തായി സംസ്കാരത്തിന്റെ ഈറ്റില്ലം; പട്ടായ ഫ്ലോട്ടിങ് മാർക്കറ്റ്

പട്ടായ നഗരത്തിന്റെ തിരക്കേറിയ തെരുവുകളിൽ നിന്നും അൽപനേരം പ്രകൃതിയെ ആസ്വദിക്കേണ്ടവർക്ക് ഫ്‌ളോട്ടിങ് മാർക്കറ്റ് മികച്ച അനുഭവമായിരിക്കും

Update: 2025-10-28 12:38 GMT
പട്ടായ ഫ്ലോട്ടിങ് മാര്‍ക്കറ്റ് Photo- Dhilshad

പട്ടായ ഫ്ലോട്ടിങ് മാർക്കറ്റ്, തായ്‌ലാൻഡിലെ പട്ടായ നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന തായ് സാംസ്കാരിക സംരക്ഷണത്തിനുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രം. കനാലിനെ ​ഗതാ​ഗതത്തിന് ആശ്രയിച്ചിരുന്ന കാലത്തിന്റെ അവശേഷിപ്പ്, ഇന്ന് അത് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്.

സന്ദർശകർക്ക് നദിക്കരയിലെ ഷോപ്പിംഗ് സംസ്കാരം അനുഭവിക്കാൻ അവസരം ഒരുക്കുക എന്നതാണ് ലക്ഷ്യം. പട്ടായ നഗരത്തിന്റെ തിരക്കേറിയ തെരുവുകളിൽ നിന്നും അൽപനേരം പ്രകൃതിയെ ആസ്വദിക്കേണ്ടവർക്ക് ഫ്ലോട്ടിംഗ് മാർക്കറ്റ് മികച്ച അനുഭവമായിരിക്കുമെന്നത് തീർച്ച. ശിക്കാരയെന്ന ചെറുവള്ളത്തിൽ മാർക്കറ്റിലേക്ക് നീങ്ങുമ്പോൾ ആദ്യം ഒഴുകിയെത്തുക തനി നാടൻ തായി വിഭവങ്ങളുടെ സുഗന്ധമാണ്.പ്രത്യേകമായി വെള്ളത്തിൽ പണിതുയർത്തിയ മരം കൊണ്ട് നിർമിച്ച കെട്ടിടങ്ങളാണ് മറ്റൊരു ആകർഷണം.

Advertising
Advertising

തായ്‌ലാൻഡിലെ നാലു പ്രവിശ്യകളെ സൂചിപ്പിക്കുന്ന രീതിയിലാണ് ഫ്ലോട്ടിംഗ് മാർക്കറ്റുകളിലെ കെട്ടിടങ്ങളുടെ നിർമാണം. North, Northeast, Central, South എന്നി ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. തായി സംസ്കാരത്തിന്റെ തനിമ മാറ്റു ചോരാതെ ഓരോ ഇടങ്ങളിലും കാണാൻ കഴിയും. ഫ്ലോട്ടിംഗ് മാർക്കറ്റിലെ നടപ്പാതയിലൂടെ നീങ്ങുമ്പോൾ തനത് തായി പാരമ്പര്യ സംഗിതങ്ങളാണ് ഒഴുകിയെത്തുക.

Photo-Dhilshad

കൂടാതെ വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങളും, കരകൗശല വസ്തുക്കളും, വസ്ത്രങ്ങളും തുടങ്ങി എല്ലാത്തിലും ഒരു തായി സംസ്കാരമുണ്ട്. വൈകുന്നേരങ്ങളിലാണ് മാർക്കറ്റ് സന്ദർശിക്കാൻ അനുയോജ്യമായ സമയം. നിങ്ങളൊരു വീഡിയോ ഗ്രാഫറോ,ഫോട്ടോ ഗ്രാഫറോ ആണെങ്കിൽ സൂര്യാസ്തമയത്തിനു ശേഷമുള്ള സന്ദർശനമാണ് മനോഹരമാകുക. ഇറച്ചി കൊണ്ടുള്ള വിഭവങ്ങൾക്കാണ് തായിൽ മുൻഗണന. പച്ചക്കറിവിഭവങ്ങൾക്കിടയിലും ഇറച്ചി കിട്ടും. ശുദ്ധ വെജിറ്റേറിയൻ ആഗ്രഹിച്ചു തായ്‌ലൻഡിൽ പോകേണ്ട എന്ന് സാരം. കനാൽ നിറഞ്ഞ പ്രദേശത്താണ് ഫ്ലോട്ടിംഗ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്.

1980 കളിലാണ് പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റ് രൂപം കൊണ്ടത്‌. അന്ന് ഗ്രാമീണർ തങ്ങൾ കൃഷി ചെയ്ത പഴങ്ങളും, പച്ചക്കറികളും, മറ്റു വസ്തുക്കളും വിൽക്കുവാൻ ഇവിടം കണ്ടെത്തി. സഞ്ചാരികൾക്കായി ഈ ഫ്ലോട്ടിംഗ് മാർക്കറ്റ് തുറന്നുകൊടുത്തത് 2008 ൽ ആണ്. തായ്ലാൻഡിന്റെ പരമ്പരാഗത ജലവ്യാപാര സംസ്കാരത്തെ പുനർജീവിപ്പിക്കാൻ സൃഷ്ടിച്ച ഈ 100,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പ്രദേശം തനത് തായ് സംസ്കാരം അടയാളപ്പെടുത്തുന്നു. അന്ന് മുതൽ ഇന്നു വരെ ലക്ഷക്കണക്കിന് ടൂറിസ്റ്റുകളെ ആകർഷിക്കുന്നയിടമായി ഇവിടം മാറി. 

സഞ്ചാരികൾക്കായി കൃതിമമായി നിർമിച്ച കനാലുകളാണ് ഇത്. തായ്‌ലാൻഡിൽ പ്രത്യേകിച്ചു പട്ടായയിൽ ടൂറിസം വളർന്നപ്പോൾ തായി ഗവൺമെൻറ് പ്രത്യേക പരിഗണന നൽകിയിരുന്നു ഈ ഫ്ലോട്ടിംഗ് മാർക്കറ്റിന്. കനാലുകളിൽ ബോട്ടിലോ, ശിക്കാരയിലോ വേണം മാർക്കറ്റ് സന്ദർശിക്കാൻ. 100 യിൽ അതികം സ്റ്റോളുകൾ ഇവിടെയുണ്ട്. കാൽ നടയായി ഓരോ സ്റ്റോളുകളിലേക്കായി നമുക്ക് പോകാൻ പറ്റും വിധമാണ് ക്രമീകരണം. ഒരു സാധാരണ തായി മാർക്കറ്റിൽ കിട്ടുന്ന എല്ലാ വിഭവങ്ങളും ഈ ഫ്ലോട്ടിംഗ് മാർക്കറ്റിൽ നമുക്ക് ലഭിക്കും. ഇവിടുത്തെ കച്ചവടക്കാർക്ക് ഒരു യൂണിഫോമുണ്ട്. നീല നിറത്തിലുള്ള ആ യൂണിഫോമാണ് അവർ ധരിച്ച് വരാറുള്ളത്.

Photo-Dhilshad

മികച്ച സംസാരവും, ഒരു ടൂറിസ്റ്റിനോട് പാലിക്കേണ്ട മര്യാദകളും കൃത്യമായി പാലിക്കുന്നവരാണ് ഓരോ കച്ചവടക്കാരും. പഴം, പച്ചക്കറികൾ, മാംസം, മത്സ്യം തുടങ്ങി. പുൽച്ചാടികളെയും, മുതലയിറച്ചിയും, തേൾ ചുട്ടതും എല്ലാം ഈ ഫ്ലോട്ടിംഗ് മാർക്കറ്റിലുണ്ട്. ചില സ്റ്റോളുകൾ എല്ലാ വിഭവങ്ങളും അടങ്ങിയ ഒരു റെസ്റ്റോറന്റ് തന്നെയാണ്. കച്ചവടകരിലേറെയും സ്ത്രീകളാണ്. അതിൽ കുട്ടികളും, യുവതികളും വൃദ്ധരുമുണ്ട്.

പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റ് വിനോദസഞ്ചാരികൾക്ക് ഷോപ്പിങ്ങിനേക്കാൾ കൂടുതലായി തായ്‌ലാൻഡിന്റെ സാംസ്കാരിക ആത്മാവിനെ നേരിട്ട് സ്പർശിക്കാൻ കഴിയുന്ന ഒരു ഇടം കൂടിയാണ്. ഇവിടേക്കുള്ള യാത്ര ഒരു സാധാരണ തായ് മേഖലകളിലേക്കുള്ള യാത്രയായി കാണേണ്ടതില്ല. അത് തായ് സംസ്കാരത്തിലേക്കുള്ള ഒരു യാത്രയാണ്. നിറങ്ങളുടെ, സംഗീതത്തിന്റെ, രുചികളുടെ മനോഹര യാത്ര. ബാങ്കോക്കിൽ നിന്നും 2 മണിക്കൂറും, പട്ടായ സിറ്റിയിൽ നിന്നും 9 കിലോമീറ്ററും യാത്ര ചെയ്താൽ ഈ ഫ്ലോട്ടിംഗ് മാർക്കറ്റിലെത്താം. വരുന്നവർക്ക് കൺ നിറയെ കാഴ്ചകൾ സമ്മാനിച്ച് പട്ടായ ഫ്ലോട്ടിംഗ് മാർക്കറ്റ് നല്ലൊരു വിരുന്ന് തന്നെ സമ്മാനിക്കുമെന്നത് തീർച്ച.

Full View


Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - ഷാനിൽ മൈത്രീസ്

contributor

Similar News