സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് തുടക്കമായി

നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ സഖ്യം സംബന്ധിച്ച ചര്‍ച്ചകള്‍ പ്രധാന അജ‍ണ്ട; കേന്ദ്രസര്‍ക്കാരിനെതിരായ സമരങ്ങള്‍ക്കും രൂപം കാണും

Update: 2018-10-06 07:33 GMT

സി.പി.എം കേന്ദ്ര കമ്മറ്റി യോഗത്തിന് ഡല്‍ഹിയില്‍ തുടക്കമായി . വരുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിലും ലോക്സഭാ തെരഞ്ഞെടുപ്പുകളിലെ സഖ്യം സംബന്ധിച്ചും നിര്‍ണ്ണായക ചര്‍ച്ചകള്‍ സിസിയില്‍ നടക്കും . കേന്ദ്രസര്‍ക്കാരിനെതിരായ വിവിധ സമരങ്ങള്‍ ഉയര്‍ന്ന് വരുന്നത് സംബന്ധിച്ചും കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെ സഖ്യം സംബന്ധിച്ച് കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗം വിശദമായ ചര്‍ച്ച നടത്തിയിരുന്നു. തെലങ്കാനയിലെ സംസ്ഥാന ഘടകത്തിന്റെ അഭിപ്രായം അംഗീകരിച്ച പിബി കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നാണ് തീരുമാനമെടുത്തത്. തെരഞ്ഞെുടപ്പ് നടക്കുന്ന മറ്റുള്ള സംസ്ഥാനങ്ങളിലും ഇതേരീതി തന്നെ പിന്തുടര്‍ന്നാല്‍ മതിയെന്നാണ് നിലപാട്. ഇക്കാര്യങ്ങള്‍ മൂന്ന് ദിവസങ്ങളായി ചേരുന്ന കേന്ദ്രകമ്മിറ്റിയോഗം ചര്‍ച്ച ചെയ്യും. ലോക്സഭാ തെരഞ്ഞെടുപ്പിലെ സഖ്യ ധാരണകളിന്‍മേലും ചര്‍ച്ച നടക്കും. അതേസമയം കോണ്‍ഗ്രസുമായി ധാരണ വേണമെന്ന ബംഗാള്‍ ഘടകത്തിന്‍റെ നിലപാട് വീണ്ടും ചര്‍ച്ചകളില്‍ നിറയും.

Advertising
Advertising

Full View

പാര്‍ട്ടി കോണ്‍ഗ്രസിലെ നയത്തില്‍ നിന്ന് മാറി നില്‍ക്കാനാകില്ലെന്ന ഓര്‍മ്മപെടുത്തലും സ്വഭാവികമായും യോഗത്തില്‍ ഉയര്‍ന്ന് വരും. സംസ്ഥാന തെരഞ്ഞെടുപ്പുകളിലെ ധാരണകള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാറാനുള്ള സാധ്യതയും സി.പി.എം തള്ളിക്കളയുന്നില്ല. പ്രത്യേകിച്ചും ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ട സാഹചര്യം മറ്റ് രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ ഉയര്‍ത്തി കാട്ടുമ്പോള്‍. കോണ്‍ഗ്രസുമായി കടുത്ത എതിര്‍പ്പുള്ള ആംആദ്മി പാര്‍ട്ടി പെട്രോള്‍ വിലവര്‍ധന സമരത്തില്‍ കോണ്‍ഗ്രസുമായി വേദി പങ്കിട്ടതും ഇതേ സൂചനയാണ് നല്‍കുന്നതെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം പി.കെ ശശിക്കെതിരായ പീഡനപരാതിയില്‍ പാര്‍ട്ടിഅന്വേഷണം തീര്‍ന്നിട്ടില്ല എന്നതിനാല‍് ഒരു പക്ഷെ വിഷയം ഉയര്‍ന്ന് വന്നേക്കില്ല. എന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യവും കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ചയാകാനിടയുണ്ട്.

Tags:    

Similar News