ബലാത്സംഗത്തിന് ശേഷം കൊല; പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥി മരിച്ചനിലയില്‍

Update: 2018-05-16 10:48 GMT
Editor : Sithara
ബലാത്സംഗത്തിന് ശേഷം കൊല; പ്രതിയെന്ന് സംശയിക്കുന്ന വിദ്യാര്‍ഥി മരിച്ചനിലയില്‍

15 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളില്‍ ഒരാളെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയെ കനാലില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഹരിയാനയിലെ കുരുക്ഷേത്രയില്‍ 15 വയസ്സുകാരി കൂട്ടബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളില്‍ ഒരാളെന്ന് സംശയിക്കുന്ന വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. ഭക്ര കനാലിലാണ് മൃതദേഹം കണ്ടത്. പ്ലസ് ടു വിദ്യാര്‍ഥിയുടെ മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ശരീരത്തിലുണ്ടായിരുന്ന ടാറ്റൂവിന്‍റെ സഹായത്തോടെയാണ് മാതാപിതാക്കള്‍ മകനെ തിരിച്ചറിഞ്ഞത്.

ട്യൂഷന്‍ ക്ലാസില്‍ പോയ പെണ്‍കുട്ടിയെ കഴിഞ്ഞ ആഴ്ചയാണ് കാണാതായത്. കാണാതാകുന്നതിന് തൊട്ടുമുന്‍പ് പെണ്‍കുട്ടിക്കൊപ്പം ഈ ആണ്‍കുട്ടിയുമുണ്ടായിരുന്നു. മകളെ കാണാതായതില്‍ ആണ്‍കുട്ടിക്ക് പങ്കുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശനിയാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. പക്ഷേ ആണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെയാണ് ആണ്‍കുട്ടിയുടെ മൃതദേഹം കനാലില്‍ കണ്ടത്.

Advertising
Advertising

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം പെണ്‍കുട്ടി ക്രൂരമായ കൂട്ട ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടത്. സ്വകാര്യഭാഗങ്ങളില്‍ മാരകമായ മുറിവുകളുണ്ടായിരുന്നു. കരളും ശ്വാസകോശവുമെല്ലാം തകര്‍ന്ന അവസ്ഥയിലായിരുന്നു.
ആരാണ് അക്രമികളെന്ന് പൊലീസിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ആണ്‍കുട്ടിക്കെതിരെ പരാമര്‍ശമുണ്ടായതിനാല്‍ പ്രതിസ്ഥാനത്ത് നിര്‍ത്തി അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ആണ്‍കുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News