കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യ കുറ്റക്കാരന്‍

Update: 2018-05-17 14:00 GMT
Editor : Subin
കോടതിയലക്ഷ്യ കേസില്‍ വിജയ് മല്യ കുറ്റക്കാരന്‍
Advertising

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിച്ചുവെന്ന ആരോപണത്തിലാണ് സുപ്രീംകോടതിയുടെ വിധി.

കിങ്ഫിഷര്‍ ഉടമ വിജയ് മല്യ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് സുപ്രിം കോടതി. മല്യക്കെതിരായ ശിക്ഷ ജൂലൈ പത്തിന് കോടതി തീരുമാനിക്കും. അന്നേദിവസം നേരിട്ട് ഹജാരാകാന്‍ മല്യയോട് കോടതി ഉത്തരവിട്ടു. രാജ്യത്തെ ബാങ്കുകളുടെ സംയുക്ത കണ്‍സോര്‍ഷ്യം നല്‍കിയ പരാതിയിലാണ് നടപടി.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ നിന്നായി ഒമ്പതിനായിരത്തോളം കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ രാജ്യം വിട്ട വിജയ് മല്യക്കെതിരെ ബാങ്കിംഗ് കണ്‍സോര്‍ട്ടിയം നല്‍കിയ ഹരജിയിലാണ് സുപ്രിം കോടതി വിധി. വായ്പ തിരിച്ചടക്കാന്‍ പണമില്ലെന്ന് പറയുന്ന മല്യക്ക് 2016ല്‍ ബ്രിട്ടീഷ് കമ്പനിയില്‍ നിന്ന് 40 മില്യന്‍ ഡോളര്‍ ലഭിച്ചിരുന്നുവെന്നും, ഈ പണം വായ്പ തിരിച്ചടക്കാന്‍ ഉപയോഗിക്കാതെ മക്കളുടെ അക്കൌണ്ടിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും ഹരജിയില്‍ പറയുന്നു. ഇതടക്കം, കോടതിയുത്തരവുകള്‍ക്ക് വിരുദ്ധമായി ബോധപൂര്‍വ്വം വായ്പ തിരിച്ചടക്കുന്നതില്‍ മല്യ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് സുപ്രിം കോടതിയുടെ വിധി.

മല്യക്കെതിരായ ശിക്ഷ ജൂലൈ പത്തിന് തീരുമാനിക്കും. അന്നേദിവസം നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടുണ്ട്. ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ് മല്യക്കെതിരായ കുറ്റം. ലണ്ടിലിനുള്ള വിജയ് മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്നത്തെ വിധി. മല്യയെ കൈമാറാനുള്ള ഇന്ത്യയുടെ അപേക്ഷ ഇപ്പോള്‍ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയുടെ പരിഗണനയിലാണ്. ഈ ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതാണ് സുപ്രീംകോടതി വിധി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News