മുത്തലാഖ് ഓര്‍ഡിനന്‍സ് ചോദ്യംചെയ്ത് സമസ്ത സുപ്രീംകോടതിയിൽ

മുത്തലാഖ് ചൊല്ലിയാല്‍ വിവാഹമോചനം നടക്കില്ലെന്നാണ് സുപ്രീംകോടതി വിധി. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതില്‍ പിന്നെ എന്താണ് അര്‍ഥമുള്ളതെന്നും സമസ്ത

Update: 2018-09-25 10:19 GMT

മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കുന്ന ഓര്‍‌ഡിനന്‍സിനെതിരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയെ സമീപിച്ചു‍‌. സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്‍റെ വിധിയും മൌലികാവകാശങ്ങളും ലംഘിക്കുന്നതാണ് ഓര്‍ഡിനന്‍സ്. അതിനാല്‍ ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്യണമെന്ന് സമസ്ത ഹരജിയില്‍ ആവശ്യപ്പെട്ടു.

മൂന്ന് തലാക്ക് ഒന്നിച്ച് ചൊല്ലി വിവാഹ മോചനത്തിന് ശ്രമിച്ചാല്‍ ഭര്‍ത്താവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ ശിപാര്‍ശ ചെയ്യുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്. ഇത് സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് പാസാകാത്ത സാഹചര്യത്തിലായിരുന്നു ഓര്‍ഡിനന്‍സ്. എന്നാലിത് ഭരണഘടനാ വിരുദ്ധ നീക്കമാണെന്ന് സമസ്ത ചൂണ്ടിക്കാട്ടുന്നു. മുത്തലാഖിന് നിയമസാധുത ഇല്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് നേരത്തെ വിധിച്ചിട്ടുണ്ട്. ഈ വിധിപ്രകാരം ഒരാള്‍ മുത്തലാഖ് ചൊല്ലിയാല്‍ വിവാഹ മോചിതയാകില്ല. പിന്നെ എങ്ങനെയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കാനാവുക എന്നാണ് സമസ്തയുടെ ചോദ്യം.

Advertising
Advertising

വിവാഹ മോചനത്തിനുള്ള നടപടിക്രമം പാലിക്കാതിരിക്കല്‍ മാത്രമാണ് മുത്തലാഖിലെ പ്രശ്നം. മറ്റ് മതങ്ങളില്‍ ഇത്തരം നപടിക്രമലംഘനം ക്രിമിനല്‍ കുറ്റമല്ല. ഇസ്ലാം മതത്തില്‍ മാത്രം എങ്ങനെ കുറ്റമായി കണക്കാക്കാനാകും? ഇത് തുല്യതക്കുള്ള അവകാശലംഘനമാണെന്നും സമസ്ത ഹരജിയില്‍‌ ചൂണ്ടിക്കാട്ടുന്നു.

മുത്തലാഖ് ചൊല്ലി എന്നതിന്‍റെ പേരില്‍ ഭര്‍ത്താവിനെ ജയിലിലടച്ചാല്‍ വിവാഹബന്ധം കൂടുതൽ വഷളാവും എന്നും സമസ്ത വാദിക്കുന്നു. ഇത്തരം വിഷയങ്ങളില്‍ വിയോജിപ്പ് പ്രകടിപ്പിച്ച് രാജ്യത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ മുത്തലാഖ് ബില്ലിനും ഓര്‍‌ഡിനന്‍സിനുമെതിരെ വിമര്‍ശം തുടരുന്നുണ്ട്. ഇതിനിടയിലാണ് സമസ്തയുടെ ഹരജി.

Tags:    

Similar News