രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അങ്ങേയറ്റം അധഃപതിച്ചുവെന്ന് സുപ്രിം കോടതി

Update: 2018-05-11 11:43 GMT
Editor : admin
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അങ്ങേയറ്റം അധഃപതിച്ചുവെന്ന് സുപ്രിം കോടതി
Advertising

മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ നടപ്പാക്കുന്നതിനെതിരായ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും.

Full View

രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അങ്ങേയറ്റത്തെ അധഃപ്പതനത്തിലെന്ന് സുപ്രിം കോടതി. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് തുടരുന്ന കൊള്ളരുതായ്മകള്‍ തടയുന്നതിലും, ആവശ്യമായ നവീകരണം കൊണ്ട് വരുന്നതിലും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പരാജയമാണെന്നും കോടതി പറഞ്ഞു. മെഡിക്കല്‍ രംഗത്ത് സ്വകാര്യ കോളജുകളുടെ കൊള്ളയവസാനിപ്പിച്ച്, ഗുണ നിലവാരം ഉറപ്പ് വരുത്താന്‍ ആദ്യം അഴിച്ച് പണികള്‍ വേണ്ടത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യക്ക് തന്നെയാണെന്നും കോടതി നിരീക്ഷിച്ചു.

മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും, നിയന്ത്രിക്കാനും മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായുള്ള പ്രത്യേക സമിതിക്ക് സുപ്രീം കോടതി കഴിഞ്ഞ ദിവസം രൂപം നല്‍കിയിരുന്നു. സമിതിക്ക് രൂപം നല്‍കി കൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ്, സ്വകാര്യ മെഡിക്കല്‍ കോളേജുകളെയും, മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെയും രൂക്ഷമായി വിമര്‍ശിച്ചത്.

മെഡിക്കല്‍ വിദ്യാഭ്യാസ രംഗം അതിന്റെ ഏറ്റവും വലിയ അധഃപ്പതനത്തിലാണ് ഇപ്പോഴുള്ളത്. രാജ്യത്തെ ആരോഗ്യ രംഗത്തെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കെല്‍പ്പില്ലാത്തവരാണ് മെഡിക്കല്‍ ബിരുദധാരികളായി പുറത്ത് വരുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കാലോചിതമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിലും, സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങളുടെ ചൂഷണം ഇല്ലായ്മ ചെയ്യുന്നതിലും മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പരാജയമാണെന്നും കോടതി നിരീക്ഷിച്ചു.

സ്വകാര്യ മെഡിക്കല്‍ സ്ഥാപനങ്ങള്‍, ഭൂരിഭാഗം സീറ്റുകളും തലപ്പണം വാങ്ങി വില്‍ക്കുകയാണ്. യോഗ്യതയുള്ള വിദ്യാര്‍ത്ഥികളും, സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരും നിലവില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് നിന്ന് പുറന്തള്ളപ്പെടുകയാണെന്നും കോടതി പറഞ്ഞു. പ്രവേശന നടപടികളില്‍ സുതാര്യത ഉറപ്പ് വരുത്തണമെങ്കില്‍ ഏകീകൃത പ്രവേശന പരീക്ഷ അത്യാവശ്യമാണെന്നും ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് പറഞ്ഞു.

ഈ കൊള്ളരുതായ്മകള്‍ക്ക് അറുതി വരുത്താന്‍ ആദ്യം മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയില്‍ തന്നെയാണ്. എംസിഐയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കന്ന രീതിയില്‍ മാറ്റം വരുത്തണമെന്നും, കേന്ദ്ര സര്‍ക്കാരിന് കൌണ്‍സില്‍ ഇടപെടുന്നതിലുള്ള പരിമിതി എടുത്ത് കളയണമെന്നും കോടതി പറഞ്ഞു.


അതേസമയം മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത പരീക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും കേരളമടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളും, സ്വകാര്യ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റുകളും സമര്‍പ്പിച്ച അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അനില്‍ ആര്‍ ദേവ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ പ്രവേശത്തിന് ഏകീകൃത പൊതു പരീക്ഷ നടത്താന്‍ നേരത്തെ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ആദ്യ ഘട്ട പരീക്ഷ മെയ് 1 ന് നടക്കുകയും ചെയ്തു. ജൂലൈയില്‍ നടക്കുന്ന രണ്ടാം ഘട്ട പരീക്ഷയില്‍ നിന്ന് നിലവില്‍ സ്വന്തമായ പ്രവേശ പരീക്ഷ നടത്തിയ സംസ്ഥാനങ്ങളെ ഒഴിവാക്കണം, സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശ പരീക്ഷകള്‍ക്ക് അംഗീകാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News