ശിവജി ജയന്തി ആഘോഷിച്ച് മഹാരാഷ്ട്ര ഡി.വൈ.എഫ്.ഐ; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

ചരിത്രത്തെ ശരിയായ വിധത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഡി.വെെ.എഫ്.ഐ ശിവജി ജയന്തി ആഘോഷിച്ചതെന്നാണ് വിശദീകരണം

Update: 2021-02-22 06:37 GMT

ഛത്രപതി ശിവജിയുടെ ജന്മദിനം ആഘോഷിച്ച മഹാരാഷ്ട്ര ഡി.വെെ.എഫ്.ഐയെ വിമർശിച്ചും പരിഹസിച്ചും സോഷ്യൽ മീ‍ഡിയ. ശിവജി ജയന്തിയുടെ ഭാഗമായി കുട്ടികളുടെ ചിത്രരചനാ മത്സരവും സംഘടിപ്പിച്ചിരുന്നു. കേരളത്തിൽ ശ്രീ കൃഷ്ണ ജയന്തി ആഘോഷിച്ച് തുടങ്ങിയ പാർട്ടി മഹാരാഷ്ട്രയിൽ ശിവജി ജയന്തിയും ആഘോഷമാക്കാൻ ആരംഭിച്ചതായി സോഷ്യല്‍ മീഡിയ പരിഹസിച്ചു. സം​ഗതി ചർച്ചയായതോടെ വിശദീകരണവുമായി ഡിഫി രം​ഗത്തെത്തി.

ഹിന്ദുത്വവാദികൾ അവരുടെ ഐക്കണായി കൊണ്ടുനടക്കുന്ന ശിവജി യഥാർഥത്തിൽ ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെ പ്രതീകമാണെന്ന് ഡി.വെെ.എഫ്.ഐ ഫേസ്ബുക്കിൽ കുറിച്ചു. മുസ്‍ലിങ്ങൾക്കെതിരെ പടനയിച്ച ഹിന്ദു രാജാവ് എന്ന തരത്തിൽ ശിവജിയെ ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കുകയായിരുന്നു. എന്നാൽ ഹിന്ദു-മുസ്‍ലിം ഐക്യത്തിനായി പ്രവർത്തിച്ചയാളാണ് ശിവജി. മു​ഗളൻമാർക്കെതിരായുള്ള ശിവജിയുടെ യുദ്ധങ്ങൾ രാഷ്ട്രീയപരമായിരുന്നു.

Advertising
Advertising

ബ്രാഹ്മണാധിപത്യത്തിനെതിരായി ജാതീയതക്കെതിരെ പോരാടിയ ശിവജിയെ പക്ഷെ, ഹിന്ദുത്വ കേന്ദ്രങ്ങൾ ചരിത്രത്തെ വളച്ചൊടിച്ച് ഹിന്ദുത്വവാദിയാണെന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ചരിത്രത്തെ ശരിയായ വിധത്തിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഡി.വെെ.എഫ്.ഐ ശിവജി ജന്തി ആഘോഷിച്ചതെന്നും, അതിൽ അത്ഭുതപ്പെടേണ്ടതായൊന്നുമില്ലെന്നും ഡി.വെെ.എഫ്.ഐ മഹാരാഷ്ട്ര ഫേസ്ബുക്ക് പേജിൽ കുറിച്ചു.

എന്നാല്‍ ഡി.വൈ.എഫ്.ഐ ശിവജി ആഘോഷം ആരംഭിച്ചത് നിലപാട് മാറ്റത്തിന്റെ ഭാഗമാണെന്ന കുറ്റപ്പെടുത്തലുകളുമായും ഒരു വിഭാഗം രംഗത്തെത്തി. ഇന്ന് ശിവജി ആഘോഷം, നാളെ സവർക്കർ ജയന്തിയും പിന്നെ ​ഗോൾവാൾക്കർ ജയന്തിയും ഇനി ആഘോഷിക്കാമെന്നും പരിഹാസമുയർന്നു. ഇത് മള്‍ട്ടിപ്പിള്‍ ഡിസോര്‍ഡറാണെന്നും ചിലര്‍ ട്രോളി. ഫേസ്ബു​ക്ക് പോസ്റ്റിന് താഴെ, ശിവജിയെ കുറിച്ച് കേരളത്തിലെ ഡി.വൈ.എഫ്.ഐക്കാർക്ക് ഇവ്വിധം ക്ലാസെടുത്ത് കൊടുക്കണമെന്നും ചിലർ കുറിച്ചു.

Tags:    

Similar News