നോട്ട് നിരോധനം; വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ലെന്ന് പ്രധാനമന്ത്രി കാര്യാലയം

Update: 2018-05-09 05:45 GMT
നോട്ട് നിരോധനം; വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ലെന്ന് പ്രധാനമന്ത്രി കാര്യാലയം

നോട്ട് അസാധുവാക്കുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം എന്നിവരുടെ അഭിപ്രായം പ്രധാനമന്ത്രി ചോദിച്ചിരുന്നോ എന്നായിരുന്നു

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് പ്രധാനമന്ത്രി ആരുടെയൊക്കെ അഭിപ്രായം തേടിയെന്നത് സംബന്ധിച്ച വിവരങ്ങള്‍ പങ്കുവയ്ക്കാനാകില്ലെന്ന് പ്രധാനമന്ത്രി കാര്യാലയം. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കാണ് സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി കാര്യാലയം മറുപടി നിഷേധിച്ചത്. നോട്ട് അസാധുവാക്കുന്നതിനു മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം എന്നിവരുടെ അഭിപ്രായം പ്രധാനമന്ത്രി ചോദിച്ചിരുന്നോ എന്നായിരുന്നു ചോദ്യം. എന്നാല്‍ ‘വിവര’ത്തെക്കുറിച്ച നിര്‍വചനത്തിന്‍റെ പരിധിയില്‍ ചോദ്യം വരുന്നില്ലെന്നും ഉന്നയിച്ച ചോദ്യം സംബന്ധിച്ച വിവരം പ്രധാനമന്ത്രി കാര്യാലയത്തിന്‍െറ രേഖകളില്‍ ലഭ്യമല്ലെന്നും പിഎംഒ മറുപടി നല്‍കി.

Advertising
Advertising

പ്രഖ്യാപനം നടത്തുന്നതിനു മുമ്പ് നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ ഏതെങ്കിലും യോഗം നടന്നിരുന്നോ, പുതിയ നോട്ട് സുഗമമായി കൈമാറ്റം ചെയ്യുന്നതിന് തയാറെടുപ്പ് നടത്തിയിരുന്നോ എന്ന ചോദ്യത്തിനും മറുപടിയില്ല. 2,000 രൂപയുടെ പുതിയ നോട്ടിനുവേണ്ടി എ.ടി.എമ്മുകളില്‍ സോഫ്റ്റ്വെയര്‍ ക്രമീകരണം മാറ്റേണ്ടിവരുമെന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിരുന്നോ എന്ന ചോദ്യവും ഉന്നയിക്കപ്പെട്ടു. ഏതെങ്കിലും ഉദ്യോഗസ്ഥനോ മന്ത്രിയോ തീരുമാനത്തെ എതിര്‍ത്തോ, പഴയ നോട്ടിനുപകരം പുതിയത് കൊടുക്കാന്‍ എത്ര സമയം വേണ്ടിവരും തുടങ്ങിയ ചോദ്യങ്ങള്‍ക്കുമില്ല മറുപടി.

നോട്ട് അസാധുവാക്കുന്ന കാര്യത്തില്‍ നിയമപ്രകാരം നല്‍കിയ അപേക്ഷയോട് പുറംതിരിഞ്ഞ സമീപനമാണ് നേരത്തേ റിസര്‍വ് ബാങ്കും കൈക്കൊണ്ടത്. അസാധുവാക്കിയ നോട്ടുകളില്‍ എത്ര തിരിച്ചത്തെി, എത്ര നോട്ട് പുതുതായി അച്ചടിച്ച് ഇറക്കി തുടങ്ങിയ കാര്യങ്ങളും ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. ഒരു തീരുമാനം നടപ്പാക്കുന്നതിന് ആരെങ്കിലുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോ എന്ന കാര്യം രേഖകളുടെ ഭാഗമാണെന്നും വിവരാവകാശ നിയമത്തിന്‍െറ പരിധിയില്‍ വരുമെന്നും മുന്‍ ഇന്‍ഫര്‍മേഷന്‍ കമീഷണര്‍ ശൈലേഷ് ഗാന്ധി പറഞ്ഞു.

Tags:    

Similar News