വെണ്ണപ്പാളി ഭേദിച്ച ചെരുപ്പേറും ഹിന്ദുത്വ അക്രമ ആഹ്വാനങ്ങളും

ചീഫ് ജസ്റ്റിന്റെ മുഖത്ത് തുപ്പാൻ ധൈര്യമുള്ള ഒരു ഹിന്ദുവിനെ കണ്ടില്ല എന്നാണ് ഈ സംഭവത്തോട് പ്രതികരിച്ചു കൊണ്ടു ടി.ജി.മോഹൻദാസ് പറഞ്ഞത്. ചീഫ് ജസ്റ്റിസിൻ്റെ മുഖത്തു തുപ്പാനും വണ്ടി തടയാനും ഹിന്ദുവിനെ ആഹ്വാനം ചെയ്യാൻ ടി.ജി മോഹൻദാസിനെ പോലെ ഉള്ളവർക്ക് ഒരു ഭയവും ഇല്ല. ദലിതരോടുള്ള വെറുപ്പ് അവർ നേടുന്ന അധികാരത്തോടോ അവർക്കു ലഭിക്കുന്ന പരിഗണനയോടോ ലഭ്യമാകുന്ന തുല്യതയുടെ ഏതടരുകളോടോ ഉള്ള അസഹിഷ്ണുതയാണവർക്ക്. വ്യവസ്ഥയുടെ ഏതു വിലക്കുകളും അതിലംഘിച്ചുകൊണ്ട് അത് പ്രകടിപ്പിക്കാൻ സനാതന അധർമ്മത്തിൻ്റെ വക്താക്കൾക്കും പ്രചാരകർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരികയില്ല.

Update: 2025-10-12 12:02 GMT

ജന്മം കൊണ്ടു ദലിതനും വിശ്വാസം കൊണ്ടു ബുദ്ധമതാനുയായിയും പ്രത്യയശാസ്ത്രം കൊണ്ട് അംബേദ്ക​റൈറ്റുമായ ജസ്റ്റിസ് ബി.ആർ.ഗവായി, ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെ പരമോന്നത അധികാരത്തിൽ എത്തിയപ്പോൾ അത് തീർച്ചയായും ഇന്ത്യൻ ഭരണഘടന മുന്നോട്ടു വെക്കുന്ന സമത്വമെന്ന പരമതത്വത്തെ സാക്ഷാത്കരിച്ച ചരിത്രസന്ദർഭം തന്നെയായിരുന്നു.അവിടെ അദ്ദേഹത്തിൻ്റെ ജനനം എവിടെയായിരുന്നു എന്നത് അദ്ദേഹത്തിൻ്റെ സാധ്യതകളെ പരിമിതപ്പെടുത്തിയിട്ടില്ല; പരിധി നിർണ്ണയിച്ചില്ല. എന്നാൽ സുപ്രിം കോടതിയിലെ ഒരഭിഭാഷകനായ രാകേഷ് കിഷോർ, ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിയ്ക്ക് നേരേ ഷൂ എറിഞ്ഞ അത്യന്തം അപലപനീയമായ അപമാനം,ജാതീയതയുടെ പ്രത്യക്ഷ ആക്രമണം എന്നതുപോലെ തന്നെ അദ്ദേഹം തന്നെ മുന്നോട്ടു വെച്ച വാദങ്ങളെയും നടത്തിയ ചില വിധി പ്രസ്താവങ്ങളുടെ സാംഗത്യത്തെയും റദ്ദു ചെയ്യുന്ന ഒന്നുമാണ്.

Advertising
Advertising

ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്ക്കു നേരേ നടന്ന ആക്രമണം നിർഭാഗ്യകരം എന്നതിനേക്കാൾ വ്യക്തമായ ചില യാഥാർത്ഥ്യങ്ങളുടെ വെളിപ്പെടലാണ്. ഇന്ത്യ അതിൻ്റെ ബോധാബോധങ്ങളിൽ നിരന്തര ജാഗ്രതയോടെ കൊണ്ടുനടക്കുന്ന ജാതിവെറിയുടെ ചെരുപ്പാണദ്ദേഹത്തിനു നേരേ പാഞ്ഞത്, അധികാരസ്ഥാനങ്ങൾ നേടുന്ന അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്കെതിരെ നിരന്തരം പ്രവർത്തിക്കുന്ന ജാതി വെറുപ്പാണത് . ദൈനംദിനമെന്നോണം ജീവിതത്തിൻ്റെ ഏതടരുകളിലും നടക്കുന്ന ബഹിഷ്കരണ ശ്രമങ്ങളും വിദ്വേഷ പ്രചാരണവും അദൃശ്യമായ സാമൂഹിക അതിരുകളും അതിലംഘിച്ച് കടന്നുവരുന്നവരെ എറിഞ്ഞോടിക്കാനുള്ള ത്വരയാണതിൽ പ്രവർത്തിച്ചത്. 

ചീഫ് ജസ്റ്റിസ് ബി.ആർ ഗവായിക്ക് അത്തരത്തിലൊരപമാനം ആ പദവിയിൽ എത്തിയ ശേഷം ആദ്യമായിട്ടായിരുന്നില്ല. ചീഫ് ജസ്റ്റിസായി ചുമതല ഏറ്റെടുത്തതിനു ശേഷമുള്ള അദ്ദേഹം തൻ്റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിൽ നടത്തിയ ആദ്യ സന്ദർശനം 2025 മെയ് 14 നായിരുന്നു.മഹാരാഷ്ട്ര, ഗോവ ബാർ കൗൺസിൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു അനുമോദന പരിപാടി സംഘടിപ്പിച്ചു എന്നാൽ അതിലേക്ക് ക്ഷണിക്കപ്പെട്ട,സംസ്ഥാനത്തെ മുതിർന്ന ഉദ്യോഗസ്ഥരെല്ലാം കൂട്ടത്തോടെ പ്രസ്തുത പരിപാടിയിൽ നിന്നു വിട്ടുനിന്നതോടെ അനുമോദന ചടങ്ങ് അദ്ദേഹത്തെ അപമാനിക്കുന്നതായി മാറി. അതിൽ നിരാശ പ്രകടിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു ‘ജനാധിപത്യത്തിന് മൂന്ന് തൂണുകളുണ്ടെന്നും അവ തുല്യമാണെന്നും പറയുന്നു. ഭരണഘടനയുടെ ഓരോ അവയവവും മറ്റ് അവയവങ്ങൾക്ക് പരസ്പര ബഹുമാനം നൽകുകയും അർഹമായ ബഹുമാനം നൽകുകയും വേണം. മഹാരാഷ്ട്രയിൽ നിന്നുള്ള ഒരാൾ ആദ്യമായാണ് ഇന്ത്യയുടെ ചീഫ് ജസ്റ്റിസായതിനു ശേഷം സംസ്ഥാനത്തേക്ക് വരുന്നത്. മഹാരാഷ്ട്ര ചീഫ് സെക്രട്ടറി,സംസ്ഥാന പൊലീസ് ഡയറക്ടർ ജനറൽ, മുംബൈ പോലീസ് കമ്മീഷണർ എന്നിവർക്ക് ഈ ചടങ്ങിൽ വരേണ്ട ആവശ്യമില്ലെന്ന് തോന്നിയെങ്കിൽ, അത് എന്തുകൊണ്ട് തോന്നി എന്ന് അവരാണ് ചിന്തിക്കേണ്ടത്’.

[We say that there are three pillars of democracy, judiciary, legislature and executive, and that they are equal. Every organ of the Constitution must reciprocate and give its due respect to the other organs. A person from Maharashtra is coming to the state as Chief Justice of India for the first time. If Maharashtra’s Chief Secretary, the state’s Director General of Police or the Mumbai Commissioner of Police do not feel it necessary to come, it is for them to think about.”]

ഭരണഘടനാപദവികളിൽ ഇരിക്കുന്നവർ പരസ്പരം കാണിക്കേണ്ട ആദരവിന്റെ കുറവാണിതെന്ന് തുറന്നു പറയേണ്ടി വന്നു എന്നത് അദ്ദേഹം നിരന്തരം നേരിടേണ്ടി വന്ന ബഹിഷ്കരണ ശ്രമങ്ങളുടെ തുടർച്ചയിലാണ്. എന്നിട്ടും ആത്മാഭിമാനം ഉയർത്തിപ്പിടിച്ചും തികഞ്ഞ ആത്മസംയമനത്തോടും കൂടിയാണ് സമത്വം എന്നത് കേവലം ഒരു നിയമവ്യവസ്ഥ മാത്രമല്ല, അത് ഒരു സാമൂഹ്യ ധർമ്മവുമാണ് എന്ന സത്യത്തെ അദ്ദേഹം ഓർമ്മപ്പെടുത്തിയത്. പക്ഷേ,ബഹിഷ്കരണം എല്ലാ കാലത്തും ജാതീയതയുടെ ഏറ്റവും ബലമുള്ള ആയുധമാണ്. അതിനെയും അദ്ദേഹം അതിജീവിച്ചു എന്നിട്ടും അവർ വിട്ടില്ല.

ചീഫ് ജസ്റ്റിന്റെ മുഖത്ത് തുപ്പാൻ ധൈര്യമുള്ള ഒരു ഹിന്ദുവിനെ കണ്ടില്ല എന്നാണ് ഈ സംഭവത്തോട് പ്രതികരിച്ചു കൊണ്ടു ടി.ജി.മോഹൻദാസ് പറഞ്ഞത്. ചീഫ് ജസ്റ്റിസിൻ്റെ മുഖത്തു തുപ്പാനും വണ്ടി തടയാനും ഹിന്ദുവിനെ ആഹ്വാനം ചെയ്യാൻ ടി.ജി മോഹൻദാസിനെ പോലെ ഉള്ളവർക്ക് ഒരു ഭയവും ഇല്ല. ദലിതരോടുള്ള വെറുപ്പ് അവർ നേടുന്ന അധികാരത്തോടോ അവർക്കു ലഭിക്കുന്ന പരിഗണനയോടോ ലഭ്യമാകുന്ന തുല്യതയുടെ ഏതടരുകളോടോ ഉള്ള അസഹിഷ്ണുതയാണവർക്ക്. വ്യവസ്ഥയുടെ ഏതു വിലക്കുകളും അതിലംഘിച്ചുകൊണ്ട് അത് പ്രകടിപ്പിക്കാൻ സനാതന അധർമ്മത്തിൻ്റെ വക്താക്കൾക്കും പ്രചാരകർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരികയില്ല.

ചെരുപ്പേറും അതേക്കാൾ വെറുപ്പു വമിപ്പിക്കുന്ന ഇത്തരം പ്രസ്താവനകളും നിരന്തരം ഉണ്ടാവുമ്പോഴും പൊതുസമൂഹത്തിന് അതിൽ യാതൊരു അസ്വസ്ഥതയും ഉണ്ടാവുന്നുമില്ല .എന്തിനേറെ പറയുന്നു, ഏതെങ്കിലും ഒരു സാധാരണ അഭിഭാഷകന് നേരേ കൈയ്യേറ്റമുണ്ടായാൽ പോലും ഒത്തുകൂടുന്ന അഭിഭാഷക സംഘടനകൾക്കോ മറ്റാർക്കോ ഒരു പ്രതിഷേധവും ഇല്ല. നാമമാത്രമായെങ്കിലും പ്രതിഷേധശബ്ദമുയർത്തുന്നത് ‘ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ?’ എന്ന് കവി ചോദിച്ച അതേ പതിതരുടെ പിന്മുറക്കാർ മാത്രം. ഇന്ത്യൻ ജുഡീഷ്യറി സംവരണമോ മറ്റേതെങ്കിലും പ്രാതിനിധ്യ അവകാശങ്ങളോ നിലനിൽക്കുന്ന ഇടമല്ലാതിരിന്നിട്ടും, അവിടെ കൊളീജിയം തിരഞ്ഞെടുപ്പ് ഉൾപ്പെടെ ഭരണഘടനാനുശാസിതമായി ചീഫ് ജസ്റ്റിസായി തിരഞ്ഞെടുക്കപ്പെട്ട ഒരാൾ അതിനിന്ദ്യമായി അവഹേളിക്കപ്പെട്ടപ്പോൾ അത് ജുഡീഷ്യറിക്കും ഭരണഘടനക്കും ഏറ്റ അപമാനമായി അനുഭവപ്പെടാത്തതിൻ്റെയും അത് പ്രതിഷേധിക്കപ്പെടേണ്ട കുറ്റകൃത്യമാണ് എന്നറിയാതെ നിശ്ശബ്ദമായിരിക്കുന്നതിൻ്റെയും കൂടി പേരാണ് ജാതീയത.

അതേ തുടർന്നും ടി.ജി മോഹൻദാസിനെ പോലുള്ള മതഭ്രാന്തന്മാർ പ്രചരിപ്പിക്കുന്ന വെറുപ്പിനെ യാതൊരു പ്രശ്നവും ഇല്ലാതെ കേട്ട് കയ്യിൽ ചരടും കെട്ടി,കാവിക്കൊടിയും പിടിച്ച്, ജയ്ശ്രീറാമും വിളിച്ച് അവർക്കു പിന്നാലെ പോവുന്ന ദലിത് സംഘികളാണ് തിരിച്ചറിയേണ്ടത്. രാകേഷ് കിഷോറിൻ്റെയും ടി.ജി. മോഹൻദാസിൻ്റെയും രാമരാജ്യം ദലിതൻ്റെ ശത്രുരാജ്യമാണ്. കാലം ചെല്ലുമ്പോൾ അതവർക്ക് നഷ്ടരാജ്യമായി മാറും.

നിരന്തരം അവർ ദലിതരോട് ചോദിക്കുന്നു;നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ചീഫ് ജസ്റ്റിസ് ഉണ്ടായില്ലേ? രാഷ്ട്രപതി ? മന്ത്രിമാർ? കോളേജ് അധ്യാപകർ ? കiക്ടർമാർ ? ഗവേഷകർ ? എന്നിട്ടും നിങ്ങൾക്കിനിയും എന്തിന് സംവരണം? എന്തിന് ഭരണഘടനാ സംരക്ഷണം? ഉവ്വ്.. ഉവ്വ്.. ഉണ്ടായിട്ടുണ്ട്, ഉണ്ടായിരുന്നു, ഉണ്ടാകുകയും ചെയ്യും. പക്ഷേ അവിടങ്ങളിലെല്ലാം നിത്യമെന്നോണം അസഹിഷ്ണുത നിറഞ്ഞ നോട്ടത്തിലും വാക്കിലും എന്നു തുടങ്ങി വെറുപ്പിൻ്റെ അങ്ങേ അറ്റത്തെ ചെരുപ്പേറിൽ വരെ എത്തുന്ന അധിക്ഷേപത്തെ, ആക്രമണത്തെ ജാതിയെന്ന് തിരിച്ചറിയാതെ, മുള്ളിൽ ചവിട്ടി മുറിഞ്ഞുകൊണ്ടും അപമാനത്താൽ ചോര ഒലിച്ചു കൊണ്ടും നിത്യേന അവർ കഴിച്ചു കൂട്ടുന്ന നിസ്സഹായതയെ,ജാതിഭീകരതയുടെ ശിക്ഷാനടപടികളെന്ന് തിരിച്ചറിയാതെ,ആ പദവികളെ കുറിച്ച് അവിടെ എത്തിയ മനുഷ്യരെക്കുറിച്ച് ചന്ദ്രനിൽ കാലുകുത്തിയ ഗർവ്വോടെ നിങ്ങൾ അഭിമാനിക്കൂ എന്ന് പറയുമ്പോൾ എങ്ങനെ ആവും എന്നാണ് ?

സമ്പത്തോ മെച്ചപ്പെട്ട തൊഴിലോ ഉണ്ടാവുന്നതോടെയാണ് ജാതി അവസാനിക്കുന്നതെന്നാണ് കുറേപ്പേരെങ്കിലും വിശ്വസിക്കുന്നത്. നിർഭാഗ്യവശാൽ ചീഫ് ജസ്റ്റിസ് ആർ.എസ് ഗവായ് തന്നെയും പൂർണ്ണമായല്ലെങ്കിൽ കൂടിയും അത്തരത്തിൽ വിശ്വസിച്ചിരുന്നു. 2025 ജൂൺ മാസത്തിൽ ഓക്‌സ്‌ഫോർഡ് യൂണിയനിൽ 'പ്രാതിനിധ്യം മുതൽ യാഥാർത്ഥ്യം വരെ: ഭരണഘടനാ വാഗ്ദാനത്തിൻ്റെ ഉൾക്കൊള്ളൽ' (From Representation to Realisation: Embodying the Constitution's Promise)

എന്ന വിഷയത്തിൽ സംസാരിക്കവേ സാമൂഹിക-സാമ്പത്തിക പിന്നാക്കാവസ്ഥയും സർക്കാർ ജോലികളിലെ പ്രാതിനിധ്യക്കുറവിന്റെ അളവും അടിസ്ഥാനമാക്കി പട്ടികസമുദായങ്ങളിലെ ജാതികളെ ഉപവർഗ്ഗീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതി നൽകിക്കൊണ്ട് പുറപ്പെടുവിച്ച വിധിന്യായത്തെ അദ്ദേഹം വിശദീകരിക്കയുണ്ടായി.അന്നദ്ദേഹം ക്രീമിലെയറിനെ നീതീകരിച്ചു കൊണ്ടു സംസാരിച്ചത്,സ്വയം ഒരുദാഹരണമായി സ്ഥാപിച്ചു കൊണ്ടാണ്.

പതിറ്റാണ്ടുകൾക്ക് മുമ്പ് ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പൗരന്മാരെ തൊട്ടുകൂടാത്തവർ എന്ന് വിളിച്ചിരുന്നു, എന്നാൽ രാജ്യം മുന്നോട്ട് നീങ്ങിയെന്നും ‘ഇന്ന് നമ്മൾ ഇവിടെയുണ്ട്, അതേ തൊട്ടുകൂടാത്ത ജനങ്ങളിൽ പെട്ട ഒരാളായ, ഞാൻ ഇതാ രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലെ ഏറ്റവും ഉയർന്ന പദവി വഹിക്കുന്നയാൾ എന്ന നിലയിൽ പരസ്യമായി സംസാരിക്കുന്നു’ എന്നും പറഞ്ഞു കൊണ്ടാണ്.

സമൂഹത്തിന്റെയും അധികാരത്തിന്റെയും എല്ലാ മേഖലകളിലും അവർക്ക് തുല്യ സ്ഥാനമുണ്ടെന്നും ഭരണഘടനയുടെ പ്രധാന ശില്പിയായ ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടു വെച്ച ജനാധിപത്യ സങ്കൽപ്പവും സമത്വവും ഭരണഘടനാ മൂല്യങ്ങളുടെ ഉറപ്പുകളുടെയും ബലത്തിലാണത് സാധ്യമായതെന്നാണ് അദ്ദേഹം അന്നു തൻ്റെ പ്രസംഗം അവസാനിപ്പിച്ചത്. ഈ ചെരിപ്പേറ്, തൻ്റെ രാജ്യത്തിനുണ്ടായി എന്ന് തന്നെ തന്നെ ഉദാഹരണമാക്കി അദ്ദേഹം നിർമ്മിച്ചെടുത്ത ആത്മവിശ്വാസത്തിനു നേരേ കൂടിയാണ്.

വിദ്യാഭ്യാസത്തിലൂടെയോ തൊഴിലിലൂടെയോ ദലിതർ നാമമാത്രമായെങ്കിലും നേടുന്ന സാമൂഹ്യ ചലനാത്മകത (Social Mobility) ചീഫ് ജസ്റ്റിസ് അടക്കം വിഭാവനം ചെയ്ത അർത്ഥത്തിൽ സാമൂഹിക അന്തസ്സായി മാറുന്ന അവസ്ഥ സംജാതമായിട്ടില്ല എന്നാണ് ഈ ദുരനുഭവം സൂചിപ്പിക്കുന്നത്.

ഇന്ത്യ സ്വയം അതിനെ ആഘോഷിക്കുന്നത് യോഗ്യത അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട ആളുകൾ അധികാരം കൈവശം വച്ചിരിക്കുന്ന ഒരു സമൂഹമായിട്ടാണ്, (Meritocratic Society), ഒപ്പം ജാതിയൊക്കെ പണ്ടുണ്ടായിരുന്ന ഇപ്പോൾ പുരോഗമിപ്പിക്കപ്പെട്ട ഒരു ഘട്ടത്തിലാണ് ( Post cast zone) രാജ്യമെന്നും സ്ഥാപിക്കുന്നു. ഈ രണ്ടു വാദങ്ങളും സാധൂകരിക്കുന്നതായിരുന്നു അദ്ദേഹത്തിൻ്റെ പ്രസംഗം. എന്നാൽ അദ്ദേഹം തന്നെ സ്വയം അടയാളപ്പെടുത്തിയതുപോലെ, ഇന്ത്യയിലെ ഏറ്റവും ഉയർന്ന ജുഡീഷ്യൽ അധികാരിയായ , ഒരു ദലിതൻ, ഒരു ക്ഷേത്രസംബന്ധിയായ വിധി പ്രസ്താവനയുടെ പേരിൽ നിന്ദ്യമായ അപമാനത്തിന് ഇരയാകുമ്പോൾ, അവിടെ ഉണ്ടാകുന്നത് മതപരമായ അസഹിഷ്ണുത മാത്രമല്ല അതിനോട് ജാതീയതയെ കൂട്ടിച്ചേർത്തുണ്ടാക്കിയ അപകടകരമായ മിശ്രണമാണ് എന്നാണ് മനസ്സിലാക്കേണ്ടത്. ദലിതൻ്റെ യോഗ്യതയെ പരസ്യ അപമാനത്തിലൂടെ ചോദ്യം ചെയ്യലാണ് നടന്നത്, ഇന്ത്യ ജാത്യനന്തര ഘട്ടത്തിലല്ല, ജാത്യാന്ധതയുടെ തുടർച്ചയിൽ തന്നെയാണ് എന്ന വെളിപ്പെടലാണത്.

അവസരങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളെ അതിജീവിച്ചും അവർ വിജയിച്ചു വന്നാൽ അവരോട് നിരന്തരനീരസം കാണിച്ചുകൊണ്ടും, അവരെ പരാജയപ്പെടുത്താനും നിരാശരാക്കാനും ഉള്ള എല്ലാ സാധ്യതകളും ഒറ്റക്കും കൂട്ടായും ഉപയോഗിച്ചു കൊണ്ടുമാണ് ഈ നാട്ടിൽ ജാതീയത പ്രവർത്തിക്കുന്നത്. അതൊരു വെണ്ണപ്പാളി കൊണ്ടും വേർതിരിക്കാനാവാത്തതാണ്.

ദലിത് വിഭാഗത്തിൽ നിന്നുള്ള ഒരു വ്യക്തി നേടിയെടുക്കുന്ന നേട്ടം എന്നത് അവരുൾപ്പെടുന്ന സമൂഹത്തിൻ്റേതു കൂടിയായി പരിഗണിക്കപ്പെടുന്ന ഇടത്ത് അവൻ്റെ അന്തസ്സിനെ അവഹേളിക്കുക എന്നത്,അവനുൾപ്പെടുന്ന ജനസമൂഹത്തിനുള്ള ശിക്ഷയാണ്. ആ അർത്ഥത്തിൽ ശിക്ഷിക്കപ്പെട്ടത്, അപമാനിക്കപ്പെട്ടത് ഇന്ത്യയിലെ ദലിത് സമൂഹം മുഴുവനായാണ്.

"കോളനിപ്പിള്ളേരോട് കൂട്ടുകൂടി നടന്നാൽ പിഴച്ചുപോകും'' എന്നു മക്കളെ ഉപദേശിച്ചു നേർ വഴിനടത്തുന്ന മാതാപിതാക്കളിൽ തുടങ്ങി, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലി ഇടങ്ങളിൽ, സർഗ്ഗാത്മക ഇടങ്ങളിൽ,അവസരതുല്യതയിൽ ഓൺലൈനിലും ഓഫ് ലൈനിലും തുടരുന്ന ജാതിയധിക്ഷേപങ്ങളിൽ എങ്ങും എവിടെയും നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജാതീയതയെ അഭിസംബോധന ചെയ്യാതെ നമുക്ക് ജാതിയില്ല എന്ന പൊതിഞ്ഞു പറയലുമായി മുന്നോട്ടു പോവാനാവില്ല. അതൊരു ക്രൂരയാഥാർത്ഥ്യമാണ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - വിനീത വിജയൻ

Writer, Academic

Similar News