''എന്റെ മകനെവിടെ? അവനെ തിരിച്ചു തരൂ...''- നജീബിന്റെ ഉമ്മ പറയുന്നു...

Update: 2018-05-25 23:34 GMT
''എന്റെ മകനെവിടെ? അവനെ തിരിച്ചു തരൂ...''- നജീബിന്റെ ഉമ്മ പറയുന്നു...

ഫാത്തിമയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല... ഫാത്തിമ്മയുടെ മകന്‍, ജെ എന്‍യു വിലെ പി ജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് അഞ്ചുദിവസമാണ് പിന്നിട്ടിരിക്കുന്നത്.

''എന്റെ മകനെവിടെ? അവനെ തിരിച്ചു തരൂ...''
''എന്റെ മകനെ കാണാതായിരിക്കുന്നു... പക്ഷേ അവനെ ആക്രമിച്ചവര്‍ പുറത്ത് സ്വസ്ഥമായി നടക്കുന്നു.. എന്ത് തരം അവസ്ഥയാണിത്?'' -ജവഹര്‍ലാല്‍ നെഹ്‍റു യൂണിവേഴ്സിറ്റി കാമ്പസിന്റെ അഡ്‍മിനിസ്ട്രേറ്റീവ് ബ്ലോക്കിലെത്തിയതുമുതല്‍ ആ ഉമ്മ ഈ വാക്കുകള്‍ നിറുത്താതെ പറഞ്ഞുകൊണ്ടേയിരിക്കയാണ്..

ഫാത്തിമയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും വാക്കുകളില്ല... ഫാത്തിമ്മയുടെ മകന്‍, ജെ എന്‍യു വിലെ പി ജി വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കാണാതായിട്ട് അഞ്ചുദിവസമാണ് പിന്നിട്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതലാണ് നജീബിനെ ഹോസ്റ്റലില്‍ നിന്ന് കാണാതായത്.

Advertising
Advertising

തന്റെ മകനെ കണ്ടെത്താനായി പൊലീസും യൂണിവേഴ്സ്റ്റി അധികൃതരും ഒന്നും ചെയ്തില്ലെന്ന് ഫാത്തിമ നഫീസ് പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് കണ്ണില്‍പ്പൊടിയിടാനുള്ള വിദ്യകള്‍ മാത്രമായിരുന്നുവെന്നും അവര്‍ ആരോപിക്കുന്നു. തന്റെ മകനെ മര്‍ദ്ദിച്ചവരെ ആരെയും ഇതുവരെ ചോദ്യം ചെയ്തിട്ടുപോലുമില്ലെന്നും അവര്‍ പറയുന്നു.

''അവനൊരു പാവം പയ്യനാണ്.. എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയത്തില്‍ ഇടപെടാന്‍ മറന്നുപോയവന്‍. അധികം സുഹൃത്തുക്കള്‍ പോലുമില്ല അവന്.... പഠനത്തിനും താമസത്തിനും വേണ്ടി മാത്രമാണ് അവന്‍ ഹോസ്റ്റല്‍ ഉപയോഗിച്ചത്. ജെഎന്‍യുവില്‍ എത്തിപ്പെട്ടപ്പോള്‍ അവന്‍ വളരെ സന്തോഷിച്ചിരുന്നു. ഹോസ്റ്റല്‍ അഡ്മിഷന്‍ കിട്ടിയപ്പോള്‍ ആ സന്തോഷം പങ്കുവെക്കാന്‍ അപ്പോള്‍തന്നെ എന്നെ വിളിച്ചിരുന്നു..'' -ഫാത്തിമ്മ പറയുന്നു.

നേരത്തെ താമസത്തിന് ഡോര്‍മെറ്ററി ഉപയോഗിച്ചിരുന്ന നജീബിന് പത്തുദിവസം മുമ്പാണ് മഹി മാന്‍ഡവി ഹോസ്റ്റലില്‍ റൂം അനുവദിച്ചു കിട്ടുന്നത്.

പഠനം നിര്‍ത്തി നാട്ടിലേക്ക് വരാന്‍ താന്‍ പല തവണ മകനോട് പറഞ്ഞിരുന്നതായും ഈ ഉമ്മ പറയുന്നു. ദരിദ്രകുടുംബാംഗമാണ് നജീബിന്റേത്. പിതാവ് ആശാരിപ്പണിയെടുത്താണ് നേരത്തെ കുടുംബം പോറ്റിയിരുന്നത്. എന്നാല്‍ വീഴ്ചയെ തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ചതിനാല്‍ ഇപ്പോള്‍ ജോലിക്കൊന്നും പോകാന്‍ സാധിക്കുന്നില്ല.

വെള്ളിയാഴ്ച മര്‍ദ്ദനമേറ്റ ശേഷം രാത്രി രണ്ടുമണിയോടുകൂടി അവനെന്നെ വിളിച്ചിരുന്നുവെന്ന് ഉമ്മ പറയുന്നു..

'കൂടുതലൊന്നും പറയാന്‍ അന്ന് അവന്‍ തയ്യാറായില്ല. ആരൊക്കെയോ ചേര്‍ന്ന് അടിച്ചെന്നും സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് പോകുകയാണെന്നും മാത്രം പറഞ്ഞു. അങ്ങനെയെങ്കില്‍ ആശുപത്രിയില്‍വെച്ച് എഫ്ഐആര്‍ ഫയല്‍ ചെയ്യപ്പെടേണ്ടതല്ലേ. എന്നാല്‍ യൂണിവേഴ്സിറ്റി അധികൃതരുടെ ഭാഗത്തുനിന്ന് അത്തരം നടപടിയൊന്നുമുണ്ടായില്ല.. എന്നിട്ട് അവനെ തിരിച്ച് അതേ ഹോസ്റ്റലില്‍ തന്നെ കൊണ്ടുചെന്നാക്കി.. എവിടെവെച്ചാണോ അവന്‍ മര്‍ദ്ദിക്കപ്പെട്ടത്, അവിടെ യാതൊരു സുരക്ഷയും നല്‍കാതെ..'' ആ ഉമ്മ പറയുന്നു..

അവന് എന്തോ അപകടം പറ്റിയെന്ന ആശങ്കയില്‍ അവനെ കാണാനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടതാണ് ഫാത്തിമ. '

''ശനിയാഴ്ച 11 മണിക്കാണ് ഞാന്‍ അവനോട് അവസാനം ഫോണില്‍ സംസാരിച്ചത്.. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍വെച്ച്. ഞങ്ങളെ റൂമില്‍ കാത്തിരിക്കാമെന്നാണ് അപ്പോള്‍ അവന്‍ പറഞ്ഞത്. 12.30 ഓടെ ഞങ്ങള്‍ അവിടെയെത്തിയതാണ്. പക്ഷേ അവന്‍ അവിടെ ഉണ്ടായിരുന്നില്ല.. അവന്‍ അങ്ങനെ ഒളിച്ചിരിക്കുമായിരുന്നെങ്കില്‍ എന്നോട് അങ്ങനെ പറയില്ലായിരുന്നു.. അവിടെയെന്തോ സംഭവിച്ചിട്ടുണ്ട്.. അവനെ എന്തിന്, ആര് ഒളിപ്പിച്ചുവെന്നാണ് എനിക്കറിയാത്തത്..'' അവര്‍ പറയുന്നു..

മെഡിസിന് ചേരണമെന്നായിരുന്നു നജീബ് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ എന്‍ട്രന്‍സില്‍ വേണ്ടത്ര മാര്‍ക്ക് നേടാനായില്ല.. തുടര്‍ന്നാണ് ജെഎന്‍യുവില്‍ എംഎസ്‍സി ബയോടെക്‍നോളജിക്ക് ചേരുന്നത്.

''ജാമിഅ മില്ലിയ ഇസ്‍ലാമിയയിലാണ് ആദ്യം നജീബ് ചേര്‍ന്നിരുന്നത്. എന്നാല്‍ ജെഎന്‍യവിലെ ഫലം വന്നപ്പോള്‍ താന്‍ തെരഞ്ഞെടുക്കപ്പെട്ടതറിഞ്ഞ് ജാമിഅയിലെ അഡ്മിഷന്‍ കാന്‍സലാക്കുകയായിരുന്നു അവനെ''ന്ന് പറയുന്നു നജീബിന്‍റെ കസിനായ അഖ്ദാസ് മുഷര്‍റഫ്. ഡല്‍ഹിയില്‍ സര്‍ക്കാര്‍ സ്കൂളില്‍ അധ്യാപകനാണ് അഖ്ദാസ്.



ജെഎന്‍യുവില്‍ വെച്ച് എബിവിപി വിദ്യാര്‍ഥികളുടെ മര്‍ദനത്തിന് ഇരയായശേഷമാണ് നജീബിനെ കാണാതായിരിക്കുന്നത്. നജീബിനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാണ്. ഇന്നലെ മുതല്‍ നജീബിന്റെ മാതാപിതാക്കളും മകനെ കണ്ടെത്താനുള്ള പ്രക്ഷോഭത്തിനൊപ്പം ചേരുകയായിരുന്നു. വെള്ളിയാഴ്ച നജീബ് ഭയചകിതനായി ഫോണ്‍ വിളിച്ചതിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ബദായൂനില്‍ നിന്നാണ് ഇവര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഹോസ്റ്റല്‍ തെരഞ്ഞെടുപ്പില്‍ വോട്ടു ചോദിച്ചു മുറിയില്‍ വന്ന മൂന്നു വിദ്യാര്‍ഥികളും നജീബും തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് പ്രശ്നങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇവര്‍ വിളിച്ചറിയിച്ചതനുസരിച്ച് ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ ഹോസ്റ്റലിലെത്തി നജീബിനെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുഹൃത്തുക്കളാണ് ഇവരില്‍ നിന്ന് നജീബിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് സീനിയര്‍ വാര്‍ഡന്റെ അടുത്തെത്തിച്ചെങ്കിലും അവിടെയും മര്‍ദനമേറ്റു. തടയാന്‍ ശ്രമിച്ച വിദ്യാര്‍ഥി യൂണിയന്‍ ഭാരവാഹികള്‍ക്കു നേരെയും മര്‍ദനമുണ്ടായി. ഈ സംഭവത്തിനു പിറ്റേന്നു മുതലാണ് നജീബിനെ കാണാതായത്.

Tags:    

Similar News