പഴയ 500 രൂപ എടുക്കില്ലെന്ന് ആശുപത്രി അധികൃതര്‍; പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു

Update: 2018-05-02 22:31 GMT
Editor : Alwyn K Jose
പഴയ 500 രൂപ എടുക്കില്ലെന്ന് ആശുപത്രി അധികൃതര്‍; പിഞ്ചുകുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു

പഴയ 500, 1000 രൂപ നോട്ടുകള്‍ വേണ്ടത്ര മുന്‍കരുതലുകളില്ലാതെ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി മനുഷ്യ ജീവനെടുക്കുന്നത് തുടര്‍കഥയാകുന്നു.

പഴയ 500, 1000 രൂപ നോട്ടുകള്‍ വേണ്ടത്ര മുന്‍കരുതലുകളില്ലാതെ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി മനുഷ്യ ജീവനെടുക്കുന്നത് തുടര്‍കഥയാകുന്നു. അവശ്യസര്‍വീസുകളിലൊന്നായ ആശുപത്രികളെ പഴയ നോട്ടുകള്‍ സ്വീകരിക്കുന്നതിന് അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ ചില ആശുപത്രികള്‍ ഇതിനു തയാറാകുന്നില്ലെന്നാണ് ആക്ഷേപം. മുംബൈയിലാണ് സംഭവം.

പഴയ 500 രൂപ നോട്ട് സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ തയാറാകാത്തതിനെ തുടര്‍ന്ന് പിഞ്ചു കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചതായാണ് റിപ്പോര്‍ട്ട്. കര്‍പ്പന്റര്‍ ജോലിക്കാരനായ ജഗദീഷിന്റെയും ഭാര്യ കിരണിന്റെയും നവജാത ശിശുവാണ് മരിച്ചത്. ഗോവന്ദിയിലെ ജീവന്‍ജ്യോതി ആശുപത്രി അധികൃതര്‍ പഴയ 500 രൂപ നോട്ടുകള്‍ സ്വീകരിക്കാതെ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിടുകയായിരുന്നു. ഡിസംബര്‍ ആദ്യ വാരമാണ് പ്രസവത്തിനുള്ള തിയതി അറിയിച്ചിരുന്നത്. എന്നാല്‍ കടുത്ത വേദനയെ തുടര്‍ന്ന് നവംബര്‍ 9 ന് വീട്ടില്‍വെച്ച് കിരണ്‍ ആണ്‍കുഞ്ഞിന് ജന്മം കൊടുത്തു. പ്രസവത്തിനിടെ രക്തം വാര്‍ന്ന് അവശനിലയിലായ കിരണിനെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ 6000 രൂപ കെട്ടിവെക്കാന്‍ ആവശ്യപ്പെട്ടു. ഇത് നൂറു രൂപയോ അതില്‍ കുറഞ്ഞ നോട്ടിലോ ആകണമെന്ന് ശഠിക്കുകയും ചെയ്തു. എന്നാല്‍ ജഗദീഷിന്റെ പക്കല്‍ ആ സമയം 500 ന്റെ നോട്ടുകളായിരുന്നു ഉണ്ടായിരുന്നത്. ഇത് സ്വീകരിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ ആവര്‍ത്തിക്കുകയായിരുന്നു. നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടടുത്ത ദിവസമായിരുന്നു ഈ സംഭവം. ബാങ്കുകളും എടിഎമ്മുകളും അടഞ്ഞുകിടന്ന അന്ന് മറ്റൊരു മാര്‍ഗവും ജഗദീഷിനു മുമ്പിലുണ്ടായിരുന്നില്ല. അപ്പോഴേക്കും കുഞ്ഞിന്റെ ആരോഗ്യനില വഷളായി. കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News