'തോക്കിന് തോക്കു കൊണ്ട് മറുപടി..!' പൊലീസിന് സര്‍വ്വാധികാരവും നല്‍കി യോഗി ആദിത്യനാഥ്

Update: 2018-05-12 06:54 GMT
Editor : Muhsina
'തോക്കിന് തോക്കു കൊണ്ട് മറുപടി..!' പൊലീസിന് സര്‍വ്വാധികാരവും നല്‍കി യോഗി ആദിത്യനാഥ്

"യുപിയിലെ പോലീസ് ഇനി ഒരു ബുള്ളറ്റിന് മറ്റൊരു ബുള്ളറ്റുകൊണ്ട് പ്രതികരിക്കും. മുൻ ഗവൺമെന്റിനെപ്പോലെയല്ല, കുറ്റവാളികളെ ഏറ്റവും സാധ്യമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള പരമാധികാരം ഞാൻ പൊലീസിന് നൽകിയിട്ടുണ്ട്..

തോക്കിനെ തോക്കു കൊണ്ടു തന്നെ നേരിടാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതോടെ യു.പിയില്‍ കുറ്റകൃത്യങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായാണ് യോഗിയുടെ പ്രസ്താവന.

"യുപിയിലെ പോലീസ് ഇനി ഒരു ബുള്ളറ്റിന് മറ്റൊരു ബുള്ളറ്റുകൊണ്ട് പ്രതികരിക്കും. മുൻ ഗവൺമെന്റിനെപ്പോലെയല്ല, കുറ്റവാളികളെ ഏറ്റവും സാധ്യമായ രീതിയിൽ കൈകാര്യം ചെയ്യാനുള്ള പരമാധികാരം ഞാൻ പൊലീസിന് നൽകിയിട്ടുണ്ട്." യോഗി വ്യക്തമാക്കി.

Advertising
Advertising

''ഇത്രയും കര്‍ശനമായി ക്രിമിനലുകളെ നേരിടുന്നത് അവരെ ഭയപ്പെടുത്തും. പൊലീസിന് പൂര്‍ണ അധികാരം നല്‍കിയതോടെ അവരുടെ ഉത്തവാദിത്വം വര്‍ധിപ്പിച്ചിരിക്കുകയാണ്. അവര്‍ക്ക് രാഷ്ട്രീയ സ്വാധീനം ഭയക്കാതെ നല്ല രീതിയില്‍ ജോലി ചെയ്യാന്‍ ഇത് സഹായിക്കും.'' യോഗി പറഞ്ഞു. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഉത്തര്‍പ്രദേശില്‍ അധികാരം ഏറ്റെടുത്തതിന് ശേഷം ക്രിമിനല്‍ കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അധികാരമേറ്റ് രണ്ട് മാസത്തിനുള്ളില്‍ 803 ബലാത്സംഗ കേസുകളാണ് യുപിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 729 കൊലപാതക കേസുകളും രണ്ട് മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തു. നിയമസഭയിലെ ചോദ്യോത്തരവേളയില്‍ പാര്‍ലമെന്‍ററികാര്യ മന്ത്രി സുരേഷ് കുമാര്‍ ഖന്നയായിരുന്നു ഈ കണക്കുകള്‍ വ്യക്തമാക്കിയത്.

കഴിഞ്ഞ ആറുമാസത്തിനിടെ 420ഏറ്റുമുട്ടലുകള്‍ നടന്നതായി സംസ്ഥാന പൊലീസ് മേധാവിയുടെ ഓഫീസ് പുറത്തുവിട്ട കണക്കുകളിലും പറയുന്നു. വിവിധ ഏറ്റുമുട്ടലുകളിലായി പൊലീസ് 15 പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരെല്ലാം കുറ്റവാളികളാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈ സാഹചര്യത്തില്‍ ആശങ്കക്ക് വഴിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News