നാലു വട്ടം തോൽവി, ഒടുവിൽ ഐ.പി.എസ് പട്ടം; പ്രചോദനമായി ഒരു പിൻബെഞ്ചുകാരന്റെ വിജയഗാഥ 

Update: 2018-09-11 13:13 GMT

ഐ.എ.എസും ഐ.പി.എസുമൊക്കെ വലിയ പഠിപ്പിസ്റ്റുകൾക്ക് മാത്രം പറഞ്ഞതാണ് എന്നായിരിക്കും സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് നമ്മിൽ പലരുടെയും ധാരണ. എന്നാൽ, ഈ ധാരണ തെറ്റാണെന്ന് തെളിയിക്കുകയാണ് കർണാടകയിൽ നിന്നുള്ള ഒരു ഐ.പി.എസുകാരൻ.

തനിക്ക് സിവിൽ സർവീസ് പരീക്ഷ വിജയിക്കാനാകുമെന്ന് ആരും വിശ്വസിച്ചിരുന്നില്ലെന്ന് പറയുന്നു മിഥുൻ കുമാർ ജി.കെ എന്ന ഈ യുവ ഐ.പി.എസുകാരൻ. മൂത്ത മകനായത്കൊണ്ട് കുടുംബത്തെ സഹായിക്കാൻ ബിരുദത്തിന് ശേഷം ഒരു സോഫ്റ്റ്‌വെയർ കമ്പനിയിൽ ജോലി നോക്കിയിരുന്നു മിഥുൻ കുമാർ.

പക്ഷെ, സോഫ്റ്റ്‌വെയർ കമ്പനിയിലെ ജോലി മിഥുൻ കുമാറിന് സംതൃപ്തിയും സന്തോഷവും നൽകിയില്ല. മൂന്ന് വർഷങ്ങൾക്ക് ശേഷം അയാൾ ആ ജോലി ഉപേക്ഷിച്ചു. കുടുംബത്തിന്റെ ചുമതല ചെറിയ സഹോദരൻ ഏറ്റെടുത്തു.

Advertising
Advertising

തന്റെ അച്ഛനാണ് സിവിൽ സർവീസ് എന്ന സ്വപ്നം തന്റെ മനസ്സിലേക്ക് ഇട്ടുതന്നത് എന്ന് പറയുന്നു മിഥുൻ കുമാർ. ആ ആഗ്രഹം മനസ്സിൽ കിടന്നങ്ങനെ വലുതായി.

"പൊലീസുകാരനായ ഒരു സിവിൽ സെർവന്റ് ആകുക എന്നതായിരുന്നു എന്റെ ആഗ്രഹം. വഴിയിൽ വെച്ച് കണ്ടുമുട്ടുന്ന ഓരോ പോലീസ് ഉദ്യോഗസ്ഥനും എന്റെ മനസ്സിനെ തൊട്ടുണർത്തിക്കൊണ്ടിരുന്നു. പരീക്ഷ പാസ്സായപ്പോൾ എന്ത് കൊണ്ട് അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് തിരഞ്ഞെടുക്കുന്നില്ല എന്ന് പലരും എന്നോട് ചോദിച്ചു. എനിക്കൊരു മറുപടിയും പറയാനുണ്ടായിരുന്നില്ല. പൊലീസ് യൂണിഫോം എന്നെ എത്രമാത്രം ആകര്ഷിച്ചിരുന്നുവെന്ന് അവരോട് വിവരിക്കുവാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല," മിഥുൻ കുമാർ പറയുന്നു.

മൂന്ന് വട്ടം തുടർച്ചയായി പരാജയപ്പെട്ടതിന് ശേഷം 2016 ൽ 130 റാങ്കോടെ മിഥുൻ കുമാർ യു.പി.എസ്.സി പരീക്ഷ പാസ്സായി. ഐ.എ.എസ് തിരഞ്ഞെടുക്കമായിരുന്നിട്ടും മിഥുൻ തന്റെ സ്വപ്നമായ ഐ.പി.എസ് തന്നെ തിരഞ്ഞെടുത്തു.

Tags:    

Similar News