‘ദ ക്വിന്‍റ്’ ഓഫീസില്‍ റെയ്ഡ്; മോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അടിച്ചമര്‍ത്താനുള്ള നീക്കമെന്ന് വിലയിരുത്തല്‍

നിയമപ്രകാരമുള്ള എല്ലാ പരിശോധനയും നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്. പക്ഷേ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്താനായി ഇത്തരം പരിശോധനകള്‍ മാറ്റരുതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു

Update: 2018-10-11 11:08 GMT

മാധ്യമ ഉടമ രാഘവ് ബാലിന്റെ നോയിഡയിലെ വസതിയിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് ആരോപിച്ചാണ് പരിശോധന. വാര്‍ത്താ പോര്‍ട്ടലായ ദ ക്വിന്‍റിന്‍റെ ഉടമയായ ബാല്‍, നെറ്റ്‍വര്‍ക്ക് 18 സ്ഥാപകനാണ്.

നികുതി വെട്ടിപ്പ് കേസിലെ അന്വേഷണത്തിന് ആവശ്യമായ തെളിവുകളും രേഖകളും ശേഖരിക്കാനാണ് പരിശോധന എന്നാണ് വിശദീകരണം. താന്‍ മുംബൈയിലായിരുന്നപ്പോള്‍ പന്ത്രണ്ടോളം ആദായ നികുതി ഉദ്യോഗസ്ഥരെത്തി തന്‍റെ ഓഫീസിലും വീട്ടിലും 'സര്‍വെ' നടത്തുകയായിരുന്നുവെന്ന് രാഘവ് ബാല്‍ എഡിറ്റേഴ്സ് ഗില്‍ഡിന് അയച്ച പ്രസ്താവനയില്‍ പറയുന്നു. ഒരുതരത്തിലുള്ള നികുതി വെട്ടിപ്പും നടത്തിയിട്ടില്ല. തെളിവായി രേഖകള്‍ സമര്‍പ്പിക്കാന്‍ തയ്യാറാണ്. എന്നാല്‍ വാര്‍ത്തകളുമായി ബന്ധപ്പെട്ട മെയിലുകളോ രേഖകളോ പരിശോധിക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ എഡിറ്റേഴ്സ് ഗില്‍ഡ് പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും രാഘവ് ബാല്‍ പറഞ്ഞു.

Advertising
Advertising

നിയമപ്രകാരമുള്ള എല്ലാ പരിശോധനയും നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്. പക്ഷേ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ഭീഷണിപ്പെടുത്താനായി ഇത്തരം പരിശോധനകള്‍ മാറ്റരുതെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് വ്യക്തമാക്കി. ദുരുദ്ദേശത്തോടെയുള്ള റെയ്ഡുകളും സര്‍വെകളും മാധ്യമസ്വാതന്ത്ര്യത്തിന് ഭീഷണിയാണ്. ഇത്തരം നീക്കങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങണമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് ആവശ്യപ്പെട്ടു.

മാധ്യമങ്ങളെ അടിച്ചമര്‍ത്തുക എന്നതാണ് ബി.ജെ.പി സര്‍ക്കാരിന്‍റെ നയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. വിശ്വാസ്യതയുള്ള മാധ്യമ സംരംഭകനാണ് രാഘവ് ബാലെന്നും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചതിന് അദ്ദേഹം ഇപ്പോള്‍ വില കൊടുക്കേണ്ടിവരികയാണെന്നും അടുത്ത കാലത്ത് ആം ആദ്മി പാര്‍ട്ടി വിട്ട മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ് പറഞ്ഞു. ഈ റെയ്ഡിന് എന്തെങ്കിലും ന്യായീകരണമുണ്ടെങ്കില്‍ കേന്ദസര്‍ക്കാര്‍ വെളിപ്പെടുത്തണം, അല്ലെങ്കിലിത് വിമര്‍ശിക്കുന്നവരെ ഉന്നം വെച്ചുള്ള നീക്കമാണെന്ന് കരുതേണ്ടിവരുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശേഖര്‍ ഗുപ്ത പറഞ്ഞു.

മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കമാണോ ഇതെന്ന ചോദ്യത്തിന് സര്‍ക്കാര്‍ മാധ്യമ സ്വാതന്ത്ര്യത്തിലും ജനാധിപത്യ മൂല്യങ്ങളിലും വിശ്വസിക്കുന്നു എന്നായിരുന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ മറുപടി. ഏതെങ്കിലും മാധ്യമ സ്ഥാപനം അഴിമതി നടത്തിയാല്‍ അവര്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം വിശദീകരിച്ചു.

എന്‍.ഡി.ടി.വി സ്ഥാപകന്‍ പ്രണോയ് റോയുടെ വസതിയില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പരിശോധനയും രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടയാക്കി. എതിര്‍ശബ്ദങ്ങളെ ആദായ നികുതി വകുപ്പിനെ കൂട്ടുപിടിച്ച് കേന്ദ്രസര്‍ക്കാര്‍ നിശബ്ദമാക്കുകയാണെന്നായിരുന്നു വിമര്‍ശനം.

Tags:    

Similar News