പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ മുന്‍പന്തിയില്‍ രാജസ്ഥാന്‍

Update: 2017-07-25 19:37 GMT
Editor : Sithara
പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ മുന്‍പന്തിയില്‍ രാജസ്ഥാന്‍

രാജ്യത്ത് പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ മുന്‍പന്തിയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്.

രാജ്യത്ത് പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ മുന്‍പന്തിയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനമായ രാജസ്ഥനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശും ബീഹാറുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇത്തരം അക്രമങ്ങളുമായി ബന്ധപ്പെട്ട് 2013 മുതല്‍ 15 വരെ രജിസ്റ്റര്‍‌ ചെയ്ത കേസുകളില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടത് 25 ശതമാനം കേസുകളില്‍ മാത്രമാണെന്നും കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു.

Advertising
Advertising

രാജ്യത്ത് പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്നതിനുള്ള 1989ലെ നിയമം എത്ര കണ്ട് പ്രാബല്യത്തിലായി എന്ന് പരിശോധിക്കുന്നതിന് സാമൂഹ്യനീതീ ശാക്തീകരണ മന്ത്രാലയം കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. വകുപ്പ് മന്ത്രി തവാര്‍ ചന്ദ് ഗലോട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തിന്‍റെ അജണ്ടയില്‍ വച്ച റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകളുള്ളത്.

2013 മുതല്‍ 2015 വരെ എസ്‍സി, എസ്ടി വിഭാഗത്തിനെതിരായ അക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത് 23861 കേസുകള്‍. ഉത്തര്‍പ്രദേശില്‍ 21556 ഉം ബീഹാറില്‍ 21061 ഉം കേസുകള്‍. 14,016 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മധ്യപ്രദേശും 9,054 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആന്ധ്രാപ്രദേശുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍. ഇക്കാലയളവില്‍ മൊത്തം കേസുകളില്‍ കോടതിയില്‍ തീര്‍പ്പാക്കപ്പെട്ടത് 43.3 ശതമാനം‍, കുറ്റക്കാര്‍ക്ക് ശിക്ഷ ലഭിച്ചത് 25.7 ശതമാനം കേസുകളില്‍ മാത്രമെന്നും കണക്കുകള്‍ പറയുന്നു.

14 സംസ്ഥാനങ്ങള്‍ മാത്രമാണ് ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍‌പ്പാക്കാനായി പ്രത്യേക കോടതികള്‍ രൂപീകരിച്ചത്. റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഇത്തരം കേസുകളില്‍ തീര്‍പ്പും ശിക്ഷാവിധിയും വൈകുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്ര സാമൂഹ്യനീതീ വകുപ്പ് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News