ഉന്നാവോ കേസിലെ മുഖ്യ സാക്ഷിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന് ബന്ധു

Update: 2018-08-24 12:15 GMT

ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെനഗർ പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ മുഖ്യ സാക്ഷിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തണമെന്ന ആവശ്യവുമായി ബന്ധു പോലീസിനെ സമീപിച്ചു. കഴിഞ്ഞയാഴ്ച മരണപ്പെട്ട യൂനുസിന്റെ അമ്മാവനാണ് ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. ഉന്നാവോ പോലീസ് സൂപ്രണ്ട് ഹരീഷ് കുമാറിന് മുമ്പാകെ അപേക്ഷ സമർപ്പിച്ചതായി അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. കേസിലെ ഇരയായ പെൺകുട്ടിയുടെ അച്ഛൻ പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ടിരുന്നു. യൂനുസിന്റെ മരണവിവരം പോലീസിനെ അറിയിച്ചില്ലെന്നും പോസ്റ്റ്മോർട്ടം നടത്താതെയാണ് സംസ്കരിച്ചതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

Advertising
Advertising

കേസിലെ പ്രധാന സാക്ഷിയായ യൂനുസിന്റെ പെട്ടെന്നുള്ള മരണത്തിൽ സംശയമുണ്ടെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും അപേക്ഷയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. യൂനുസിനെ ഇല്ലാതാക്കാൻ കുൽദീപ് സിങ് സെനഗറിന് ഉദ്ദേശ്യമുണ്ടായിരുന്നെന്നും അപേക്ഷയിൽ ആരോപിക്കുന്നു.

എന്നാൽ, യൂനുസ് 2012 മുതൽ കരൾ രോഗ ബാധിതനായിരുന്നതായി അദ്ദേഹത്തിന്റെ ഭാര്യയെ ഉദ്ധരിച്ചു കൊണ്ട് ഉന്നാവോ പോലീസ് സൂപ്രണ്ട് എ എൻ ഐ യോട് പറഞ്ഞു.

ഈ വര്ഷം ഏപ്രിലിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെനഗർ തന്നെ ബലാത്സംഗം ചെയ്തതായി ഉന്നാവോയിലെ ഒരു സ്ത്രീ ആരോപിച്ചിരുന്നു. താൻ പ്രായപൂർത്തി ആവുന്നതിന് മുമ്പാണ് പീഡിപ്പിക്കപ്പെട്ടതെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്കു മുമ്പിൽ അവർ പ്രതിഷേധം നടത്തിയിരുന്നു. തുടർന്ന് യുവതിയുടെ അച്ഛനെ ഉത്തർ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്യുകയും പോലീസ് കസ്റ്റഡിയിൽ വെച്ച് മര്ദനമേറ്റതിനെ തുടർന്ന് അയാൾ മരണപ്പെടുകയും ചെയ്തിരുന്നു.

Tags:    

Similar News