നോട്ടുകള്‍ അസാധുവാക്കിയിട്ട് ഒരു മാസം; ചില്ലറക്ഷാമം രൂക്ഷം

Update: 2018-05-31 20:09 GMT
Editor : Sithara
നോട്ടുകള്‍ അസാധുവാക്കിയിട്ട് ഒരു മാസം; ചില്ലറക്ഷാമം രൂക്ഷം

പിന്‍വലിച്ച തുകയുടെ 35 ശതമാനം മാത്രമാണ് റിസര്‍വ്വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും പുതിയ നോട്ട് രൂപത്തില്‍ ഇതുവരെ വിപണിയിലെത്തിക്കാനായത്.

രാജ്യത്ത് 1000ത്തിന്‍റെയും 500ന്‍റെയും നോട്ടുകള്‍ അസാധുവാക്കിയിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. പിന്‍വലിച്ച തുകയുടെ 35 ശതമാനം മാത്രമാണ് റിസര്‍വ്വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും പുതിയ നോട്ട് രൂപത്തില്‍ ഇതുവരെ വിപണിയിലെത്തിക്കാനായത്. ഇതോടെ സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളും തളര്‍ന്ന സ്ഥതിയാണെന്ന് കണക്കുകള്‍ വ്യക്താമക്കുന്നു

നോട്ട് അസാധുവാക്കല്‍ കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ട് 50 ദിവസം കൊണ്ട് തീരുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. എന്നാല്‍ 30 ദിവസം പിന്നിടുമ്പോഴും കാര്യങ്ങള്‍ നിയന്ത്രണ വിധേയമായിട്ടില്ല. എടിഎമ്മുകളില്‍ മിക്കതിലും പണമെത്തിയിട്ടില്ല. ശമ്പള ദിനങ്ങളില്‍ പോലും ജനങ്ങള്‍ വലയുന്ന കാഴ്ചയാണുള്ളത്. പ്രതിസന്ധി രൂക്ഷമായതോടെ നോട്ട് നിരോധത്തിന് മുന്‍പ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് നല്‍കിയിരുന്ന പ്രതീക്ഷിത വളര്‍ച്ചതോത് ഇപ്പോള്‍ പല ഏജന്‍സികളും ഗണ്യമായി കുറച്ചു.

Advertising
Advertising

അമേരിക്കന്‍ നിക്ഷേപ കമ്പനിയായ ഗോള്‍ഡ് മാന്‍ സാച്ച് 7.9 %മാണ് ആദ്യം പ്രവചിച്ചിരുന്ന വളര്‍ച്ചയെങ്കില്‍ ഇപ്പോഴത് 6.8 ആക്കി. ആംബിറ്റ് ക്യാപിറ്റല്‍ 6.8 ആയി നിശ്ചയിച്ചിരുന്നത് 3.8% ആക്കി. എന്തിന് ഒരു മാസം പിന്നിട്ടപ്പോഴേക്കും റിസ്സര്‍വ്വ് ബാങ്കിനു പോലും വളര്‍ച്ചാ നിരക്ക് 7.6% ല്‍ നിന്ന് 7.1 % ആക്കി ചുരുക്കേണ്ടി വന്നു. നോട്ട് പിന്‍ വലിക്കാനുള്ള നിയന്ത്രണം ഇനിയും എത്ര നാളുണ്ടാകും എന്നതിന് റിസര്‍വ്വ് ബാങ്കിന് പോലും കൃത്യമായ ഉത്തരമില്ല.

പ്രതിസന്ധി ചില്ലറ വ്യാപാരം, ഹോട്ടല്‍, ലഘു ഭക്ഷണശാല, ഗതാഗതം, അസംഘടിതമേഖല തുടങ്ങിയവയെ ഹ്രസ്വ കാലത്തേക്ക് തളര്‍ത്തുമെന്ന് ആര്‍ബിഐ തന്നെ സമ്മിതിക്കുന്നു. എന്നാല്‍ കാര്‍ഷിക, ഉത്‍പാദന - സേവന മേഖലയില്‍ ഒക്ടോബറിനെ അപേക്ഷിച്ച് നവംബറില്‍‌ 10 % ഇടിവുണ്ടായെന്നാണ് നിക്കി മാര്‍ക്കറ്റ് ഏജന്‍സിയുടെ കണക്ക്. കയ്യിലുള്ള നോട്ടിന് വിലയില്ലാതായതോടെ വിവിധ തരം ബുദ്ധിമുട്ടുകളനുഭവിച്ച് 80ലധികം പേര്‍ക്കാണ് ഇതിനകം ജീവന്‍ നഷ്ടമായത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News