നടിമാരുടെ സാന്നിധ്യത്തില്‍ അശ്ലീല പരാമര്‍ശം; എംഎല്‍എക്ക് രൂക്ഷ വിമര്‍ശം
പൊതുവേദിയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ടിഡിപി എംഎല്‍എയും നടനുമായ ബാലകൃഷ്ണക്ക് രൂക്ഷ വിമര്‍ശം. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടിആറിന്റെ മകനായ ബാലകൃഷ്ണ, ഹിന്ദുപൂരില്‍ നിന്നുള്ള നിയമസഭാംഗമാണ്.
പൊതുവേദിയില്‍ സ്ത്രീകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ടിഡിപി എംഎല്‍എയും നടനുമായ ബാലകൃഷ്ണക്ക് രൂക്ഷ വിമര്‍ശം. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ടിആറിന്റെ മകനായ ബാലകൃഷ്ണ, ഹിന്ദുപൂരില്‍ നിന്നുള്ള നിയമസഭാംഗമാണ്. പുതിയ തെലുങ്ക് ചിത്രം സാവിത്രിയുടെ ഓഡിയോ റിലീസ് ചടങ്ങിനിടെയാണ് ബാലകൃഷ്ണ സ്ത്രീകള്‍ക്കെതിരെ കടുത്ത അശ്ലീല പരാമര്‍ശം നടത്തിയത്. 'താന്‍ പൂവാല കഥാപാത്രങ്ങളോ പെണ്‍കുട്ടികളുടെ പിന്നാലെ നടക്കുന്നവന്റെയോ റോള്‍ ചെയ്താല്‍ പോലും ആരാധകര്‍ അംഗീകരിക്കില്ല'. തുടര്‍ന്ന് ചുംബനവും ഗര്‍ഭധാരണവും സംബന്ധിച്ച് ബാലകൃഷ്ണ നടത്തിയ പരാമര്‍ശം ഇവിടെ കുറിക്കുന്നത് അനുചിതമാകുമെന്നതിനാല്‍ ഒഴിവാക്കുന്നു. ചിത്രത്തില്‍ അഭിനയിച്ച രണ്ടു നടിമാരുടെ സാന്നിധ്യത്തിലായിരുന്നു ബാലകൃഷ്ണയുടെ പരാമര്‍ശം. ചടങ്ങില്‍ പങ്കെടുത്തവരില്‍ ബഹുഭൂരിഭാഗവും ബാലകൃഷ്ണയുടെ അശ്ലീല പരാമര്‍ശം നെറ്റിചുളിച്ചാണ് കേട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാലകൃഷ്ണയുടെ അശ്ലീല പ്രസംഗം ഇന്റര്‍നെറ്റില്‍ വൈറലായതോടെ വിവിധ ഭാഗങ്ങളില്‍ നിന്നു രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. ചന്ദ്രബാബു നായിഡു സര്‍ക്കാരിന്റെ കീഴില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വൈഎസ്ആര്‍സിപി നേതാവും നടിയുമായ റോജ പ്രതികരിച്ചു. സ്ത്രീകളോടു യാതൊരു ബഹുമാനവുമില്ലാത്തയാളാണ് ബാലകൃഷ്ണയെന്നും ഇതേ സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുള്ളവരാണ് അദ്ദേഹത്തിനൊപ്പമുള്ളവരെന്നും റോജ പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ബാലകൃഷ്ണ മാപ്പ് പറയണമെന്നും റോജ ആവശ്യപ്പെട്ടു.