മാവോയിസ്റ്റുകളെ ഇല്ലാതാക്കുന്നതിലൂടെ ജനകീയ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി ഒതുക്കാം എന്ന ലക്ഷ്യം ഭരണകൂടങ്ങൾക്കുണ്ട്- കെ. മുരളി

എഴുത്തുകാരനും മാവോയിസ്റ്റ് സൈദ്ധാന്തികനുമായ കെ. മുരളി സംസാരിക്കുന്നു

Update: 2025-10-23 06:42 GMT

2024 ജനുവരിയിൽ മാവോയിസ്റ്റുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സർക്കാർ 'ഓപ്പറേഷൻ കഗാർ' എന്ന പേരിൽ മധ്യ ഇന്ത്യയിൽ ആരംഭിച്ച സൈനിക നീക്കം ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ സൈന്യത്തിലെ പട്ടാളക്കാരും, മാവോയിസ്റ്റുകളും, ആദിവാസി സമൂഹത്തിലെ സാധാരണ മനുഷ്യരുമടക്കം അനവധി പേർ ഇതിനോടകം തന്നെ കൊല്ലപ്പെട്ടു.2026 മാർച്ച്‌ 31 ആകുമ്പോഴേക്കും മാവോയിസ്റ്റുകളെ മുഴുവനായും രാജ്യത്തിൽ നിന്ന് തുടച്ച് നീക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരിക്കുകയാണ്. സമാധാന കരാറിന് മാവോയിസ്റ്റുകൾ തയ്യാറായിട്ടും അതിനെ മുഖവിലക്കെടുക്കാതെ കേന്ദ്ര സർക്കാർ തുടരുന്ന ഓപ്പറേഷനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്.  എഴുത്തുകാരനും, മാവോയിസ്റ്റ് സൈദ്ധാന്തികനുമായ കെ. മുരളി സംസാരിക്കുന്നു.

Advertising
Advertising

ചോദ്യം: 2024 ജനുവരി മുതലാണ് മാവോയിസ്റ്റുകളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ഛത്തീസ്ഗഡ്,തെലങ്കാന,ഒഡിഷ,ഝാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ 'ഓപ്പറേഷൻ കഗാർ' എന്ന പേരിൽ സൈനിക നീക്കം ആരംഭിക്കുന്നത്. മനുഷ്യാവകാശ സംഘടനകളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത് 2025 മെയ് മാസം വരെയുള്ള കണക്ക് പ്രകാരം ഏതാണ്ട് നാനൂറോളം മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ്. കൊല്ലപ്പെട്ടതിന്റെ മൂന്നിലൊന്ന് വിഭാഗം ആദിവാസി സമൂഹത്തിൽ നിന്നുള്ള മനുഷ്യരാണ്. ഇന്ത്യൻ സൈന്യത്തെ ഉപയോഗിച്ച് ഇന്ത്യയിലെ ജനങ്ങളെ തന്നെ ഇല്ലായ്മ ചെയ്യുന്ന സർക്കാറിന്റെ ഈയൊരു നീക്കത്തെ മുഖ്യധാര പ്രതിപക്ഷ പാർട്ടികളൊക്കെയും ഇതിനോടകം തന്നെ അപലപിച്ചിട്ടുണ്ട്. ഓപ്പറേഷൻ കഗാറിനെ താങ്കൾ എങ്ങനെയാണ് കാണുന്നത്?

നീണ്ട കാലമായി ഇന്ത്യൻ ഭരണവർഗങ്ങൾ ഇന്ത്യയിലുടനീളം തന്നെ നടത്തി കൊണ്ടിരിക്കുന്ന അടിച്ചമർത്തലുകളുടെ തുടർച്ചയുടെ തീവ്രവുമായ രൂപമാണ് ഓപ്പറേഷൻ കഗാർ. എന്ത് വിലകൊടുത്തും എങ്ങനെയെങ്കിലും മധ്യ ഇന്ത്യൻ മേഖലയിൽ നിന്ന് മാവോയിസ്റ്റ് പ്രസ്ഥാനത്തെ തുടച്ച് നീക്കി കൊണ്ട് വൻ തോതിലുള്ള ഖനനത്തിനും മറ്റ് ചൂഷണത്തിനുമുള്ള സാഹചര്യം ഒരുക്കുക, വലിയ വലിയ സൈനിക താവളങ്ങൾ ഒരുക്കുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഇപ്പോൾ ഇത് ചെയ്യുന്നത്. മാത്രമല്ല, രാജ്യത്ത് ഒട്ടാകെ മോദി സർക്കാറിന്റെ ഫാഷിസ്റ്റ് ഭരണത്തിന് എതിരെയുള്ള ബഹുജനാഭിപ്രായവും, ചെറുത്ത് നിൽപ്പും പടി പടിയായി ശക്തിപ്പെടുകയാണ്. വിവിധ സംസ്ഥാനങ്ങളിൽ നടന്ന് കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ കുറിച്ചുള്ള വാർത്തകളൊക്കെയും നമ്മൾ ഇപ്പോൾ തുടർച്ചയായി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ മാവോയിസ്റ്റുകളെ പൂർണ്ണമായി ഇല്ലാതാക്കുന്നതിലൂടെ പ്രതിഷേധിക്കുന്ന ജനകീയ പ്രസ്ഥാനങ്ങളെ ഭയപ്പെടുത്തി ഒതുക്കാം എന്നൊരു കണക്ക് കൂട്ടലും ഓപ്പറേഷൻ കഗാറിന് പിന്നിൽ കേന്ദ്ര സർക്കാരിനുണ്ട്.

​? ഓപ്പറേഷൻ കഗാർ തുടങ്ങിയത് തൊട്ട് കേന്ദ്ര സർക്കാർ പറയുന്നത് മാവോയിസ്റ്റുകളുമായി ചർച്ചയില്ലെന്നാണ്. അതേസമയം, മാവോയിസ്റ്റുകൾ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. സർക്കാർ മാവോയിസ്റ്റുകളുമായി ചർച്ച ചെയ്ത് ഈ പ്രശ്നം അവസാനിപ്പിക്കുമെന്ന് താങ്കൾ പ്രതീക്ഷിക്കുന്നുണ്ടോ?

ഇന്ത്യൻ സൈന്യത്തിന്റെയും, ഛത്തീസ്ഗഡ് പോലെയുള്ള സംസ്ഥാനങ്ങളിലെ അർദ്ധ സൈനികരുടെയും, കീഴടങ്ങി പോയവരെ വെച്ചുണ്ടാക്കിയ സംഘങ്ങളുടെയും അക്രമണങ്ങൾ തീവ്രമാവുകയും, വിമാനവും ഹെലികോപ്റ്ററും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം ശക്തമാവുകയും ചെയ്തതിന്റെ ഫലമായി ധാരാളം ആദിവാസികൾ കൊല്ലപ്പടുകയും ചെയ്ത സാഹചര്യത്തിലാണ് സിവിൽ സമൂഹത്തിൽ നിന്ന് യുദ്ധം അവസാനിപ്പിക്കണം, അതിന് ഇരുകൂട്ടരും തയ്യാറാവണമെന്നൊരു ആഹ്വാനം ഉണ്ടായത്. അത്തരത്തിലുള്ള ആഹ്വാനത്തോട് പ്രതികരിച്ച് കൊണ്ടാണ് മാവോയിസ്റ്റ് നേതൃത്വം ചില ഉപാധികളുടെ അടിസ്ഥാനത്തിൽ ആയുധം താഴെ വെക്കാൻ ഞങ്ങൾ തയ്യാറാണ് എന്ന് വ്യക്തമാക്കിയത്. പക്ഷെ, അതിനെ തിരസ്കരിക്കുകയാണ് കേന്ദ്ര സർക്കാർ ഇതുവരെയും ചെയ്തത്.

​? 'അദാനി ഡിഫൻസ്‌ & എയറോ സ്‌പേസും', ഇസ്രായേലിലെ 'എൽബിട്ട് സിസ്റ്റവും' ചേർന്നുണ്ടായ അദാനി-എൽബിട്ട് എഡ്വേൻസ്ഡ് സിസ്റ്റം ഇന്ത്യയിൽ നിന്നും നിർമ്മിച്ചു നൽകിയ ഹെർമെസ് - 900 എന്ന ഡ്രോണുകൾ ഇസ്രായേൽ ഗസ്സയിലെ വംശഹത്യയിൽ ഉപയോഗിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇസ്രായേൽ നിന്നുള്ള ആയുധങ്ങൾ വച്ചാണ് ഓപ്പറേഷൻ കഗാറിൽ ഇന്ത്യ സൈനീക നീക്കം നടത്തുന്നതെന്നും പറയപ്പെടുന്നു. ഒരേ സമയങ്ങളിൽ രണ്ട് സ്ഥലങ്ങളിലായി നടക്കുന്ന വംശഹത്യയിൽ പരസ്പരം ആയുധങ്ങൾ നൽകി സഹായിക്കുന്നതിലൂടെ ഹിന്ദുത്വവും- സയണിസവും തമ്മിലുള്ള അപകടകരമായ ബന്ധത്തിനല്ലേ നമ്മൾ സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്?

എല്ലാ പിന്തിരിപ്പൻ ആശയങ്ങളും പരസ്പരം ഐക്യപ്പെടുന്ന ഒരു അന്തർധാര എപ്പോഴുമുണ്ടായിട്ടുണ്ട്. ഹിറ്റ്‌ലറുടെയും, മുസ്സോളിനിയുടെയും ഫാഷിസ്റ്റ് ഭരണകൂടത്തോടുള്ള പാശ്ചാത്യ സാമ്രാജിത്വ ശക്തികളുടെ സമീപനം തന്നെ ഇതിന് ഉദാഹരണമാണ്. പ്രത്യക്ഷത്തിൽ ജനാധിപത്യ ധ്വംസനത്തിന്റെ പേര് പറഞ്ഞു കൊണ്ട് സോവിയറ്റ് റഷ്യക്ക് എതിരെ നാസി ജർമനിയുടെയും, ഇറ്റലിയുടെയുമൊക്കെ ആക്രമണം ഉണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് കൊണ്ട് ഹിറ്റ്ലറെയും, മുസോളിനിയെയും ഉള്ളിൽ കൂടി പ്രോത്സാഹിപ്പിക്കുകയും, സഹായിക്കുകയും ചെയ്യുന്ന ഒരു സമീപനമാണ് അമേരിക്കയും, ബ്രിട്ടനുമടങ്ങുന്ന പാശ്ചാത്യ സാമ്രാജിത്വ ശക്തികളുടെ ഭാഗത്ത് നിന്നുണ്ടായത്. അതിന്റെ അടിസ്ഥാനപരമായ കാര്യം എന്താണെന്ന് വെച്ചാൽ, നാസികൾ മുന്നോട്ട് വെച്ച വംശീയ ചിന്ത തന്നെയാണ് എല്ലാ കൊളോണിയൽ ഭരണകൂടങ്ങളും അവർ കയ്യടക്കി വെച്ചിരുന്ന പ്രദേശങ്ങളിൽ നടപ്പിലാക്കി കൊണ്ടിരുന്നത്. അതിന്റെയൊരു തുടർച്ചയാണ് സയണിസവും ഹിന്ദുത്വ ഫാഷിസവും തമ്മിലുള്ള ബന്ധത്തിൽ നമ്മൾ കാണുന്നത്. രണ്ട് കൂട്ടർക്കും പൊതുവായിട്ടുള്ള ശത്രുക്കൾ കൂടിയുണ്ടെന്ന് നമ്മൾ മനസ്സിലാക്കണം, അത്‌ മുസ്‍ലിംകളാണ്. ഇവരിലെ കടുത്ത ഇസ്‌ലാമോഫോബിയ ഇവരെ പരസ്പരം ഐക്യപ്പെടുത്തുന്നുണ്ട്.

​? ഇത്തരത്തിൽ വംശഹത്യക്ക് ആയുധങ്ങൾ നൽകി സഹായിക്കുന്ന അദാനിയെ കുറ്റപ്പെടുത്തി വാർത്ത നൽകേണ്ടതില്ല എന്ന ഡൽഹി ഹൈ കോടതി വിധിയെ താങ്കൾ എത്തരത്തിലാണ് വിലയിരുത്തുന്നത്?

ഹൈകോടതി വിധി വളരെ വ്യക്തമായും അദാനിയെ സംരക്ഷിച്ച് നിർത്തുക എന്നുള്ള മോദി ഭരണകൂടത്തിന്റെ നയത്തിനോട് ഒത്ത് പോകുന്ന ഒന്ന് മാത്രമാണ്. പല കാര്യങ്ങളിലും അദാനിയെ സംരക്ഷിക്കുന്ന സമീപനം തന്നെയാണ് കോടതികൾ ഇത് വരെയും സ്വീകരിച്ച് വന്നിട്ടുള്ളത്.

? ഇസ്രായേൽ ഹമാസുമായി കരാറിൽ ഒപ്പ് വെക്കുന്നത് ലോകത്തെമ്പാടുമുണ്ടായിട്ടുള്ള പ്രതിഷേധങ്ങൾക്കൊടുവിൽ ഇസ്രായേൽ ഒറ്റപ്പെട്ടപ്പോഴാണ്. അത്തരത്തിൽ ആദിവാസി ജനാവിഭാഗത്തിന് നേരെ നടക്കുന്ന ഈ വംശഹത്യയെ തടയുന്നതിനായി ഇന്ത്യയിൽ നിന്നോ രാജ്യത്തിന്റെ പുറത്ത് നിന്നോ ഗസ്സയിക്ക് വേണ്ടി ഉയർന്നത് പോലെയുള്ള പ്രതിഷേധങ്ങൾ ഉയരുന്നില്ല എന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ?

ബസ്തറിലടക്കം നടക്കുന്ന കൂട്ടക്കൊലക്കെതിരെ പൊതുജനാഭിപ്രായം പണ്ടത്തേതിൽ അപേക്ഷിച്ച് കൂടി വരുന്നുണ്ട് എന്ന് വേണം മനസ്സിലാക്കാൻ. അതേസമയം, തന്നെ സമ്മർദ്ദം ചെലുത്തുന്ന തലത്തിലേക്ക് ഒന്നും അത്‌ വികസിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

​? മാർച്ച്‌ 31, 2026 ആകുമ്പോഴേക്കും മാവോയിസ്റ്റുകളെ സമ്പൂർണ്ണമായി ഇല്ലാതാക്കിയിരിക്കുമെന്ന അമിത് ഷായുടെ പ്രസ്താവനയെ താങ്കൾ എങ്ങനെയാണ് നോക്കി കാണുന്നത്?

നക്സൽബാരി സായുധ കാർഷിക വിപ്ലവം തൊട്ട് ആരംഭിച്ച ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന്റെ പശ്ചാത്തലം ഒരുക്കിയത് എന്താണ് എന്നത് തിരിച്ചറിയാതെയും, പലപ്പോഴായി ഇന്ത്യൻ സർക്കാർ തന്നെ നിയമിച്ച കമ്മീഷണുകളുടെ വിലയിരുത്തലുകളെ ഒക്കെ തന്നെയും അവഗണിച്ച് കൊണ്ടുമാണ് അമിത് ഷാ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്. അദ്ദേഹം പറഞ്ഞത് ഒരിക്കലും നടക്കാൻ പോകുന്ന സംഗതിയല്ല. കാരണം, ഇവിടെ നിലനിൽക്കുന്ന വർഗ്ഗ വൈരുധ്യം, ജാതി വൈരുധ്യം, ലിംഗ വൈരുധ്യം തുടങ്ങി പല തരത്തിലുള്ള അടിച്ചമർത്തലുകളോടും, വംശീയതകളോടും പ്രതികരിച്ച് കൊണ്ടും അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട് കൊണ്ടുമാണ് മാവോയിസ്റ്റ് പ്രസ്ഥാനം രൂപപ്പെട്ട് വന്നിട്ടുള്ളത്. അത്‌ കൊണ്ട് ആ സാഹചര്യം നിലനിൽക്കുന്നിടത്തോളം കാലം ഇന്ത്യയിലെ വിപ്ലവ പ്രസ്ഥാനത്തെ,മാവോയിസ്റ്റ് പ്രസ്ഥാനത്തെ ഒരു ശക്തിക്കും ഇല്ലാതാക്കാൻ കഴിയില്ല.

​? ബസ്തർ പോലെയുള്ള പ്രദേശങ്ങളിൽ സുരക്ഷയെ കണക്കിലെടുത്ത് ഇന്ത്യൻ സൈന്യം നിലയുറപ്പിച്ചിട്ട് ഒരുപാട് കാലമായി. അതേ പ്രദേശത്ത് തന്നെ മാവോയിസ്റ്റ് സംഘങ്ങളും സജ്ജീവമാണ്. ഈ സൈന്യത്തിന്റെയും, മാവോയിസ്റ്റുകളുടെയും സാന്നിധ്യം നെഗറ്റീവായി ബാധിക്കുന്നത് ആ നാട്ടിലെ സാധാരണ ജനങ്ങളെയല്ലെ?

 മാവോയിസ്റ്റുകൾ ബസ്തർ ഉൾപ്പെടെയുള്ള പല മേഖലകളിലും പ്രവേശിക്കുകയും, അവിടെയുള്ള ആദിവാസികളെ സംഘടിപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഭരണകൂടത്തിൽ നിന്നും, പ്രാദേശിക ചൂഷകരിൽ നിന്നും ആ നാട്ടിലെ ജനത അനുഭവിച്ച് കൊണ്ടിരുന്ന ചൂഷണങ്ങളെയും, മർദ്ദനങ്ങളെയും അവസാനിപ്പിക്കാൻ സാധിച്ചത്. അന്തസ്സോടെ ജീവിക്കാൻ കഴിയുന്ന സാഹചര്യം അവർക്ക് സൃഷ്ടിക്കാൻ കഴിഞ്ഞത് അപ്പോഴാണ്. ഛത്തീസ്ഗഡിന്റെ കാര്യം തന്നെ നോക്കുകയാണെങ്കിൽ അവിടെയുള്ള ആദിവാസി വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി അവരുടെ ഭാഷയിൽ തന്നെയുള്ള പഠന സാമഗ്രികൾ തയ്യാറാക്കിയതിലൂടെ വിപുലമായ പഠന പദ്ധതികളാണ് മാവോയിസ്റ്റുകൾ അവിടെ നടപ്പാക്കിയത്. അതുപോലെ തന്നെ അവരുടെ കൃഷി മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള സാങ്കേതിക സഹായങ്ങളും മാവോയിസ്റ്റുകൾക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. വലിയ തോതിൽ ഭൂമി മെച്ചപ്പെടുത്താനും, ജലസേചന സൗകര്യങ്ങൾ ഒരുക്കാനും അവിടുത്തെ മാവോയിസ്റ്റുകൾക്ക് കഴിഞ്ഞു. ഇതൊക്കെ തന്നെയും അവിടെയുള്ള പത്ര പ്രവർത്തകർ പലപ്പോഴായി റിപ്പോർട്ട് ചെയ്ത കാര്യമാണ്. അത്‌ കൊണ്ട് തന്നെ മാവോയിസ്റ്റ് സാന്നിധ്യം എന്നത് ഒരർത്ഥത്തിലും ജനങ്ങളെ നെഗറ്റീവായി ബാധിച്ചിട്ടില്ല.

? മാവോയിസ്റ്റുകൾക്ക്‌ ആധിപത്യമുള്ള സ്ഥലങ്ങളിൽ ആ നാട്ടിലെ സാധാരണ ജനങ്ങളെ ഭീഷണിപ്പെടുത്തിയും, കൊള്ളയടിച്ചുമാണ് മാവോയിസ്റ്റുകൾ നിലനിൽക്കുന്നതെന്ന വിമർശനമുണ്ട്?

 സാധാരണ ജനങ്ങളെ ഭീഷണിപ്പെടുത്തിയും, കൊള്ളയടിച്ചും ഒരു പ്രസ്ഥാനത്തിനും ഇത്രയധികം വർഷങ്ങൾ ഒരിക്കലും നിലനിൽക്കാൻ കഴിയില്ല. മാവോയിസ്റ്റുകൾക്ക് കിട്ടി കൊണ്ടിരിക്കുന്ന ജനപിന്തുണ പല ബഹുജന കൂട്ടായ്മകളുടെ വീഡിയോകളിലൂടെ നാം കാണുന്നുണ്ട്. അത്‌ പോലെ തന്നെ രക്തസാക്ഷികളാകുന്ന സഖാക്കളുടെ സംസ്കരണ ചടങ്ങുകളിൽ ആയിരക്കണക്കിന് സാധാരണ മനുഷ്യർ പങ്കെടുക്കന്നതിന്റെ വീഡിയോകളും, ഫോട്ടോകളും നാം കണ്ടതാണ്. അത്‌ കൊണ്ട് തന്നെ ജനങ്ങളെ ഭീഷണിപ്പെടുത്തിയും കൊള്ളയടിച്ചുമാണ് മാവോയിസ്റ്റുകൾ നിലനിൽക്കുന്നത് എന്ന ആരോപണം തികച്ചും അസംബന്ധമാണ്.

​? ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളെ ശിഥിലമാക്കിയതിൽ പ്രധാന പങ്കു വഹിച്ചത് നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് എന്ന നിരീക്ഷണങ്ങളുണ്ട്. അത്‌ ആദ്യ കാല നേതാക്കളായ ചാരുമജുംദാർ - കനുസന്യൽ തൊട്ട് കെ.വേണുവും താങ്കളും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വരെ നീളുന്നു. സിദ്ധാന്തം ഉണ്ടായിരിക്കെ തന്നെ ഇന്ത്യയിൽ എങ്ങനെ അതിനെ പ്രായോഗികവത്കരിക്കണമെന്നതിനെ കുറിച്ച് ഒരു വ്യക്തതയില്ലായ്മ ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ടോ? ഈ അഭിപ്രായ വ്യത്യാസങ്ങളും ചേരി തിരിഞ്ഞുള്ള സംഘർഷങ്ങളും അതല്ലേ സൂചിപ്പിക്കുന്നത്

അടിസ്ഥാനപരമായിട്ടുള്ള രാഷ്ട്രീയ ഭിന്നതകൾ പ്രയോഗത്തെ നേരിട്ട് ബാധിക്കുന്നവയായിരുന്നു. ആ അഭിപ്രായ വ്യത്യാസങ്ങളും അതുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ള സംവാദങ്ങളും, ഭിന്നിപ്പും വിപ്ലവ പ്രസ്ഥാനത്തിന് ഗുണമാണോ ദോഷമാണോ ചെയ്തത് എന്നുള്ളത് തുടർന്നുള്ള പ്രയോഗത്തിൽ നിന്ന് നമുക്ക് വിലയിരുത്താൻ സാധിക്കും. ഉദാഹരണത്തിന്, ചാരുമജുംദാർ കനുസന്യൽ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൽ പിന്നീട് കനുസന്യൽ എവിടെയെത്തി എന്ന് നമ്മൾ നോക്കേണ്ടതാണ്. അത്‌ പോലെ തന്നെ വേണുവും എവിടെയെത്തി എന്ന് നോക്കുക.ഇന്ന് ഇപ്പോൾ ആയുധം വെച്ച് കീഴടങ്ങണം എന്ന് ആവശ്യപ്പെട്ട സിപിഐ മാവോയിസ്റ്റിലെ തന്നെ പോളിറ്റ് ബ്യൂറോ അംഗമായിട്ടുള്ള ഒരാൾ കീഴടങ്ങിയ വാർത്തയാണ് കേൾക്കാൻ കഴിഞ്ഞിട്ടുള്ളത്. ഈ അഭിപ്രായ ഭിന്നതകൾ വെറുതെ വ്യക്തികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളൊന്നുമല്ല, നേരിട്ട് പ്രയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ് അതിൽ ഉൾപ്പെട്ടിട്ടുള്ളത്.അത്‌ ആവശ്യമായിരുന്നു, അതിലൂടെ തന്നെയാണ് പ്രസ്ഥാനം എല്ലാ കാലവും വികസിച്ചിട്ടുള്ളത്.

​? മുഖ്യധാര ഇടതുപക്ഷ പ്രസ്ഥാനങ്ങൾ തൊട്ട് ഇന്ത്യയിലെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വരെ ജാതിയെന്ന വ്യവസ്ഥയെ തിരിച്ചറിയാനും, ഐഡിയോളജിക്കലി തന്നെ അതിനൊരു പരിഹാരം കണ്ടെത്താനും പറ്റിയിട്ടുണ്ടോ

ജാതി പ്രശ്നത്തെ സവിശേഷമായി വിശകലനം ചെയ്ത് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പരാജയം ഉണ്ടായിട്ടുണ്ട്. പക്ഷെ അതിൽ നിന്ന് വ്യത്യസ്തമായിട്ട് ആ വിഷയത്തെ നോക്കി കാണാനും, തെറ്റ് തിരുത്താനുമുള്ള ആത്മാർത്ഥമായ ശ്രമം - സൈദ്ധാന്തികവും, പ്രായോഗികവുമായി നടത്തിയിരിക്കുന്നത് മാവോയിസ്റ്റ് പ്രസ്ഥാനങ്ങളാണ്. മറ്റു പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി നക്സൽബാരി സായുധ കാർഷിക വിപ്ലവത്തിലൂടെ ഉയർന്നു വന്ന പ്രസ്ഥാനങ്ങൾ എല്ലാം തന്നെ ഏറ്റവും അടിത്തട്ടിലുള്ള സാമൂഹിക വിഭാഗങ്ങൾക്കിടയിൽ നിലയുറപ്പിച്ചു കൊണ്ടാണ് പ്രവർത്തിച്ചിട്ടുള്ളത്. സംഘടനാപരമായിട്ടുള്ള തത്വത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ ചെയ്തത്. എപ്പോഴും ഏറ്റവും അടിത്തട്ടിലുള്ള ആൾക്കാർക്കിടയിൽ തന്നെ നിലനിൽക്കണമെന്നും,അവരെ ആശ്രയിച്ചിട്ടാണ് കഴിയേണ്ടതെന്നും, അവരെ ആശ്രയിച്ചിട്ടാണ് പ്രവർത്തിക്കേണ്ടതെന്നുമുള്ള ഒരു ബോധ്യം മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്കുണ്ട്. അതുകൊണ്ട് തന്നെ ദളിത്, ആദിവാസി, ചേരികളിലാണെങ്കിൽ മുസ്ലിംകൾ ഉൾപ്പെടെയുള്ള അടിച്ചമർത്തപ്പെട്ട സാമൂഹിക വിഭാഗങ്ങൾക്കിടയിൽ നിലയുറപ്പിക്കാനായിട്ട് മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആരംഭകാലം മുതലെ കഴിഞ്ഞിരുന്നു. അവരുടെ സവിശേഷ പ്രശ്നങ്ങൾ സ്വന്തം പ്രയോഗത്തിലൂടെ തന്നെ മനസ്സിലാക്കാനും, തുടർന്ന് സൈദ്ധാന്തികമായി തങ്ങൾക്ക് പറ്റിയ തെറ്റുകൾ തിരുത്താനും മാവോയിസ്റ്റുകൾക്ക് കഴിഞ്ഞിരുന്നു. അതിന്റെ ഫലമായിട്ട് പടിപടിയായി ഇത്തരം വിഭാഗങ്ങളിൽ നിന്നുള്ള സഖാക്കളെ നേതൃത്വപരമായിട്ടുള്ള സ്ഥാനങ്ങളിലേക്ക് ഉയർത്തി കൊണ്ടു വരുവാൻ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഇന്നിപ്പോൾ സിപിഐ മാവോയിസ്റ്റിന്റെ സെക്രട്ടറിയായിട്ടുള്ള സഖാവ് ദളിത് പശ്ചാത്തലത്തിൽ നിന്ന് വന്നിട്ടുള്ള ഒരു വ്യക്തിയാണ്. പാർട്ടിയുടെ വളരെ പ്രധാനപ്പെട്ട മേഖലയായിട്ടുള്ള ദണ്ഡകാരണ്യത്തിന്റെ നേതൃത്വം വഹിക്കുന്നത് ആദിവാസി വിഭാഗത്തിൽ നിന്ന് വന്നിട്ടുള്ള സഖാവാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, ഉടനീളം തന്നെ പല പ്രദേശങ്ങളിലും ഈയൊരു കാര്യം നമുക്ക് കാണാൻ കഴിയും.

​? മുഖ്യധാര ഇടതുപക്ഷ സംഘടനകളിൽ നിന്ന് കേരളത്തിലെ മാവോയിസ്റ്റ് നേതാക്കൾക്കെതിരെ ഉയരുന്ന വലിയ വിമർശനമാണ് അവർ മത വർഗ്ഗീയവാദികളും, മതമൗലികവാദികളുമായി കൂട്ടുകൂടുന്നു എന്നത്. ഈ വിമർശനത്തോടുള്ള താങ്കളുടെ മറുപടി എന്താണ്

മാതാതിഷ്ഠിത സംഘടനകളുമായിട്ടുള്ള മാവോയിസ്റ്റുകളുടെ ഐക്യപ്പെട്ടിട്ടുള്ള പ്രവർത്തനം എന്ന് പറയുന്നത് അവർ അടിച്ചമർത്തപ്പെടുന്ന വിഭാഗങ്ങളാണ് എന്ന് പരിഗണിച്ച് കൊണ്ടാണ്. ഇന്ത്യയിലെ മുസ്‍ലിം വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം അതാണ് അതിന്റെ അവസ്ഥ. ആക്രമിക്കപ്പെടുന്നൊരു സാമൂഹിക ന്യൂനപക്ഷമാണവർ. ആ അടിച്ചമർത്തലിനെതിരെയുള്ള അവരുടെ പ്രതിരോധം അവരുടെ മതപരമായ വീക്ഷണത്തിൽ നിന്ന് കൊണ്ടായിരിക്കും രൂപപ്പെടുന്നതെങ്കിലും അത്‌ ന്യായമാണ്, അതിനെ പിന്തുണക്കുക എന്നത് ഏതൊരു ജനാധിപത്യ വാദിയുടെയും കടമയാണ്. അത്തരത്തിലുള്ള ഒരു ഐക്യമാണ് എപ്പോഴും മാവോയിസ്റ്റുകൾ മുന്നോട്ട് വെച്ചിട്ടുള്ളത്. അതേസമയം തന്നെ അവരുടെ വീക്ഷണങ്ങളെ അംഗീകരിച്ചിട്ടില്ല. ആശയപരമായിട്ട് പല കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉന്നയിക്കുകയും, സമരം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടുന്ന കാര്യം, മാവോയിസ്റ്റുകൾ ഇത്തരം സംഘടനകളുമായി ബന്ധപ്പെടുന്നത് തത്വാധിഷ്ഠിതമായി വിഷയങ്ങളെ മുൻനിർത്തിയാണ്. നേരെ മറിച്ച് വിമർശനം ഉന്നയിക്കുന്ന ഇടതുപക്ഷം എന്ന് അവകാശപ്പെടുന്നവർ അങ്ങേയറ്റം അവസരവാദപരമായി തെരഞ്ഞെടുപ്പ് താത്പര്യങ്ങൾക്ക് വേണ്ടി മാറിയും, മറിഞ്ഞും ഇത്തരം സംഘടനകളുമായി ഐക്യപ്പെടുകയും അവരുമായി തെറ്റിപ്പിരിയുകയും ചെയ്യുന്നതാണ് നമ്മൾ കണ്ടിട്ടുള്ളത്. പ്രത്യേകിച്ചും എൺപതുകൾക്ക് ശേഷം ഇന്ത്യൻ ഭരണവർഗങ്ങൾ ആകെ മൊത്തത്തിൽ തന്നെ പ്രത്യക്ഷമായിട്ടുള്ള ബ്രാഹ്മണ്യത്തെ അവരുടെ ആശയശാസ്ത്രപരമായിട്ടുള്ള വീക്ഷണമായിട്ട്, അധിനായകത്വ പൊതുസമിതിയുടെ കാതലായിട്ട് ഉയർത്തി കൊണ്ടു വരാൻ തുടങ്ങിയപ്പോൾ സിപിഎം ഉൾപ്പെടെയുള്ള പാർട്ടികൾ എല്ലാം തന്നെ അതിന് ചുവട് പിടിക്കുകയും ആ നിലയ്ക്ക് തന്നെ ഭരണവർഗങ്ങൾ കൊത്തിയിളക്കി വിടുന്ന ഇസ്‌ലാമോഫോബിയോട് ഒരു രീതിയിലല്ലെങ്കിൽ മറ്റൊരു രീതിയിൽ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. അതിന്റെയൊരു തുടർച്ച മാത്രമാണ് മാവോയിസ്റ്റുകൾക്ക് നേരെ അവർ ഉന്നയിക്കുന്ന വിമർശനം.

? നാഗ്പൂരിൽ വച്ച് സ്വതന്ത്ര മാധ്യമ പ്രവർത്തകനും ഡിഎസ്എ എന്ന വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തകനുമായ റിജാസിനെ മഹാരാഷ്ട്ര എടിഎസ് പിടികൂടിയപ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് പിടിച്ച പുസ്തകങ്ങളിൽ താങ്കളുടെ 'critiquing Brahmanism : Collection of Essays' എന്ന പുസ്തകവുമുണ്ടായിരുന്നു. ആ പുസ്തകം വായിക്കുന്ന കയ്യിൽ വെക്കുന്ന ചെറുപ്പക്കാരനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്യുകയാണ്

 സഖാവ് റിജാസിനെതിരെ പ്രത്യേകിച്ചൊന്നും കുറ്റം ചുമത്താൻ ഇല്ലാത്തത് കൊണ്ട് മാത്രമാണ് ഇമ്മാതിരിയുള്ള തട്ടിപ്പ് കേസുകൾ അവർ തട്ടി കൂട്ടുന്നത്. ആ പുസ്തകം കയ്യിൽ വെച്ചത് കുറ്റകൃത്യമാണെങ്കിൽ അവർ ആ പുസ്തകം എഴുതിയ എന്നെ തടവിലാക്കുകയോ, എന്റെ പേരിൽ കേസ് എടുക്കുകയോ അല്ലെ ചെയ്യേണ്ടിയിരുന്നത്? ആ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് വർഷങ്ങൾ കുറെയായി. അത്‌ പല ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുമുണ്ട്. അപ്പോഴൊന്നും അതൊരു കുറ്റ കൃത്യമായിട്ട് കാണാതിരുന്നവർ ഇന്ന് ആ പുസ്തകം കയ്യിൽ വച്ചു എന്നുള്ളത് ഒരു കുറ്റ കൃത്യമായിട്ട് ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപഹാസ്യമാണ്. വാസ്തവം പറഞ്ഞാൽ ആ പുസ്തകത്തിന്റെ തലക്കെട്ട് 'ബ്രാഹ്മണ്യ വിമർശനം' എന്നത് തന്നെയാണ് അവരെ ചൊടുപ്പിച്ചിരിക്കുന്നത്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - ഷബാസ് ഹാരിസ്

contributor

Similar News