പുനപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളി; നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വധശിക്ഷ തന്നെ

ശിക്ഷ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷയാണ് കോടതി ശരിവെച്ചത്

Update: 2018-07-09 14:30 GMT

നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണമെന്ന് സുപ്രീംകോടതി. ശിക്ഷാവിധി പുനപരിശോധിക്കണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി. കോടതി നിലപാടില്‍‌ സന്തോഷമുണ്ടെന്നും എന്നാല്‍ പോരാട്ടം അവസാനിക്കുന്നില്ലെന്നും നിര്‍ഭയയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് വിചാരണ കോടതി നല്‍കിയ വധശിക്ഷ നേരത്തെ ഹൈക്കോടതിയും കഴിഞ്ഞ വര്‍ഷം മെയ് 5ന് സുപ്രീംകോടതിയും ശരിവെച്ചിരുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വവും ഹീനവുമായ കുറ്റകൃത്യമെന്ന് വിലയിരുത്തിയായിരുന്നു സുപ്രീംകോടതിയുടെ വിധി. ഗുരുതര പിഴവുള്ള വിധിയാണ് ഇത് എന്ന് ചൂണ്ടിക്കാട്ടി പ്രതികളായ പവന്‍ കുമാര്‍ ഗുപ്ത, മുകേഷ് കുമാര്‍, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരാണ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്.

Advertising
Advertising

എന്നാല്‍ മുന്‍ വിധിയില്‍ ഒരു പിഴവുമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. നേരത്തെ സമര്‍പ്പിച്ച അപ്പീലിലുണ്ടായിരുന്ന വാദങ്ങള്‍ അല്ലാതെ മറ്റൊന്നും പ്രതികള്‍ പുനപരിശോധനാ ഹര്‍ജിയിലും ഉന്നയിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

കേസ് കെട്ടിച്ചമച്ചുവെന്ന പ്രതികളുടെ വാദം അവഗണിച്ച കോടതി പുനപരിശോധന എന്ന ആവശ്യത്തിന് തന്നെ പ്രസക്തിയില്ലെന്നും വ്യക്തമാക്കി. വിധി കേള്‍ക്കാന്‍ നിര്‍ഭയയുടെ അമ്മയും സുപ്രീംകോടതിയില്‍ എത്തിയിരുന്നു.

‌‌2012 ഡിസംബര്‍‌ 16നാണ് ഡല്‍ഹി കൂട്ടബലാത്സംഗം നടന്നത്. ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ ക്രൂരപീഡനത്തിന് ഇരയായ പെണ്‍കുട്ടി 16 ദിവസത്തിന് ശേഷം ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

Tags:    

Similar News