സുഹൃത്തുക്കളെ സൃഷ്ടിച്ചെടുക്കുന്ന സുബിയുടെ അത്ഭുതവിദ്യ

ആരെ പരിചയപ്പെട്ടാലും തമാശപറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച് സുഹൃത്താക്കുവാൻ പ്രത്യേക വിരുതായിരുന്നു. അതുമൂലം ചില്ലറ ചില നഷ്ടങ്ങളൊക്കെ സംഭവിച്ചിരിക്കാമെങ്കിലും സൗഹൃദമായിരുന്നു അവരുടെ ഊർജം.

Update: 2023-02-22 08:01 GMT
Advertising

യവനിക വീണു. പ്രകടനം മതിയാക്കി സുബി സുരേഷും യാത്രയായി. ആശുപത്രിയിലായിരുന്നുവെങ്കിലും തികച്ചും അവിശ്വസനീയമായ മടക്കം.

ഏതാണ്ട് 22 വർഷം മുമ്പാണ് സുബിയെ ആദ്യമായി കാണുന്നതും കൂട്ടാകുന്നതും. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിൽ ഇവന്റുകളുടെ സഹായിയായി ജോലി ചെയ്യുന്ന സമയത്ത് ആദ്യം കാണുമ്പോൾ സുബി നർത്തകിയാണ്. കൊറിയോഗ്രാഫറായ ശ്രീജിത്തിന്റെ മുഖ്യസഹായിയും കിടിലൻ സിനിമാറ്റിക് ഡാൻസറും. പിന്നീടാണ് മിമിക്രിയിലേക്കും സിനിമയിലേക്കുമെല്ലാമുള്ള രംഗപ്രവേശം.

സ്റ്റേജ് ഷോകളിൽ നർത്തകിയായും കോമഡി സ്‌കിറ്റിലെ മെയിൻ താരമായും പാട്ടുകാർക്കൊപ്പം കൂടെപ്പാട്ടുകാരിയും മൂന്നു മണിക്കൂറും വേദിയിൽ നിറഞ്ഞുനിൽക്കുന്ന സുബിയെയാണ് എപ്പോഴും ഓർമവരിക. വിശ്രമമില്ലാത്ത മൂന്നു മണിക്കൂറാണ് സുബിയെ സംബന്ധിച്ച് സ്‌റ്റേജ് ഷോ.

രണ്ടു പതിറ്റാണ്ടുകൾക്കിടയ്ക്ക് ഗൾഫിലും അമേരിക്കയിലുമൊക്കെ നൂറുകണക്കിനു വേദികളിൽ അണിയറക്കാരനായി സുബിയോടൊപ്പം ജോലി ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അത്ഭുതപ്പെടുത്തിയിട്ടുള്ള ഒരു കാര്യം ഷോയിൽ ആദിമധ്യാന്തമുള്ള സുബിയുടെ എനർജി ലെവൽ ആണ്.

അവസാനമായി ഒരുമിച്ചത് ഒരു വിവാഹപാർട്ടിയുമായി ബന്ധപ്പെട്ട സ്‌റ്റേജ് ഷോയ്ക്കു വേണ്ടിയാണ്. കുറച്ചു രോഗാവസ്ഥയുണ്ടായിരുന്നെങ്കിലും സ്‌റ്റേജിൽ കയറിയപ്പോൾ സുബി പഴയ ആളായി. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആനന്ദിപ്പിച്ചു.

സുബിയുടെ വ്യത്യസ്തങ്ങളായ കലാവാസനകളോടൊപ്പം തന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കഴിവായിരുന്നു സാഹചര്യങ്ങളുമായുള്ള ഇണങ്ങിച്ചേരലും സുഹൃത്തുക്കളെ സൃഷ്ടിക്കാനുള്ള മിടുക്കും. ആരെ പരിചയപ്പെട്ടാലും തമാശപറഞ്ഞ് പൊട്ടിച്ചിരിപ്പിച്ച് സുഹൃത്താക്കുവാൻ പ്രത്യേക വിരുതായിരുന്നു. അതുമൂലം ചില്ലറ ചില നഷ്ടങ്ങളൊക്കെ സംഭവിച്ചിരിക്കാമെങ്കിലും സൗഹൃദമായിരുന്നു അവരുടെ ഊർജം.

മികച്ച ഒരു നർത്തകിയെ, അതുപോലെ ഒരു ഹാസ്യതാരത്തെ, അതിലും മികച്ച ഒരു സുഹൃത്തിനെ, അതിനേക്കാളേറെ കുടുംബത്തെയും സൗഹൃദങ്ങളെയും പരിപാലിച്ച ഒരു സുമനസ്സിനെ മലയാളിക്ക് നഷ്ടമായിരിക്കുന്നു.

വ്യക്തിജീവിതത്തിലെ നഷ്ടബോധങ്ങൾ ചിരിത്തുള്ളികൾ കൊണ്ട് ചിതറിച്ചു കളഞ്ഞ പ്രിയ സുഹൃത്തിന് ഒരു നിറകൺചിരി സമർപ്പിക്കുന്നു.

Tags:    

Writer - André

contributor

Editor - André

contributor

By - സുബാഷ് അഞ്ചൽ

മാധ്യമപ്രവര്‍ത്തകന്‍, ഇവന്‍റ് ഡയരക്ടര്‍

Similar News