രാഹുല്‍ ബാബര്‍ ഭക്തനും ഖില്‍ജിയുടെ ബന്ധുവുമെന്ന് ബിജെപി

Update: 2018-05-31 13:40 GMT
Editor : Sithara
രാഹുല്‍ ബാബര്‍ ഭക്തനും ഖില്‍ജിയുടെ ബന്ധുവുമെന്ന് ബിജെപി

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനെതിരെ രാഹുല്‍ ഗാന്ധി നീക്കം നടത്തുന്നുവെന്ന് ബിജെപി.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിനെതിരെ രാഹുല്‍ ഗാന്ധി നീക്കം നടത്തുന്നുവെന്ന് ബിജെപി. ജിലാനി, ഒവൈസി തുടങ്ങിയവര്‍ക്കൊപ്പം ചേര്‍ന്ന് രാമക്ഷേത്ര നിര്‍മാണം തടയാന്‍ രാഹുല്‍ നീക്കം നടത്തുന്നതായി ബിജെപി വക്താവ് ജിവിഎല്‍ നരസിംഹറാവു ആരോപിച്ചു. ബാബരിന്‍റെ ഭക്തനും അലാവുദ്ദീന്‍ ഖില്‍ജിയുടെ ബന്ധുവുമാണ് രാഹുലെന്നും റാവു പരിഹസിച്ചു.

ബാബര്‍ രാമക്ഷേത്രം നശിപ്പിച്ചപ്പോള്‍ ഖില്‍ജി കൊള്ളയടിച്ചത് സോമനാഥ ക്ഷേത്രമാണ്. ഇസ്‍ലാമിക അതിക്രമികള്‍ക്കൊപ്പമാണ് നെഹ്റു കുടുംബം എന്നും നിലകൊണ്ടതെന്നും റാവു ആരോപിച്ചു.

Advertising
Advertising

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ബാബരി കേസില്‍ വാദം കേള്‍ക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായി വാദിച്ചതാണ് ബിജെപിയെ പ്രകോപിപ്പിച്ചത്. 2019ന് മുന്‍പ് നിയമപരമായി തന്നെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചത് കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. രാമക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമാക്കി മുതലെടുപ്പ് നടത്താനാണ് ബിജെപിയുടെ ശ്രമമെന്നും കോടതി ആ കെണിയില്‍ വീഴരുതെന്നും കപില്‍ സിബല്‍ വാദിച്ചു. പക്ഷേ വാദം കേള്‍ക്കുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.

ഒരു ഭാഗത്ത് ഗുജറാത്തില്‍ അമ്പലങ്ങള്‍ സന്ദര്‍ശിച്ച് വോട്ട് തേടുന്ന രാഹുല്‍, മറുഭാഗത്ത് രാമജന്മഭൂമി കേസിന്‍റെ വാദം വൈകിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പാണ് ഈ നിലപാടിലൂടെ വ്യക്തമായതെന്നും അദ്ദേഹം വിമര്‍ശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News