മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ തൊട്ട ഗര്‍ഭിണിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചുകൊന്നു

Update: 2018-05-03 14:44 GMT
Editor : Jaisy
മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ തൊട്ട ഗര്‍ഭിണിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചുകൊന്നു

ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖെതല്‍പുര്‍ ബന്‍സോളി ഗ്രാമവാസിയായ സാവിത്രി ദേവിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്

യുപിയില്‍ മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ തൊട്ട ഗര്‍ഭിണിയായ ദളിത് യുവതിയെ മര്‍ദ്ദിച്ചുകൊന്നു. ബുലന്ദ്ഷഹര്‍ ജില്ലയിലെ ഖെതല്‍പുര്‍ ബന്‍സോളി ഗ്രാമവാസിയായ സാവിത്രി ദേവിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അവരുടെ കുഞ്ഞും മരിച്ചു.

മറ്റ് വീട്ടുകളില്‍ നിന്ന് മാലിന്യം ശേഖരിക്കുന്ന തൊഴിലായിരുന്നു സാവിത്രി ദേവിയുടേത്. ജോലിക്കിടെ മേല്‍ജാതിക്കാരുടെ ബക്കറ്റില്‍ തൊട്ടതാണ് മര്‍ദ്ദനത്തിന് കാരണമായത്. സാധാരണ പോലെ മാലിന്യം ശേഖരിക്കാന്‍ ഇറങ്ങിയ സാവിത്രിയുടെ അടുത്തുകൂടി ഓട്ടോറിക്ഷ പോയപ്പോള്‍ അവര്‍ക്ക് ബാലന്‍സ് നഷ്ടപ്പെട്ടു. താഴെ വീഴാതിരിക്കാന്‍ സമീപത്തിരുന്ന ബക്കറ്റില്‍ പിടിക്കുകയായിരുന്നു.

Advertising
Advertising

ഇത് കണ്ട് വന്ന ഠാക്കൂര്‍ വിഭാഗത്തില്‍പ്പെട്ട അഞ്ചു തന്റെ ബക്കറ്റ് അശുദ്ധമാക്കി എന്നാരോപിച്ച് സാവിത്രിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വയറ്റില്‍ പലതവണ ആഞ്ഞ് ഇടിക്കുകയും തല മതിലില്‍ ഇടിപ്പിക്കുകയും ചെയ്തു. അവിടെ എത്തിയ അഞ്ചുവിന്റെ മകന്‍ കോഹിത്തും വടികൊണ്ട് സാവിത്രിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും സംഭവം കണ്ടുനിന്ന് കുസുമ ദേവി പറഞ്ഞു.

ഒക്‌ടോബര്‍ 15 ന് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. സംഭവം നടന്ന ആറ് ദിവസത്തിന് ശേഷമാണ് സാവിത്രിയും അവരുടെ കുഞ്ഞും മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതമാണ് മരണത്തിന് കാരണമായത്. പൂര്‍ണ വളര്‍ച്ച എത്തിയ ആണ്‍കുട്ടിയും മരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സാവിത്രിയെ ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കില്‍ ശരീരത്തിന് പുറത്തേക്ക് രക്തം ഒഴുകാത്തത് കൊണ്ട് പരിശോധിക്കാന്‍ തയാറായില്ലെന്ന് ഭര്‍ത്താവ് ദിലീപ് കുമാര്‍ പറഞ്ഞു.

വീട്ടില്‍ തിരിച്ചെത്തിയിട്ടും ശക്തമായ തലവേദനയും വയറുവേദനയും സാവിത്രിക്കുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ചോദിക്കാന്‍ അഞ്ചുവിന്റെ വീട്ടില്‍ പോയെങ്കിലും തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും ദിലീപ് വ്യക്തമാക്കി. ഒക്‌റ്റോബര്‍ 18 നാണ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുന്നത്. അഞ്ചുവിനും മകന്‍ രോഹിതിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇരുവരും ഒളിവിലാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News