മേഘാലയയില്‍ ബിജെപി - എന്‍പിപി സഖ്യം അധികാരത്തിലേക്ക്

Update: 2018-05-31 18:23 GMT
Editor : rishad
മേഘാലയയില്‍ ബിജെപി - എന്‍പിപി സഖ്യം അധികാരത്തിലേക്ക്
Advertising

എന്‍പിപി നേതാവ് കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രിയാകും.

‌ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. ഗോത്ര വര്‍ഗ്ഗ പാര്‍ട്ടികളെ ഒപ്പം കൂട്ടി ബിജെപി ഉള്‍പ്പെട്ട സഖ്യം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിച്ചു. മാര്‍ച്ച് ആറിന് സത്യപ്രതിജ്ഞ നടക്കും.

19 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നേതൃത്വത്തിലാണ് മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കുക‍. പാര്‍ട്ടി അധ്യക്ഷന്‍ കൊണ്‍ട്രാഡ് സാങ്മ മുഖ്യമന്ത്രി ആകും. ഉപമുഖ്യമന്ത്രി ഉണ്ടായിരിക്കില്ല. സഖ്യ കക്ഷിയായ ബിജെപിക്ക് രണ്ട് സീറ്റാണുള്ളത്. ആറ് സീറ്റുള്ള യുഡിപി , നാല് സീറ്റുള്ള പിഡിഎഫ്, രണ്ട് സീറ്റുള്ള എച്ച്എസ്പിഡിപി എന്നിവക്ക് പുറമെ സ്വതന്ത്രരെയും ഒപ്പം കൂട്ടാന്‍ ബിജെപി സഖ്യത്തിന് കഴിഞ്ഞു.

21 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഗോത്ര വര്‍ഗ്ഗ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനാകാത്തതാണ് കോണ്‍ഗ്രസ്സിന് തിരിച്ചടിയായത്. മുതിര്‍ന്ന നേതാക്കളായ കമല്‍ നാഥ്, അഹമ്മദ് പട്ടേല്‍ എന്നിവരാണ് സഖ്യ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. അസമിലെ നേതാവ് ഹിമാന്ദ ബിശ്വ ശര്‍മ്മയും കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്ജിജുവും അല്‍ഫോണ്‍സ് കണ്ണന്താനവും ബിജെപിക്കായി നീക്കം നടത്തി.

അതിനിടെ നാഗാലാന്‍റില്‍‌ നിലവിലെ മുഖ്യമന്ത്രി ടി ആര്‍ സെലിയാംഗ് രാജിവെക്കാന്‍ വിസമ്മതിച്ചു. നാഗാ പീപ്പിള്‍ ഫ്രണ്ടുമൊത്ത് സര്‍ക്കാരുണ്ടാക്കുന്ന കാര്യം ബിജെപിയുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ സഖ്യത്തിലുള്ള എച്ച്എസ്പിഡിയും ബിജെപിയും ഇതിനകം തന്നെ ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News