പുകഴ്ത്തുന്നതിലല്ല കാര്യം; കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ ഈ മൂന്ന് ശീലങ്ങൾ പരിശീലിക്കാം

കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്

Update: 2026-08-09 06:24 GMT

കുട്ടികളിൽ ആത്മവിശ്വാസം വളർത്തുക എന്നത് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹമാണ്. ക്ലാസുകളിൽ സംശയങ്ങൾ ചോദിക്കാനും, പുതിയ ആളുകളോട് മടി കൂടാതെ സംസാരിക്കാനും, ബുദ്ധിമുട്ടുള്ള കാര്യങ്ങൾ പെട്ടെന്ന് വേണ്ടെന്നുവെക്കാതിരിക്കാനും കുട്ടികൾക്ക് സാധിക്കണമെന്ന് അവർ ആഗ്രഹിക്കുന്നു. എന്നാൽ എപ്പോഴും 'ആത്മവിശ്വാസത്തോടെ ഇരിക്കുക' എന്ന് ഉപദേശിക്കുന്നതിലൂടെ മാത്രം കുട്ടികളിൽ ഇത് വളർത്തിയെടുക്കാൻ സാധിക്കില്ല. തങ്ങളുടെ അഭിപ്രായങ്ങൾക്കും വിലയുണ്ടെന്നും ഏത് സാഹചര്യങ്ങളെയും നേരിടാൻ പ്രാപ്തരാണെന്നുമുള്ള ദൈനംദിന അനുഭവങ്ങളിലൂടെയാണ് യഥാർഥത്തിൽ ആത്മവിശ്വാസം രൂപപ്പെടുന്നത്.

Advertising
Advertising

കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ മാതാപിതാക്കൾക്ക് വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന മൂന്ന് ലളിതമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം:

ഉപദേശങ്ങൾ ഇല്ലാതെ കുട്ടികൾക്കായി സമയം കണ്ടെത്തുക

തിരക്കേറിയ കുടുംബജീവിതത്തിൽ കുട്ടികളുമായുള്ള സംഭാഷണങ്ങൾ പലപ്പോഴും വെറും നിർദേശങ്ങൾ മാത്രമായി ചുരുങ്ങാറുണ്ട്. 'ഹോംവർക്ക് ചെയ്തോ?', 'ഭക്ഷണം കഴിച്ചോ?' തുടങ്ങി അവർ എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കി, തിരുത്തലുകളോ വിലയിരുത്തലുകളോ ഇല്ലാതെ കുട്ടികൾക്കായി അല്പസമയം കണ്ടെത്തുക. ഒരുമിച്ച് ഭക്ഷണം കഴിക്കുമ്പോഴോ ഉറങ്ങാൻ പോകുന്നതിന് മുൻപോ അവർക്ക് പറയാനുള്ളത് മുഴുവനായി കേൾക്കുക. മുതിർന്നവർക്ക് നിസാരമെന്ന് തോന്നുന്ന കാര്യങ്ങളാകാം അവർക്ക് പറയാനുണ്ടാവുക. എങ്കിലും, തങ്ങൾ പറയുന്ന കാര്യങ്ങൾക്ക് മാതാപിതാക്കൾ പൂർണ ശ്രദ്ധ നൽകുന്നുണ്ട് എന്ന തിരിച്ചറിവ് കുട്ടികളിൽ 'എന്റെ വാക്കുകൾക്കും വിലയുണ്ട്' എന്ന വിശ്വാസം ഉണ്ടാക്കുകയും, ഇത് ആത്മവിശ്വാസമായി മാറുകയും ചെയ്യും.

മറ്റുള്ളവരുമായി ഇടപഴകാൻ അവസരങ്ങൾ നൽകുക

ഒരു വലിയ സദസിനു മുന്നിൽ സംസാരിക്കുമ്പോൾ മാത്രമല്ല ആത്മവിശ്വാസം പ്രകടമാകുന്നത്. കടകളിൽ പോകുമ്പോൾ, അയൽക്കാരുടെ മുന്നിൽ, റെസ്റ്റോറന്റുകളിൽ സ്വന്തമായി ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ തുടങ്ങിയ അവസരങ്ങളിലെല്ലാം അവരെ സംസാരിക്കാൻ അനുവദിക്കുക. അപരിചിതരോട് സംസാരിക്കാൻ മടിക്കുന്ന കുട്ടികളെ അതിനായി ഒരിക്കലും നിർബന്ധിക്കരുത്. പകരം മാതാപിതാക്കൾ മറ്റുള്ളവരോട് ചിരിച്ചുകൊണ്ട് സംസാരിച്ചും നന്ദി പറഞ്ഞും മാതൃകയാവുക. ഇത് കണ്ടുവളരുന്ന കുട്ടികൾ പതിയെ ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും തങ്ങൾക്ക് കഴിയുമെന്ന് തോന്നുമ്പോൾ സ്വന്തമായി സംസാരിക്കാൻ തുടങ്ങുകയും ചെയ്യും.

അവർക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ മികച്ചവരാകാൻ സഹായിക്കുക

കുട്ടികൾക്ക് താല്പര്യമുള്ള കാര്യങ്ങളിൽ, അത് നീന്തൽ, സൈക്ലിങ്, നൃത്തം, ചിത്രംവര, സംഗീതം, അല്ലെങ്കിൽ ഫുട്ബോൾ എന്നിങ്ങനെ എന്തുമാകട്ടെ, അതിൽ കൂടുതൽ മികച്ചവരാകാൻ അവരെ പ്രോത്സാഹിപ്പിക്കുക. തുടക്കത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടാലും നിരന്തരമായ പരിശീലനത്തിലൂടെ അതിൽ വിജയിക്കാൻ അവർക്ക് സാധിക്കും. ഇത് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. 'എനിക്കിത് ചെയ്യാൻ കഴിയില്ല' എന്ന ചിന്താഗതി മാറി 'എനിക്കിത് എങ്ങനെയെങ്കിലും പഠിച്ചെടുക്കാൻ സാധിക്കും' എന്ന ചിന്തയിലേക്ക് അവരെ എത്തിക്കാൻ ഇത്തരം അനുഭവങ്ങൾ സഹായിക്കും.

പ്രശംസിക്കുന്നതിനേക്കാൾ വലുതാണ് അനുഭവങ്ങൾ

കുട്ടികളെ എപ്പോഴും പുകഴ്ത്തുന്നത് നല്ലതാണെങ്കിലും, അത് മാത്രം യഥാർഥ ആത്മവിശ്വാസം വളർത്താൻ പര്യാപ്തമല്ല. സ്വയം തീരുമാനങ്ങൾ എടുക്കാനും, ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ചെയ്തു നോക്കാനും, തെറ്റുകൾ പറ്റിയിട്ട് വീണ്ടും ശ്രമിക്കാനുമുള്ള അവസരങ്ങൾ അവർക്ക് നൽകണം. ഇത്തരം അനുഭവങ്ങളിലൂടെയാണ് കുട്ടികൾ തങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്നത്. അതിനാൽ തന്നെ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ വലിയ പരിശീലനങ്ങൾ നൽകണമെന്നില്ല, മറിച്ച് അവരുടെ കാര്യങ്ങൾ കേൾക്കാനും അവർക്ക് ആവശ്യമുള്ള പിന്തുണ നൽകാനും തയ്യാറായാൽ മാത്രം മതി. ഈ ചെറിയ നിമിഷങ്ങൾ കാലക്രമേണ അവരിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരും.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News