സിദ്ധരാമയ്യയും യെദിയൂരപ്പയും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ കളമൊരുങ്ങുന്നു

Update: 2018-05-23 09:01 GMT
Editor : Subin
സിദ്ധരാമയ്യയും യെദിയൂരപ്പയും നേര്‍ക്കുനേര്‍ മത്സരിക്കാന്‍ കളമൊരുങ്ങുന്നു

ബദാമി മണ്ഡലത്തില്‍ കൂടി സിദ്ധരാമയ്യ മല്‍സരിക്കുകയാണെങ്കില്‍ യെദിയൂരപ്പയെ എതിരായി നിര്‍ത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കര്‍ണ്ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബിഎസ് യെദിയൂരപ്പയും തമ്മില്‍ മത്സരത്തിന് കളമൊരുങ്ങുന്നു. ബദാമി മണ്ഡലത്തില്‍ കൂടി സിദ്ധരാമയ്യ മല്‍സരിക്കുകയാണെങ്കില്‍ യെദിയൂരപ്പയെ എതിരായി നിര്‍ത്തുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ബദാമിയില്‍ യെദിയൂരപ്പ മല്‍സരിക്കുന്നതിനെ താന്‍ സ്വാഗതം ചെയ്യുമെന്ന് സിദ്ധരാമയ്യ പ്രതികരിച്ചു.

Advertising
Advertising

ഓള്‍ഡ് മൈസൂര്‍ മേഖലയിലെ ചാമുണ്ടേശ്വരി മണ്ഡലത്തില്‍ നിന്നും മല്‍സരിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി സിദ്ധരാമയ്യ പത്രിക നല്‍കിയിരുന്നു. മണ്ഡലത്തില്‍ ബിജെപി, ജെഡി(എസ്) രഹസ്യ ധാരണയുണ്ടെന്നും അതിനാല്‍ സിദ്ധരാമയ്യയുടെ നില സുരക്ഷിതമല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ ബദാമി സീറ്റില്‍ കൂടി മല്‍സരിക്കാന്‍ ഒരുങ്ങുകയാണ് മുഖ്യമന്ത്രി. ഇതോടെയാണ് യെദിയൂരപ്പയെ രംഗത്തിറക്കി ബദാമിയിലും സിദ്ധരാമയ്യയെ വെല്ലുവിളിക്കാന്‍ ബിജെപിയുടെ നീക്കം. ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇത് സംബന്ധിച്ച സൂചന പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് നല്‍കിയതായാണ് വിവരം.

ബദാമിയില്‍ സിദ്ധരാമയ്യയെ മല്‍സരിപ്പിക്കുന്നതില്‍ ഇതുവരെ ഹൈക്കമാന്റ് തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ യെദിയൂരപ്പ വരികയാണെങ്കില്‍ സിദ്ധരാമയ്യയെ മല്‍സരിപ്പിക്കുമെന്നാണ് പാര്‍ട്ടി നിലപാട്. യെദിയൂരപ്പ മല്‍സരിക്കുമെന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നതോടെ ബദാമിയില്‍ സിദ്ധരാമയ്യ മല്‍സരിക്കുന്നതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ശബ്ദം കൂടിയാണ് ദുര്‍ബലമാകുന്നത്.

രണ്ട് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടത്തിന് കളമൊരുങ്ങിയാല്‍ ബദാമിയായിരിക്കും ഈ തെരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News