മദറിന്റെ നീലക്കര സാരി മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബൗദ്ധിക സ്വത്ത്

Update: 2018-05-09 20:53 GMT
മദറിന്റെ നീലക്കര സാരി മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബൗദ്ധിക സ്വത്ത്
Advertising

ഇനി ഈ സാരി മിഷനറീസ് ഓഫ് ചാരിറ്റിയുടെ അനുവാദം കൂടാതെ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല

അഗതികളുടെ അമ്മ മദര്‍ തെരേസയുടെ നീല കരയുള്ള സാരി മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബൌദ്ധിക സ്വത്തായി പ്രഖ്യാപിച്ചു. മദറിനെ കൊല്‍ക്കൊത്തയുടെ വിശുദ്ധ തെരേസയായി വത്തിക്കാന്‍ പ്രഖ്യാപിച്ച വേളയിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
ഇനി ഈ സാരി മിഷനറീസ് ഓഫ് ചാരിറ്റിയുടെ അനുവാദം കൂടാതെ മറ്റാര്‍ക്കും ഉപയോഗിക്കാന്‍ കഴിയില്ല. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയുടെ ട്രേഡ് മാര്‍ക്കില്‍ രജിസ്ട്രര്‍ ചെയ്തതുകൊണ്ടാണ് ഇത്.

2016 സെപ്തംബര്‍ നാലിന് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മിഷണറീസിലെ കന്യാസ്ത്രീകളെല്ലാം എത്തിയത് നീലക്കരയുള്ള സാരിയണിഞ്ഞായിരുന്നു. അതുകൊണ്ടാണ് സാരി ബൌദ്ധിക സ്വത്തായി പ്രഖ്യാപിച്ചതെന്ന് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അറ്റോര്‍ണി ബിശ്വജിത്ത് സര്‍ക്കാര്‍ പറഞ്ഞു. ആളുകള്‍ ധനസമ്പാദനത്തിനായി നീലയും വെള്ളയും വരകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങള്‍ നിയമപരമായ വഴിയിലേക്ക് തിരിഞ്ഞത്.

1948 ഓഗസ്റ്റ് എട്ടിന് ആരംഭിക്കുന്നു മദര്‍ തെരേസയ്‌ക്കൊപ്പം തന്നെ ശ്രദ്ധേയമാക്കിയ ആ സാരിയുടെ ഉത്ഭവത്തിന്റെ കഥ. വെള്ള നിറത്തില്‍ മൂന്ന് നീല വരകളോടുകൂടിയ ആ സാരി മദറിന് ആശീര്‍വദിച്ചുകൊടുത്തത് ഫാ. വാന്‍ എക്‌സെം ആയിരുന്നു. കോണ്‍വെന്റ് ചാപ്പലില്‍ വച്ചായിരുന്നു അതിന്റെ വെഞ്ചരിപ്പ് നടന്നത്. ഓഗസ്റ്റ് എട്ടിന് വെഞ്ചരിച്ച ആ സാരി ഓഗസ്റ്റ് 17 മുതല്‍ മദര്‍ ഉപയോഗിച്ചുതുടങ്ങി.

ഗാന്ധിജി പ്രേം നിവാസിലെ കുഷ്ഠരോഗികളാണ് ഇപ്പോള്‍ ഈ സാരി നെയ്യുന്നത്. വര്‍ഷം തോറും ലോകമെങ്ങുമുള്ള മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗങ്ങള്‍ക്ക് വേണ്ടി നാലായിരത്തോളം സാരികള്‍ വേണ്ടി വരും.

Tags:    

Similar News