അമർനാഥിലേക്ക് പോയ 5 തീർത്ഥാടകർ മണ്ണിടിച്ചിലിൽ മരിച്ചു
ജമ്മു കാശ്മീരിലെ ബരാരിമാർഗിന് സമീപമാണ് മണ്ണിടിച്ചിലിനെ തുടർന്ന് അപകടമുണ്ടായത്.
അമർനാഥിലേക്ക് സന്ദർശനത്തിന് പുറപ്പെട്ട 5 തീർത്ഥാടകർ മണ്ണിടിച്ചിലിൽ പെട്ട് മരിച്ചു. നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് പുരുഷൻമാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ജമ്മു കാശ്മീരിലെ ബരാരിമാർഗിന് സമീപമാണ് മണ്ണിടിച്ചിലിനെ തുടർന്ന് അപകടമുണ്ടായത്.
ബാൽറ്റലിലേക്ക് ഉള്ള വഴിയിൽ ബരാരി മാർഗിനും റെയിൽപത്രിക്കും ഇടയിലുള്ള സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റവരെ രക്ഷാപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചു. സ്ഥലത്ത് പെയ്യുന്ന കനത്ത മഴയാണ് മണ്ണിടിച്ചിലിന് ഇടയാക്കിയത്.
മഴയും വെള്ളപ്പൊക്കവും മൂലം ജൂൺ 28 ന് ആരംഭിച്ച അമർനാഥ് തീർത്ഥാടനം പലയിടങ്ങളിലും മണിക്കൂറുകളോളം നിർത്തിവെക്കേണ്ടി വന്നിരുന്നു. 60 ദിവസം നീണ്ട് നിൽക്കുന്ന യാത്രയിൽ 36,366 പേരാണ് തീർത്ഥാടനം പൂർത്തിയാക്കിയത്. നിരവധി തീർത്ഥാടകർ മാർഗമധ്യേ ആയതിനാൽ സർക്കാർ കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്.
തീർത്ഥാടനത്തിനുള്ള ആറാമത്തെ സംഘമായി 3500 പേരാണ് ഇന്നലെ ജമ്മു കാശ്മീരിൽ നിന്ന് പുറപ്പെട്ടത്. യാത്രക്കിടെ കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് രണ്ട് ആന്ധ്രാ സ്വദേശികളും മലയിൽ നിന്ന് വീണ കല്ല് പതിച്ച് ഒരു ഉത്തരാഖണ്ഡ് സ്വദേശിയും മരിച്ചിരുന്നു.