നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രം: കേന്ദ്രം

Update: 2018-04-01 09:13 GMT
Editor : Sithara
നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി ഭദ്രം: കേന്ദ്രം

ന‌‌ടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 7 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് സര്‍ക്കാരിന്റെ പുതിയ കണക്ക്

നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ സാമ്പത്തികസ്ഥിതി ഭദ്രമാണെന്ന അവകാശവാദവുമായി കേന്ദ്ര സര്‍ക്കാര്‍. ന‌‌ടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 7 ശതമാനം വളര്‍ച്ചയുണ്ടായെന്നാണ് സര്‍ക്കാരിന്റെ പുതിയ കണക്ക്. എന്നാല്‍ നോ‌‌‌ട്ട് നിരോധത്തിന്‍റെ ദൂഷ്യഫലം ശക്തമായി പ്രതിഫലിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ന‌‌ടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദം, അതായത് കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ രാജ്യത്തിനുണ്ടായ സാമ്പത്തിക വളര്‍ച്ച 7 ശതമാനമാണെന്നാണ് കേന്ദ്ര സാറ്റിസ്റ്റിക്ക്സ് ഓഫീസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്ക് പറയുന്നത്. തൊട്ടുമുന്‍പത്തെ പാദത്തില്‍ 7.3 ആയിരുന്നു വളര്‍ച്ച എന്നിരിക്കെ നോ‌ട്ട് നിരോധത്തിന് ശേഷവും 0.3 ശതമാനത്തിന്‍റെ കുറവേ ഉണ്ടായുള്ളൂ എന്നും സര്‍ക്കാര്‍ അവകാശപ്പെ‌‌‌ടുന്നു.‌

Advertising
Advertising

എന്നാല്‍ നോ‌ട്ട് അസാധുവാക്കുന്നതിന് തൊട്ടുമുന്‍പുള്ള ഒക്ടോര്‍ മാസത്തെ വളര്‍ച്ച കൂടി ഉള്‍പ്പെ‌‌ടുത്തിയാണ് 7 ശതമാനം വളര്‍ച്ച സര്‍ക്കാര്‍ കണക്കാക്കിയിരിക്കുന്നത്. മണ്‍സൂണ്‍ ലഭ്യത അ‌ടക്കം സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന എല്ലാ ഘ‌ടകങ്ങളും ഈ കാലയളവില്‍ അനുകൂലമായിരുന്നു. പുറമെ രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ 84 ശതമാനം പേര്‍ ജോലി ചെയ്യുന്ന അസംഘ‌ടിത മേഖലയിലെ നഷ്ടകണക്കുകള്‍ ഉള്‍പ്പെ‌ടുത്താതെയാണ് വളര്‍ച്ചാ നിരക്ക് കണക്കാക്കിയിരിക്കുന്നത്.

നോട്ടസാധുവാക്കല്‍ ഉല്‍പാദന മേഖലയിലുണ്ടാക്കിയ ഇടിവ് അ‌ടയാളപ്പെടുത്താന്‍ സമയമായിട്ടില്ലെന്നും മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തിലോ അതിന് ശേഷമോ ആയിരിക്കും ഇത് പ്രതിഫലിക്കുക എന്നും സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News