പാക് ജയിലില്‍ ഇന്ത്യന്‍ തടവുകാരന് അന്ത്യം; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം
പാക് ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ തടവുകാരന്റെ മൃതദേഹം രാജ്യത്തേക്കെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
പാക് ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഇന്ത്യന്‍ തടവുകാരന്റെ മൃതദേഹം രാജ്യത്തേക്കെത്തിക്കാനുള്ള വിദേശകാര്യ മന്ത്രാലത്തിന്റെ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. മരണകാരണം സംബന്ധിച്ച് ഔദ്യോഗിക വിശദീകരണവും ഇന്ത്യ ആവശ്യപ്പെട്ടുണ്ട്. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച കൃപാല്‍ സിങ് മരിച്ചു എന്ന വിവരമാണ് പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയിട്ടുള്ളത്.
1991 ല്‍ ഫൈസലാബാദ് റെയില്‍വെ സ്റ്റേഷനില്‍ നടന്ന ബോംബ് സ്ഫോടനത്തിലും ഭീകരവാദ പ്രവര്‍ത്തനങ്ങളിലും പങ്കുണ്ടെന്ന ആരോപണമായിരുന്നു പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയില്‍ നിന്നുള്ള കൃപാല്‍ സിങിനുമേലുണ്ടായിരുന്നത്. സ്‌ഫോടന കേസുകളില്‍ പ്രതി ചേര്‍ത്ത സിംഗിന് കോടതി മരണശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഇരുപതു വര്‍ഷത്തിലധികമായി ഇയാള്‍ പാക്കിസ്താനിലെ കോട്ട് ലക്പത്ത് ജയിലില്‍ കഴിയുകയാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃപാലിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. നെഞ്ചു വേദന അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉടന്‍ തന്നെ മരണം സംഭവിച്ചു എന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം.
മൃതദേഹം ഇന്ത്യയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. മരണം സംബന്ധിച്ചുള്ള വിവരങ്ങളും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം 2013 ല്‍ ഇന്ത്യന്‍ തടവുകാരനായ സരബ് ജിത്ത് സിംഗിനെ സഹതടവുകാര്‍ ജയിലിനുള്ളില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയതുപോലെ തന്നെയാണ് കൃപാലും കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. മൃതദേഹം വിട്ടുകിട്ടണമെന്നും ജന്മനാടായ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ തന്നെ സംസ്കാര ചടങ്ങുകള്‍ നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. മരണത്തിന് ഉത്തരവാദികള്‍ പാകിസ്താന്‍ അധികൃതരാണെന്ന് കൃപാലിന്റെ സഹോദരി ജാഗിര്‍ കൌറും കൂട്ടിച്ചേര്‍ത്തു.