ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റി യോഗം ഇന്ന്
ലോക്പാലിലേക്ക് പരിഗണിക്കാനുള്ള പേരുകള്‍ കണ്ടെത്താനുള്ള സമിതിയെ തീരുമാനിക്കാനാണ് ഇന്ന് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ലോക്പാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ് ഇതിന്‍റെ ചുമതല.
പ്രധാനമന്ത്രി അധ്യക്ഷനായ ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയുടെ യോഗം ഇന്ന് ചേരും. ലോക്പാലിനെ നിയമിക്കുന്നതിനായുള്ള അന്വേഷണപാനലിനെ രൂപികരിക്കാനായാണ് യോഗം ചേരുന്നത്. ലോക്പാല്‍ നിയമനത്തിന്‍റെ പുരോഗതി കഴിഞ്ഞ ദിവസം സുപ്രീംകോടതി ആരാഞ്ഞിരുന്നു.
ലോക്പാലിലേക്ക് പരിഗണിക്കാനുള്ള പേരുകള്‍ കണ്ടെത്താനുള്ള സമിതിയെ തീരുമാനിക്കാനാണ് ഇന്ന് യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ ലോക്പാല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിക്കാണ് ഇതിന്‍റെ ചുമതല. ഇക്കാര്യം സുപ്രീംകോടതിയെ കേന്ദ്രം കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ലോക്പാല്‍ നിയമനം സംബന്ധിച്ച പുരോഗതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു കേന്ദ്രത്തിന്‍റെ മറുപടി.
ഇന്ന് യോഗം ചേരുന്നതിനാല്‍ തന്നെ ലോക്പാല്‍ രൂപീകരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നാണ് കോടതിയുടെ തീരുമാനം. എന്നാല്‍ ഈമാസം 24ന് കോടതി ലോക്പാല്‍ നിയമനം സംബന്ധിച്ച ഹരജി വീണ്ടും പരിഗണിക്കുന്നുണ്ട്. അന്വേഷണ പാനല്‍ തയ്യാറാക്കുന്ന പട്ടിക പരിഗണിച്ച് രാഷ്ട്രപതിക്ക് ശുപാര്‍ശ നല്‍കുന്നത് ലോക്പാല്‍ സെലക്ഷന്‍ കമ്മിറ്റിയാണ്. ലോക്സഭയില്‍ പ്രതിപക്ഷ നേതാവില്ലെന്നത് ലോക്പാലിനെ നിയമിക്കുന്നതിന് തടസ്സമില്ലെന്നാണ് സുപ്രീംകോടതി കഴിഞ്ഞ ഏപ്രിലില്‍ വിധിച്ചത്.