കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന ഹുഡയുടെ അഭിപ്രായത്തിന് പിന്തുണയേറുന്നു
വിഷയത്തിന്റെ അടിയന്തര പ്രാധാന്യമാണ് കരസേനാ കമാന്‍ഡറുടെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ആള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വൈസ് ഉമര്‍ ഫാറൂഖ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു
കശ്മീര്‍ വിഷയത്തില്‍ എല്ലാ വിഭാഗങ്ങളുമായും ഉടന്‍ തന്നെ ചര്‍ച്ച നടത്തണമെന്ന കരസേനാ കമാന്‍ഡര്‍ ലഫ്റ്റ്നന്റ് ജനറല്‍ ഡി.എസ്.ഹൂഡയുടെ അഭിപ്രായത്തിന് കശ്മീരില്‍ പിന്തുണയേറുന്നു. വിഷയത്തിന്റെ അടിയന്തര പ്രാധാന്യമാണ് കരസേനാ കമാന്‍ഡറുടെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് ആള്‍ പാര്‍ട്ടീസ് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വൈസ് ഉമര്‍ ഫാറൂഖ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പുറമെ കഴിഞ്ഞ ദിവസം രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവ് ഉമര്‍ അബ്ദുള്ളയും ഡി.എസ്.ഹൂഡയുടെ പ്രതികരണം ചൂണ്ടിക്കാട്ടിയതായാണ് സൂചന.
വെള്ളിയാഴ്ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കശ്മീരില്‍ വിഘടനവാദികളും വിദ്യാര്‍ത്ഥികളും അടക്കം എല്ലാവരെയും വിളിച്ചിരുത്തി പ്രശ്നം ചര്‍ച്ച ചെയ്യണമെന്ന് കരസേനയുടെ ഉത്തരമേഖലാ കമാന്‍ഡര്‍ ലഫ്റ്റ്നന്റ് ജനറല്‍ ഡി.എസ്.ഹുഡ അഭിപ്രായപ്പെട്ടത്. ഇതിലൂടെ പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ എന്ന് നമുക്ക് നോക്കാമെന്നും ഡി.എസ്.ഹൂഡ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇനിയും അത്തരമൊരു രാഷ്ട്രീയ പ്രക്രിയക്ക് തുടക്കമിടാന്‍ തയ്യാറാവാത്ത സാഹചര്ത്തില്‍ ഒരു സൈനിക കമാന്‍ഡര്‍ തന്നെ ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായി. പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം കാണേണ്ടതിന്റെ അടിയന്തര പ്രാധാന്യവും അനിവാര്യതയും വ്യക്തമാക്കുന്നതാണ് കരസേനാ കമാന്‍ഡറുടെ വാക്കുകളെന്നായിരുന്നു ആള്‍ പാര്‍ട്ടി ഹുറിയത്ത് കോണ്‍ഗ്രസിന്റെ ഭാഗമായ അവാമി അക്ഷന്‍ കമ്മിറ്റി അദ്ധ്യക്ഷന്‍ മിര്‍വൈസ് ഉമര്‍ ഫാറൂഖിന്റെ പ്രതികരണം. കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ തുടക്കം മുതല്‍ തന്നെ ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഡല്‍ഹിയില്‍ രാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പ്രതിപക്ഷ നേതാവ് ഉമര്‍ അബ്ദുള്ള കരസേനാ കമാന്‍ഡറുടെ പ്രസ്താവന പ്രത്യേകം പരാമര്‍ശിച്ചതായി സൂചനയുണ്ട്.