തീവ്രവാദ കേസില്‍ അറസ്റ്റിലായ യുവാവിന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിയാണെന്ന് കണ്ട് മോചനം

Update: 2018-04-14 05:27 GMT
Editor : admin | admin : admin
തീവ്രവാദ കേസില്‍ അറസ്റ്റിലായ യുവാവിന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നിരപരാധിയാണെന്ന് കണ്ട് മോചനം
Advertising

പൂനെയിലെ ഒരു പള്ളിയിലെ ഇമാമായിരുന്ന ഷബീര്‍ ഭക്തലിനെ 2008 നവംബര്‍ മുപ്പതിനാണ് മുംബൈ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. 500 രൂപയുടെ കള്ളനോട്ട് കൈവശം

തീവ്രവാദ കേസുകളില്‍ കുടുക്കി പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന് എട്ട് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം നിരപരാധിയാണെന്ന് കണ്ട് മോചനം. കര്‍ണാടകയിലെ തീരദേശമേഖലയാ ഭക്തല്‍ സ്വദേശിയായ ഷബീറിനാണ് എട്ട് വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം സുപ്രീംകോടതി ഇടപെടലിലൂടെ മോചനം ലഭിച്ചത്. പൂനെയിലെ ഒരു പള്ളിയിലെ ഇമാമായിരുന്ന ഷബീര്‍ ഭക്തലിനെ 2008 നവംബര്‍ മുപ്പതിനാണ് മുംബൈ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തത്. 500 രൂപയുടെ കള്ളനോട്ട് കൈവശം വച്ചെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. പിന്നെ ഒന്നിലധികം തീവ്രവാദ കേസുകളില്‍ ആരോപണവിധേയനായ ഷബീര്‍ കുറ്റക്കാരനല്ലെന്ന കോടതി വിധി വന്നത് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്.

2008 നവംബര്‍ 30ന് കസ്റ്റഡിയിലെടുത്തെങ്കിലും 2009 ജനുവരിയിലാണ് ഷബീറിനെ കോടതിയില്‍ ഹാജരാക്കിയതെന്ന് പൂനൈയിലെ സാമൂഹിക - രാഷ്ട്രീയ പ്രവര്‍ത്തകനായ അഞ്ജും ഇനംദാര്‍ പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു ആരോപണവും അപ്പോള്‍ ചുമത്തിയിരുന്നില്ല. 500 രൂപയുടെ കള്ളനോട്ട് കൈവശം വച്ചു എന്നായിരുന്നു കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഷബീര്‍ ജിഹാദി സാഹിത്യം വിതരണം ചെയ്യുന്നുവെന്ന ആരോപണവുമായി ഉല്ലാള്‍ പൊലീസ് അധികം വൈകാതെ രംഗതെത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇന്‍റലിജന്‍സ് അന്വേഷിച്ചിരുന്ന റിയാസ്, ഇക്ബാല്‍ എന്നിവരുമായി ഷബീര്‍ ബന്ധം പുലര്‍ത്തിയിരുന്നുവെന്നായിരുന്നു പൊലീസ് വാദം.

ഒരു പൊലീസുകാരന്‍റെ മാത്രം മൊഴി കണക്കിലെടുത്ത് കോടതി ഷബീറിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചതായി അസോസിയേഷന്‍ ഓഫ് പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഭിഭാഷകനായ അര്‍ഷാദ് ബലൂര്‍ പറഞ്ഞു. വിധി വരുന്പോള്‍ ഷബീര്‍ മൂന്നര വര്‍ഷമായി ജയിലിലായിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. പൂനൈ കേസിലെ ശിക്ഷ അവസാനിച്ചതോടെ ഷബീറിനെ ബംഗളൂരു ജയിലിലേക്ക് മാറ്റി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ ആരോപണവിധേയനാണെന്നായിരുന്നു ഇതിനുള്ള കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ സ്ഫോടനം നടന്ന സമയത്തെല്ലാം ഷബീര്‍ ജയിലിലായിരുന്നുവെന്ന വാദം അംഗീകരിച്ച ഹൈക്കോടതി ഷബീറിനെ കുറ്റവിമുക്തനാക്കി.

2008ല്‍ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്ത കേസ് അപ്പോഴും നിലനിന്നിരുന്നു. കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ടതോടെ ജാമ്യത്തിനായി ഷബീര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേവലം ആരോപണങ്ങളല്ലാതെ തനിക്കെതിരെ തെളിവുകളൊന്നും നിലവിലില്ലെന്നും ഷബീര്‍ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഒരു വര്‍ഷത്തിനകം വാദം പൂര്‍ത്തിയാക്കി കേസിലെ അന്തിമ വിധി പ്രഖ്യാപിക്കണമെന്ന് കര്‍ണാടക ഹൈക്കോടതിക്കും മംഗളൂരു സെഷന്‍സ് ആന്‍ഡ് ജില്ലാ കോടതിക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. സുപ്രീംകോടി നിര്‍ദേശത്തോടെ കേസ് നടപടികള്‍ അതിവേഗം പൂര്‍ത്തിയായി. ആരോപണവിധേയരായ ഏഴു പേരില്‍ മൂന്നു പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. ഷബീര്‍ ഉള്‍പ്പെടെ മറ്റുള്ളവര്‍ നിരപരാധികളാണെന്നും കണ്ടെത്തി.

ജയിലില്‍ പോയി മകനെ ഒരു തവണയെങ്കിലും കാണാന്‍ സാന്പത്തിക സ്ഥിതി അനുവദിക്കാതിരുന്ന ഷബീറിന്‍റെ മാതാവ് നിറകണ്ണുകളോടെയാണ് കോടതി വിധിയെക്കുറിച്ച് ബന്ധുക്കളില്‍ നിന്നും കേട്ടത്. തന്‍റെ മകന്‍ നിരപരാധിയാണെന്ന് അറിയാമായിരുന്നെന്നും ജയില്‍ മോചിതനായുള്ള വരവിനായി കാത്തിരിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. എന്‍റെ ഇളയ മോനാണവന്‍, ഇപ്പോള്‍ 36 വയസായി. ഇതുവരെയായി വിവാഹിതനായിട്ടില്ല - വിതുന്പലോടെ ആ മാതാവ് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News