നടന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ 6.30ന് ഹൈദരാബാദിന് സമീപം നല്‍ഗോഡയില്‍ വച്ചാണ് അപകടം സംഭവിച്ചത്

Update: 2018-08-29 04:46 GMT

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന എന്‍ടി റാമ റാവുവിന്റെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു. തെലങ്കാനയില്‍ വച്ചാണ് അപകടം ഉണ്ടായത്. 61 വയസായിരുന്നു. മുന്‍ പാര്‍ലമെന്റ് അംഗമായിരുന്നു. തെലുങ്കുദേശം പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ മെമ്പറാണ്. ഇന്ന് പുലര്‍ച്ചെ 6.30ന് ഹൈദരാബാദിന് സമീപം നല്‍ഗോഡയില്‍ വച്ചാണ് അപകടം സംഭവിച്ചത്.

നല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി വരികയായിരുന്നു. നന്ദമുരി തന്നെയാണ് വാഹനം ഓടിച്ചിരുന്നത്. അമിത വേഗതയില്‍ ആയിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒമ്പത് മണിയ്ക്കുള്ള വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി അമിത വേഗതയില്‍ വരികയായിരുന്നു.അപകടം നടക്കുമ്പോള്‍ വാഹനം 150കിലോമീറ്റര്‍ വേഗതയില്‍ ആയിരുന്നെന്ന് പോലീസ് പറയുന്നു. നന്ദമുരിയുടെ കാറ് മറ്റൊരു കാറിലും ഇടിച്ചിരുന്നു. ഈ കാറിലുള്ളവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റ നന്ദമുരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

പിതാവ് എന്‍ടി റാമറാവു 1980ല്‍ അധികാരത്തില്‍ വന്നപ്പോള്‍ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു നന്ദമുരി. നന്ദമുരിയുടെ മൂത്ത മകന്‍ നന്ദമുരി ജാനകിറാം 2014ല്‍ വാഹനാപകടത്തില്‍ മരിച്ചിരുന്നു. 2009ല്‍ ഇളയമകന്‍ അപകടത്തില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. പ്രശസ്ത താരങ്ങളായ ജൂനിയര്‍ എന്‍ടിആര്‍, കല്യാണ്‍ എന്നിവര്‍ ഹരികൃഷ്ണയുടെ മക്കളാണ്. നന്ദമുരി സുഹാസിനി ആണ് മറ്റൊരു മകള്‍. തെലുങ്ക് സൂപ്പര്‍താരം നന്ദമുരി ബാലകൃഷ്ണ സഹോദരനാണ്.

Tags:    

Similar News