ഇന്ത്യക്കാരനാണ് വിമാനം കണ്ടുപിടിച്ചതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് അധ്യാപകരോട് ബിജെപി മന്ത്രി

Update: 2018-05-31 09:25 GMT
Editor : Alwyn K Jose
ഇന്ത്യക്കാരനാണ് വിമാനം കണ്ടുപിടിച്ചതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്ന് അധ്യാപകരോട് ബിജെപി മന്ത്രി

എന്നാല്‍ ആദ്യമായി വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്ന് നരേന്ദ്ര മോദി മന്ത്രിസഭയിലെ എച്ച്ആര്‍ഡി മന്ത്രി സത്യപാല്‍ സിങ് പറയുന്നു.

അമേരിക്കന്‍ സഹോദരൻമാരായ വിൽബർ റൈറ്റും ഓർവിൽ റൈറ്റും ചേർന്നാണ് വിമാനം കണ്ടുപിടിച്ചതെന്ന് ചെറിയ ക്ലാസ് മുതല്‍ നമ്മള്‍ പഠിക്കുന്നതാണ്. ഈ റൈറ്റ് സഹോദരന്മാര്‍ ചേര്‍ന്ന് 1903 ഡിസംബർ 17 ന് ആദ്യത്തെ വിമാനം പറത്തി.

എന്നാല്‍ ആദ്യമായി വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്ന് നരേന്ദ്ര മോദി മന്ത്രിസഭയിലെ എച്ച്ആര്‍ഡി മന്ത്രി സത്യപാല്‍ സിങ് പറയുന്നു. റൈറ്റ് സഹോദരന്‍മാര്‍ വിമാനം കണ്ടുപിടിക്കുന്നതിന് എട്ടു വര്‍ഷം മുമ്പ് ഇന്ത്യക്കാരനായ ശിവ്കർ ബാപ്പുജി തൽപാഡെ എന്ന മഹാരാഷ്ട്രക്കാരനാണ് വിമാനം കണ്ടുപിടിച്ചതെന്നാണ് സത്യപാല്‍ സിങ് വാദിക്കുന്നത്. വിദ്യാര്‍ഥികളെ റൈറ്റ് സഹോദരന്‍മാര്‍ക്കും മുമ്പ് വിമാനം കണ്ടുപിടിച്ചത് ഇന്ത്യക്കാരനാണെന്ന് അധ്യാപകര്‍ പഠിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. ഒരു അവാര്‍ഡ് ദാന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം രാജ്യത്തെ അധ്യാപക സമൂഹത്തോട് ആഹ്വാനം ചെയ്തത്.

Advertising
Advertising

''റൈറ്റ് സഹോദരന്‍മാര്‍ക്കും മുമ്പ് വിമാനം കണ്ടുപിടിച്ചതും പറത്തിയതുമൊക്കെ ഒരു ഇന്ത്യക്കാരനാണെന്ന് എന്തുകൊണ്ട് വിദ്യാര്‍ഥികളെ ആരും പഠിപ്പിക്കുന്നില്ല. ശിവ്കർ ബാപ്പുജി തൽപാഡെയാണ് ആദ്യമായി വിമാനം കണ്ടുപിടിച്ചത്. റൈറ്റ് സഹോദരന്‍മാര്‍ക്ക് എട്ടു വര്‍ഷം മുമ്പ് അദ്ദേഹം ഈ കണ്ടുപിടിത്തം നടത്തിയതാണ്. ഐഐടിയിലും സ്കൂളുകളിലുമൊക്കെ നമ്മുടെ വിദ്യാര്‍ഥികള്‍ ഇക്കാര്യം പഠിക്കേണ്ടെയെന്നും മന്ത്രി ചോദിക്കുന്നു. ഐഐടിയിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ വിശ്വകര്‍മയെ കുറിച്ച് പഠിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നുണ്ട്. ഇന്നും അത്രയൊന്നും വികസിക്കാത്ത ജനിതക ശാസ്ത്രം നമ്മുടെ പുരാണകാലത്ത് നിലനിന്നിരുന്നതായിരുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങളുടെ പിന്‍പറ്റുന്നതാണ് സത്യപാലിന്‍റെ വാദമുഖങ്ങള്‍. ഇതിനായി അമ്മയുടെ ഭ്രൂണത്തില്‍ നിന്ന് ജനിക്കാത്ത കര്‍ണന്‍റെ പിറവിയും പ്ലാസ്റ്റിക് സര്‍ജറിക്ക് ഗണപതിയുടെ ഉദാഹരണവുമൊക്കെ മോദി മുമ്പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശിവ്കര്‍ തല്‍പാഡെ എന്ന പണ്ഡിതന്‍ വിമാനം കണ്ടുപിടിച്ചെന്നും റൈറ്റ് സഹോദരന്‍മാര്‍ക്കും മുമ്പ് പറത്തിയെന്നുമൊക്കെ നേരത്തെ തന്നെ പുറത്തുവന്ന വാദങ്ങളാണ്. എന്നാല്‍ ഇത് തെളിയിക്കാന്‍ ഉതകുന്ന യാതൊരു രേഖകളും ഇന്നില്ല. ഇദ്ദേഹത്തിന്‍റെ ജീവിതകഥ ഹവായി സാദേ എന്ന പേരില്‍ ബോളിവുഡ് സിനിമ വരെയായിട്ടുണ്ട്.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News