ജാതി ആക്ഷേപ പരാതിക്ക് പിന്നാലെ ദളിത് മിത്ര അവാര്‍ഡ് യോഗി ആദിത്യനാഥിന്

Update: 2018-06-04 19:39 GMT
Editor : Subin
ജാതി ആക്ഷേപ പരാതിക്ക് പിന്നാലെ ദളിത് മിത്ര അവാര്‍ഡ് യോഗി ആദിത്യനാഥിന്

കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതായുള്ള ആരോപണം ബിജെപി എംപിതന്നെ ഉന്നയിച്ചത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ദളിത് മിത്ര അവാര്‍ഡ്. ജാതി പറഞ്ഞ് അധിക്ഷേപിച്ചെന്ന ബിജെപി എംപിയുടെ പരാതി പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് പുരസ്‌കാര പ്രഖ്യാപനം. ദളിതര്‍ തങ്ങളുടെ അവകാശങ്ങള്‍ ആവശ്യപ്പെടാനാരംഭിച്ചതാണ് ബിജെപിയുടെ ശത്രുതക്ക് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ ദിവസമാണ് യോഗി ആദിത്യനാഥ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതായുള്ള ആരോപണം ബിജെപി എംപിതന്നെ ഉന്നയിച്ചത്. യുപിയിലെ റോബര്‍ട്ട് ഗഞ്ച് എംപി ചോട്ടെലാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും കത്തയച്ചിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോഴും വഴക്ക് പറഞ്ഞ് പുറത്താക്കിയെന്നാണ് ആരോപണം.

Advertising
Advertising

ഇതിനിടെയാണ് യോഗി ആദിത്യനാഥിന് അംബേദ്ക്കര്‍ മഹാസഭ അധ്യക്ഷന്‍ ലാല്‍ജി പ്രസാദ് നിര്‍മല്‍ ദളിത് മിത്ര അവാര്‍ഡ് പ്രഖ്യാപിച്ചത്. അവാര്‍ഡിനായി യോഗിയെ തെരഞ്ഞെടുത്തത് ലാല്‍ജി പ്രസാദ് നിര്‍മല്‍ സ്വന്തം ഇഷ്ടപ്രകാരമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവം വിവാദമായതോടെ അംബേദ്ക്കര്‍ മഹാസഭ അടിയന്തര വാര്‍ഷിക പൊതുയോഗം വിളിച്ചു.

അതേസമയം ബിജെപിക്ക് ദളിതര്‍ ശത്രുക്കളാണെന്നും അവകാശങ്ങള്‍ ചോദിക്കാനാരംഭിച്ചതാണ് കാരണമെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ചോട്ടെലാലിന്റെ പരാതിയില്‍ നടപടി സ്വീകരിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News