മഹാരാഷ്ട്രയിലെ സംവരണ പ്രക്ഷോഭം; ബന്ദ് പലയിടത്തും അക്രമാസക്തമായി

സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച ഒരു പ്രതിഷേധക്കാരന്‍ കൂടെ ഇന്ന് മരിച്ചു. ഇതോടെ പ്രതിഷേധത്തിനിടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടായി.

Update: 2018-07-25 07:26 GMT

സംവരണം ആവശ്യപ്പെട്ട് മറാത്ത വിഭാഗക്കാര്‍ മഹാരാഷ്ട്രയില്‍ നടത്തുന്ന ബന്ദ് അക്രമാസക്തമായി. പലയിടത്തും വാഹനങ്ങളും കടകളും തകര്‍ത്തു. അതിനിടെ സംവരണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആത്മഹത്യക്ക് ശ്രമിച്ച ഒരു പ്രതിഷേധക്കാരന്‍ കൂടെ ഇന്ന് മരിച്ചു. ഇതോടെ പ്രതിഷേധത്തിനിടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം രണ്ടായി.

സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം ആവശ്യപ്പെട്ട് മറാത്ത ക്രാന്തി മോര്‍ച്ച നടത്തിയ ബന്ദില്‍ മുംബൈ. നവി മുംബൈ, പൻവേൽ, നാസിക്, ഔറംഗബാദ് തുടങ്ങി മഹാരാഷ്ട്രയിലെ പല നഗരങ്ങളും സ്തംഭിച്ചു. കൂട്ടമായെത്തിയ പ്രതിഷേധക്കാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. വാഹനങ്ങള്‍ക്ക് നേരെ കല്ലെറിഞ്ഞ റോഡില്‍ ടയറുകള്‍ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ ടാക്സികളുടെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. ഔറംഗാബാദ് ഉള്‍പ്പെടെയുള്ള സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനം താല്‍ക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. കടകൾ‌ ബലമായി അടപ്പിക്കാനുള്ള ശ്രമം ലാത്തൂര്‍ ജില്ലയിലെ ഉദ്ഗിറിൽ ഇരുവിഭാഗങ്ങള്‍ തമ്മിൽ സംഘര്‍ഷത്തിനിടയാക്കി. താനെയില്‍ ലോക്കല്‍ ട്രെയിന്‍ സര്‍വീസ് തടഞ്ഞെങ്കിലും പൊലീസെത്തി പ്രതിഷേധക്കാരെ മാറ്റി.

മറാത്ത ക്രാന്തി മോര്‍ച്ച നടത്തിയ സംവരണ പ്രക്ഷോഭത്തിനിടെ കഴിഞ്ഞ ദിവസം കാക്കാസാഹെബ് ഷിൻഡെയെന്ന യുവാവ് പുഴയിൽച്ചാടി മരിച്ചതോടെയാണ് സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജഗന്നാഥ് സോനാവാനെയെന്ന യുവാവും ഇന്ന് ആശുപത്രിയില്‍ മരിച്ചു. ആള്‍ക്കൂട്ടത്തിന്റെ കല്ലേറിനിടെയുണ്ടായ ഹൃദയാഘാതത്തില്‍ ഗംഗാപൂരില് ഒരു പോലീസ് കോണ്‍സ്റ്റബിളും കഴിഞ്ഞ ദിവസം മരിച്ചിരുന്നു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് നിരവധി പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Tags:    

Similar News