ഇനി വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് ചെയ്യാം; ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ

കോവിസെൽഫ് എന്ന പേരിലുള്ള ടെസ്റ്റിങ് കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ അറിയാം

Update: 2021-05-20 17:30 GMT
Editor : Shaheer | By : Web Desk

വീട്ടിലിരുന്നും കോവിഡ് ടെസ്റ്റ് നടത്താനാകുന്ന ടെസ്റ്റ് കിറ്റിന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐസിഎംആർ) ഇന്ന് അംഗീകാരം നൽകിയിരിക്കുകയാണ്. കോവിസെൽഫ് എന്ന പേരിലുള്ള ടെസ്റ്റിങ് കിറ്റ് ഉപയോഗിക്കേണ്ട മാർഗരേഖയും പുറത്തിറക്കിയിട്ടുണ്ട്. ഈ കിറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പത്തു കാര്യങ്ങൾ അറിയാം.

1. മൂക്കിലെ സ്രവം മാത്രം

റാപിഡ് ആന്റിജൻ ടെസ്റ്റിങ്(റാറ്റ്) അഥവാ അതിവേഗത്തിലുള്ള കോവിഡ് പരിശോധനയ്ക്കായുള്ള കിറ്റാണ് കോവിസെൽഫ്. മൂക്കിലെ സ്രവം ഉപയോഗിച്ചുകൊണ്ടു മാത്രമേ ഇതിൽ കോവിഡ് പരിശോധന നടക്കൂ.

2. ആർക്കൊക്കെ പരിശോധിക്കാം?

Advertising
Advertising

രോഗലക്ഷണങ്ങളുള്ളവരോ ലബോറട്ടറിയിലെ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കപ്പട്ടികയിലുള്ളവരോ മാത്രമേ കിറ്റ് ഉപയോഗിക്കാൻ പാടുള്ളൂ.

3. ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ല

ഡോക്ടറുടെ നിർദേശത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ല. 18 വയസും അതിനു മുകളിലുമുള്ളവർക്ക് സ്വയം ശേഖരിച്ച മൂക്കിലെ ദ്വാരത്തിൽനിന്ന് എടുക്കുന്ന സ്രവത്തിന്റെ സാമ്പിളുകൾ ഉപയോഗിച്ച് ടെസ്റ്റ് നടത്താം. ചെറിയ കുട്ടികളുടേത് മുതിർന്നവർ ശേഖരിച്ചാണ് ടെസ്റ്റ് ചെയ്യേണ്ടത്.

4. കിറ്റിൽ എന്തൊക്കെ?

ടെസ്റ്റ് കിറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന മാർഗരേഖ ഇതോടൊപ്പം ലഭിക്കും. സ്രവത്തിന്റെ സാമ്പിൾ എടുക്കാൻ ഉപയോഗിക്കുന്ന നേസൽ സ്വാബ്, പരിശോധനയ്ക്ക് ആവശ്യമായ പ്രീഫിൽഡ് എക്‌സ്ട്രാക്ഷൻ ട്യൂബ്, ടെസ്റ്റ് കാർഡ് എന്നിവയാണ് കിറ്റിലുണ്ടാകുക.

5. മൈലാബ് ആപ്പ് ഡൗൺലോഡ് ചെയ്യണം

കിറ്റ് കൈയിൽ കിട്ടിയ ശേഷം മൊബൈലിൽ മൈലാബ് ആപ്പ് ഡൗൺലോഡ് ചെയ്യണം. അതിൽ ആവശ്യപ്പെടുന്ന വിവരങ്ങൾ ചേർക്കുകയും വേണം.

6. ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം

നേസൽ സ്വാബ് ഉപയോഗിച്ച് മൂക്കിലെ സ്രവമെടുക്കുമ്പോൾ ശ്രദ്ധിച്ചുവേണം. സ്വാബിന്റെ തലഭാഗത്ത് തൊടരുത്. താഴെ ഭാഗത്തുമാത്രമേ പിടിക്കാവു. രണ്ടുമൂന്ന് സെന്‍റി മീറ്ററോളം മൂക്കിന്റെ ദ്വാരത്തിലേക്ക് സ്വാബിനെ കടത്തിവിടണം. മൂക്കിലെ രണ്ടു ദ്വാരത്തിലും അഞ്ചു തവണയെങ്കിലും ഉള്ളിലോട്ട് കറക്കിയെടുത്ത് സ്രവം കിട്ടിയെന്ന് ഉറപ്പാക്കണം.

7. പരിശോധനയ്‌ക്കെടുക്കുമ്പോൾ

തുടർന്ന് സ്വാബ് പ്രീഫിൽഡ് എക്‌സ്ട്രാക്ഷൻ ട്യൂബിൽ മുക്കണം. ഈ സമയത്ത് ട്യൂബിന്റെ താഴ്ഭാഗത്ത് ഞെക്കിക്കൊടുക്കണം. എന്നിട്ട് സ്വാബ് പത്തു തവണ കുലുക്കി സ്രവത്തിൻരെ സാമ്പിൾ അടങ്ങിയ ഭാഗം എക്‌സ്ട്രാക്ഷൻ ബഫറിലെ ലായനിയിൽ ചേർന്നിട്ടുണ്ടെന്ന് ഉറപ്പാക്കണം.

8. സ്വാബ് എന്തു ചെയ്യണം?

അടുത്തത് സ്വാബിന്റെ മുകൾ ഭാഗത്ത് ഒരു ബ്രേക്ക് പോയിന്റ് കാണാം. അതിൽവച്ച് സ്വാബ് പൊട്ടിച്ചുകളയുക. എക്‌സ്ട്രാക്ഷൻ ട്യൂബ് മൂടി ഉപയോഗിച്ച് അടയ്ക്കുകയും ചെയ്യുക.

9. ടെസ്റ്റും റിസൽറ്റും

തുടർന്ന് എക്‌സ്ട്രാക്ഷൻ ട്യൂബിലൂടെ പിഴിഞ്ഞെടുത്ത ബഫർ ലായനിയിൽനിന്ന് രണ്ട് തുള്ളി പൂർണമായി ടെസ്റ്റ് കാർഡിലേക്ക് വീഴ്ത്തുക. എന്നിട്ട് 10-15 മിനിറ്റു നേരം കാത്തിരിക്കുക. തുടർന്ന് 20 മിനിറ്റിനുള്ളിൽ റിസൽറ്റ് കാണുന്നില്ലെങ്കിൽ കോവിഡ് നെഗറ്റീവായിരിക്കും. 20 മിനിറ്റിനു ശേഷം പ്രത്യക്ഷപ്പെടുന്ന റിസൽറ്റ് പരിഗണിക്കേണ്ടതില്ല. റിസൽറ്റ് വന്നാൽ ഫോണിൽ സന്ദേശം ലഭിക്കും.

ഫോണിൽ ഡൗൺലോഡ് ചെയ്ത ആപ്പിലും റിസൽറ്റ് ലഭിക്കും.

10. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും റിസൽറ്റ് നെഗറ്റീവ് ആയാൽ?

റിസൽറ്റ് ഐസിഎംആറിന്റെ ഏജൻസിയുമായി ബന്ധിപ്പിച്ചിരിക്കും. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും റിസൽറ്റ് നെഗറ്റീവ് ആണെങ്കിൽ ആർടിപിസിആർ ചെയ്യണം.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News