കീ’ഴ്വഴക്കങ്ങള്‍ കാറ്റില്‍പ്പറത്തി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്രമിച്ച് ബിജെപി

Update: 2018-05-24 15:00 GMT
Editor : Jaisy
കീ’ഴ്വഴക്കങ്ങള്‍ കാറ്റില്‍പ്പറത്തി രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ വ്യക്തിപരമായി ആക്രമിച്ച് ബിജെപി
Advertising

നേരത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ബിജെപി തയ്യാറായിരുന്നില്ല

രാഷ്ട്രതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയെ രാഷ്ട്രീയമായി നേരിടാന്‍ ബിജെപി. മീരാ കുമാര്‍ ലോക്സഭാ സ്പീക്കറായിരുന്ന കാലത്ത് സ്വീകരിച്ച വിവാദനടപടികളെ പ്രചാരണായുധമാക്കാനാണ് ബിജെപി തീരുമാനം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിനെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ കോണ്‍ഗ്രസും പ്രതിപക്ഷത്തെ മറ്റ് കക്ഷികളും ഉയര്‍ത്തുന്നതിനാലാണ് ഇതെന്നാണ് ബിജെപി നല്‍കുന്ന വിശദീകരണം.

രാഷ്ട്രപതി തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയമത്സരമായി മാറ്റാറില്ലെന്ന പതിവ് കീഴ്വഴക്കങ്ങള്‍ ലംഘിച്ചാണ് ഇത്തവണ ബിജെപി രംഗത്തെത്തിയിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാര്‍ത്ഥിയായ മീരാ കുമാറിനെ വ്യക്തിപരമായി തന്നെ കടന്നാക്രമിച്ചാണ് ബിജെപി പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ലോക് സഭാ സ്പീക്കറായിരുന്നപ്പോള്‍ മീരാകുമാര്‍ അന്ന് പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജിന്റെ പ്രസംഗത്തില്‍ ഇടപെടുന്നതിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് സുഷമ തന്നെയാണ് രാഷ്ട്രീയ പ്രചാരണത്തിന് തുടക്കമിട്ടത്. 6 മിനുട്ട് പ്രസംഗത്തിനിടെ 60 തവണ സ്പീക്കര്‍ ഇടപെട്ടുവെന്ന തലക്കെട്ടേടുകൂടിയ മാധ്യമവാര്‍ത്തയും സുഷമ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരത്തിലാണ് സ്പീക്കറായിരുന്ന മീരാ കുമാറിന്റെ പെരുമാറ്റം എന്നധ്വനിയോടുകൂടിയായിരുന്നു ഇത്. ഇതിന് പിന്നാലെയാണ് സ്പീക്കറായിരുന്ന കാലത്ത് പിതാവ് ജഗ്ജീവന്‍ റാമിന് സ്മാരകം പണിയാനായി ചട്ടങ്ങള്‍ ലംഘിച്ച് മീരാ കുമാര്‍ ഡല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗില്‍ സ്ഥലം അനുവദിച്ചത് വിവാദമായതും ഉയര്‍ത്തിക്കൊണ്ടുവരാനാണ് ബിജെപി നീക്കം. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദ് മുസ്ലീം- ക്രിസ്ത്യന്‍ ദളിതുകളെ പട്ടിക ജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് രാജ്യസഭയില്‍ നടത്തിയ പ്രസംഗം പ്രതിപക്ഷം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് മീരാ കുമാറിനെ വ്യക്തിപരമായി ആക്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് ബിജെപിയുടെ വാദം. നേരത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് സമവായത്തിലൂടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോലും ബിജെപി തയ്യാറായിരുന്നില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News