നിശബ്ദമായി ഇരിക്കാനുള്ള അവകാശത്തെ ബഹുമാനിക്കണമെന്ന് അര്‍ണബിനോട് കോടതി

Update: 2018-06-02 09:17 GMT
Editor : admin
നിശബ്ദമായി ഇരിക്കാനുള്ള അവകാശത്തെ ബഹുമാനിക്കണമെന്ന് അര്‍ണബിനോട് കോടതി

ശശിതരൂര്‍ എം പി ഫയല്‍ ചെയ്ത മാനനഷ്ടകേസില്‍ ചാനലിനും അര്‍ണബ് ഗോസ്വാമിക്കും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. എത്രയും പെട്ടെന്ന് മറുപടി നല്‍കണമെന്നാണ് കോടതി

അര്‍ണബ് ഗോസ്വാമിക്കും റിപ്പബ്ലിക്ക് ചാനലിനും ഡല്‍ഹി ഹൈക്കോടതിയുടെ നോട്ടീസ്. സുനന്ദപുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ചാനല്‍ അനാവശ്യമായ വിവാദമുണ്ടാക്കുകയാണെന്നും ഇത് തടയണമെന്നും ആവശ്യപ്പെട്ട് തരൂര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നോട്ടീസ്. നിശബ്ദമായി ഇരിക്കാനുള്ള തരൂരിന്റെ അവകാശത്തെ മാനിക്കണമെന്ന് കോടതി അര്‍ണബിനോട് ആവശ്യപ്പെട്ടു.

ശശി തരൂറിനെ പിന്‍തുടര്‍ന്നും പത്രസമ്മേളനങ്ങളില്‍ മോശമായി പെരുമാറിയും അനാവശ്യ വിവാദം സൃഷ്ടിക്കാന്‍ റിപ്പബ്ലിക്ക് ചാനല്‍ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ആസൂത്രിതമായ ശ്രമം നടക്കുന്നതിനിടെയാണ് തരൂര്‍ കോടതിയെ സമീപിച്ചത്. മുന്‍ഭാര്യ സുനന്ദ പുഷ്കറിന്റെ മരണത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും അനാവശ്യവിവാദങ്ങള്‍ സൃഷ്ടിക്കുന്നത് തടയണമെന്നും തരൂര്‍ കോടതിയോട് ആവശ്യപ്പെട്ടു.

Advertising
Advertising

റിപ്പബ്ലിക്ക് ചാനലിനോടും അര്‍ണബിനോടും വിശദീകരണം തേടിയ കോടതി തരൂരിന്റെ നിശബ്ദമായി ഇരിക്കാനുള്ള അവകാശത്തെ മാനിക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാക്കും വരെ തെറ്റായ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നും തരൂര്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം 16 ന് കേസ് വീണ്ടും പരിഗണിക്കും. സുനന്ദയുടെ മരണം കൊലപാതകം എന്ന് വിശേഷിപ്പിച്ചില്ലെന്നും പൊലീസ് റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുക മാത്രമാണ് ചെയ്തതെന്നും അര്‍ണബിന് വേണ്ടി ഹാജരായ സന്ദീപ് സേദി കോടതിയെ അറിയിച്ചു.

മുതിര്‍ന്ന അഭിഭാഷകന്‍ സല്‍മാന്‍ ഖുര്‍ഷിദ് ആണ് തരൂരിന് വേണ്ടി ഹാജരായത്. അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ച റിപ്പബ്ലിക്ക് ചാനലിനെതിരെ തരൂര്‍ 2 കോടി രൂപയുടെ മാനനഷ്ടകേസും ഫയല്‍ ചെയ്തിരുന്നു. ഈ കേസിലും ഹൈക്കോടതി അര്‍ണബിനെതിരെ നോട്ടീസ് അയച്ചിരുന്നു. തരൂരിനെതിരെ റിപ്പബ്ലിക്ക് ടിവിയുടെ ഭാഗത്ത് നിന്നുണ്ടാവുന്നത് മാധ്യമഗുണ്ടായിസമാണെന്ന് ആരോപിച്ച് മാധ്യമപ്രവര്‍ത്തകര്‍ അടക്കം രംഗത്തെത്തിയിരുന്നു. തരൂര്‍ പങ്കെടുക്കുന്ന പരിപാടിയിലും മറ്റും ഒരേ സമയം നിരവധി മാധ്യമപ്രവര്‍ത്തകര്‍ എത്തുകയും വളഞ്ഞിട്ട് ചോദ്യം ചെയ്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കാനുമാണ് റിപ്പബ്ലിക്ക് ചാനലിന്റെ ശ്രമം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News