതീക്ഷകളുമായാണ് അൻസില പർവീൻ ലണ്ടനിലേക്ക് ഉപരിപഠനത്തിന് പോകാൻ ഒരുങ്ങുന്നത്. ലണ്ടനിലെ ഹേർട്ഫോർസ്ഷയർ സർവകലാശാലയിൽ നിന്നും അൻസിലയെ തേടി അവസരം എത്തിയിരുന്നു. എന്നാൽ, നോർത്താംപ്ടണ്ണിൽ സ്കോളർഷിപ്പിന് കൂടി അർഹതയായിരുന്നു.

ഡിഗ്രി പഠിക്കുമ്പോള്‍ തന്നെ ബേക്കിംഗ് സ്വന്തം താത്പര്യത്തിന് ചെയ്യാറുണ്ടായിരുന്നുവെന്നും അതിലാണ് തനിക്ക് കൂടുതല്‍ താത്പര്യം എന്ന് മനസ്സിലാക്കിയതുകൊണ്ടാണ് എംബിഎക്ക് ചേരാന്‍ തീരുമാനിച്ചതെന്നും അന്‍സില പറയുന്നു. സ്കോളര്‍ഷിപ്പ് ഉള്ള യൂണിവേഴ്സിറ്റികള്‍ ലിസ്റ്റ് ചെയ്താണ് താന്‍ നോര്‍ത്താംപ്ടണ്‍ തെരഞ്ഞെടുത്തത് എന്നും അന്‍സില പറഞ്ഞു. മലയാളം പഠിച്ചിട്ട് ഇനി എന്ത് എന്നാണ് പല കുട്ടികളുടെയും ചോദ്യം. നമ്മുടെ താത്പര്യത്തിന് അനുസരിച്ചുള്ള വിഷയം തെരഞ്ഞെടുത്താല്‍ കേരളത്തിന് പുറത്ത് എവിടെയും പഠിക്കാനുള്ള അവസരമുണ്ടെന്നും അന്‍സില കൂട്ടിച്ചേര്‍ത്തു.

അൻസിലയുടേത് അഭിമാനകരമായ നേട്ടമാണെന്ന് മലയാളം വിഭാഗം മേധാവി അസീസ് തരുവണ പറയുന്നു. മലയാള ബിരുദം നേടിയവരുടെ ചരിത്രത്തില്‍ തന്നെ പ്രധാനപ്പെട്ട സംഭവമായാണ് അന്‍സിലയുടെ നേട്ടത്തെ വിലയിരുത്തുന്നതെന്നും ഈ അധ്യാപകന്‍ പറഞ്ഞു. മലയാളത്തെ കുറിച്ചുള്ള സങ്കുചിതമായ സങ്കല്‍പങ്ങള്‍ തിരുത്തുവാനുള്ള അവസരമാണ് അന്‍സിലയിലൂടെ മലയാള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം പഠിച്ചവര്‍ക്കും വലിയ അവസരങ്ങൾ ഉണ്ടെന്നാണ് അൻസിലയുടെ നോർത്താംപ്ടണ്‍ പ്രവേശനം ഓർമിപ്പിക്കുന്നത്.

Full View


Tags:    

By - Web Desk

contributor

Similar News