അല്ലാഹുവിന്റെയും ഈശ്വരന്റെയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മമത ബാനര്‍ജി

Update: 2018-05-26 07:33 GMT
Editor : admin
അല്ലാഹുവിന്റെയും ഈശ്വരന്റെയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് മമത ബാനര്‍ജി
Advertising

ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി അല്ലാഹുവിന്റെയും ഈശ്വരന്റെയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത് വ്യത്യസ്തമായി.

ബംഗാള്‍ മുഖ്യമന്ത്രിയായി മമത ബാനര്‍ജി, അല്ലാഹുവിന്റെയും ഈശ്വരന്റെയും നാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത് വ്യത്യസ്തമായി. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടന്ന വര്‍ണ്ണാഭമായ ചടങ്ങില്‍ 30,000 ലേറെ പേരെ സാക്ഷിയാക്കിയായിരുന്നു മമതയുടെ സത്യപ്രതിജ്ഞ.

ബംഗാളില്‍ ഇടതുപക്ഷത്തെ തൂത്തെറിഞ്ഞ് രണ്ടാം തവണയും അധികാരത്തിലേറിയ മമത സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത വേദിയുടെ പേര് റെഡ് റോഡ് എന്നാണെങ്കിലും ഒരു പൊടിക്ക് പോലും ചുവപ്പ് കാണാനില്ലായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വമ്പന്‍ ചടങ്ങാണ് ഇവിടെ അരങ്ങേറിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടേക്കുള്ള ഗതാഗതം നിയന്ത്രിച്ചായിരുന്നു ഒരുക്കങ്ങള്‍. വേദിയിലൊരിടത്തും റെഡ് കാര്‍പ്പറ്റ് കാണാനുണ്ടായിരുന്നില്ല. നീല, പച്ച വര്‍ണങ്ങളിലുള്ള കാര്‍പ്പറ്റുകളാണ് വേദിയിലുടനീളം നിവര്‍ന്ന് കിടന്നത്.

ബോളിവുഡില്‍ നിന്നു ഷാരൂഖ് ഖാനും അമിതാഭ് ബച്ചന്‍ അടക്കവുമുള്ള പ്രമുഖരാണ് മമതയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ഇടത്-കോണ്‍ഗ്രസ് നേതാക്കള്‍ ബഹിഷ്കരിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി, മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍, ജമ്മു കശ്‍മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുത്തു. ഭൂട്ടാന്‍ പ്രധാനമന്ത്രിയും വിശിഷ്ടാഥിതിയായി എത്തിയിരുന്നു. റിപ്പബ്ളിക് ദിനത്തില്‍ ഒരുക്കുന്നതിനു സമാനമായ സുരക്ഷാ ക്രമീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനും ഏര്‍പ്പെടുത്തിയിരുന്നത്. ആയിരം പൊലീസുകാര്‍ക്ക് പുറമെ ദുരന്ത നിവാരണസേനാംഗങ്ങളും ക്യുആര്‍ടി സേനയും ഉള്‍പ്പെടെ പ്രദേശമാകെ സിസിടിവി കാമറകളും പൊലീസ് നായകളും വരെയായിരുന്നു സുരക്ഷാ ക്രമീകരണങ്ങള്‍. ആകെയുള്ള 294 സീറ്റുകളില്‍ 211 സീറ്റുകളുടെ വന്‍ ഭൂരിപക്ഷത്തോടെയാണ് മമത ബംഗാളില്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News